റാമല്ല– വെസ്റ്റ് ബാങ്കിലെ നൂർ ശംസ് അഭയാർത്ഥി ക്യാമ്പിൽ നൂറോളം കുടുംബങ്ങൾ താമസിച്ചിരുന്ന 25 റെസിഡൻഷ്യൽ കെട്ടിടങ്ങൾ ഇസ്രായില്‍ സൈന്യം പൊളിച്ചുനീക്കുന്നു. വടക്കൻ വെസ്റ്റ് ബാങ്കിലെ സായുധ ഗ്രൂപ്പുകളെ അടിച്ചമർത്തുന്നതിന്റെ ഭാഗമായാണ് നടപടിയെന്നാണ് സൈനിക വിശദീകരണം. ബുൾഡോസറുകൾ ഉപയോഗിച്ചാണ് കെട്ടിടങ്ങൾ തകർക്കുന്നത്.
സെൻട്രൽ കമാൻഡ് മേധാവി അവി ബ്ലോട്ടിന്റെ ഉത്തരവിനെത്തുടർന്നാണ് നടപടി. നൂർ ശംസ് പ്രദേശം തീവ്രവാദ പ്രവർത്തനങ്ങളുടെ കേന്ദ്രമായി മാറിയെന്നും സിവിലിയൻ മേഖലകൾ കേന്ദ്രീകരിച്ചാണ് സായുധർ പ്രവർത്തിക്കുന്നതെന്നും ഇസ്രായില്‍ ആരോപിച്ചു. സൈനിക വാഹനങ്ങളുടെ നീക്കം സുഗമമാക്കുന്നതിനായി ക്യാമ്പുകൾക്കുള്ളിലെ ഇടുങ്ങിയ വഴികൾ വീതികൂട്ടാനാണ് ഈ പൊളിച്ചുനീക്കലെന്നും റിപ്പോർട്ടുകളുണ്ട്.
ആശങ്കയോടെ കുടുംബങ്ങൾ പതിറ്റാണ്ടുകളായി തങ്ങൾ താമസിച്ചുവരുന്ന വീടുകൾ തകർക്കപ്പെടുന്നതോടെ എങ്ങോട്ടുപോകണമെന്നറിയാതെ നിൽക്കുകയാണ് ഫലസ്തീൻ കുടുംബങ്ങൾ. തങ്ങൾക്ക് മറ്റ് അഭയസ്ഥാനങ്ങളില്ലെന്ന് ക്യാമ്പ് നിവാസികൾ പറയുന്നു. സൈനിക നടപടിക്ക് മുന്നോടിയായി പലരും തങ്ങളുടെ വീട്ടുസാധനങ്ങൾ ഇതിനോടകം മാറ്റിത്തുടങ്ങിയിട്ടുണ്ട്.
വർധിക്കുന്ന സൈനിക നടപടികൾ ഈ വർഷം ആദ്യം മുതൽ നൂർ ശംസ്, തൂൽക്കറം, ജെനിൻ തുടങ്ങിയ ക്യാമ്പുകൾ കേന്ദ്രീകരിച്ച് ഇസ്രായില്‍ സൈന്യം വലിയ തോതിലുള്ള സൈനിക ഓപ്പറേഷനുകൾ നടത്തിവരികയാണ്. ഈ മേഖലകളിൽ നിന്നും വൻതോതിൽ സ്‌ഫോടകവസ്തുക്കളും ആയുധങ്ങളും കണ്ടെടുക്കുന്നുണ്ടെന്നാണ് സൈന്യം അവകാശപ്പെടുന്നത്. 1967 മുതൽ ഇസ്രായില്‍ അധിനിവേശത്തിലുള്ള വെസ്റ്റ് ബാങ്കിൽ, 1948-ലെ യുദ്ധത്തെത്തുടർന്ന് പലായനം ചെയ്ത ഫലസ്തീനികൾക്കായാണ് ഇത്തരം അഭയാർത്ഥി ക്യാമ്പുകൾ നിർമ്മിക്കപ്പെട്ടത്. തമ്പുകളിൽ തുടങ്ങിയ ക്യാമ്പുകൾ കാലക്രമേണ സ്ഥിരം കെട്ടിടങ്ങളായി മാറുകയായിരുന്നു.



