ജറുസലേം: അമേരിക്ക നൽകിവരുന്ന സൈനിക സാമ്പത്തിക സഹായങ്ങൾ പൂർണ്ണമായും അവസാനിപ്പിക്കാൻ ഇസ്രായിൽ ഒരുങ്ങുന്നു. അടുത്ത പത്ത് വർഷത്തിനുള്ളിൽ അമേരിക്കയെ ആശ്രയിക്കുന്നത് പൂജ്യം ശതമാനത്തിലേക്ക് എത്തിക്കുകയാണ് തന്റെ ലക്ഷ്യമെന്ന് ഇസ്രായിൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വ്യക്തമാക്കി. ഒരു പ്രമുഖ അന്താരാഷ്ട്ര മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. നിലവിൽ പ്രതിവർഷം ഏകദേശം 3.8 ബില്യൺ ഡോളറിന്റെ സൈനിക സഹായമാണ് അമേരിക്ക ഇസ്രായിലിന് നൽകുന്നത്. 2018 മുതൽ 2028 വരെയുള്ള കാലയളവിൽ ആകെ 38 ബില്യൺ ഡോളർ നൽകാനാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള കരാർ. എന്നാൽ, അമേരിക്കയുമായുള്ള സാമ്പത്തിക ബന്ധം പുനഃക്രമീകരിക്കാൻ പറ്റിയ സമയമാണിതെന്നും അടുത്ത കോൺഗ്രസ് വരെ കാത്തിരിക്കാതെ ഇപ്പോഴേ നടപടികൾ തുടങ്ങണമെന്നും നെതന്യാഹു പറഞ്ഞു.
ഇറാനിലെ നിലവിലെ ഭരണകൂടം തകരുകയാണെങ്കിൽ മേഖലയിലെ സായുധ ഗ്രൂപ്പുകളായ ഹിസ്ബുള്ള, ഹമാസ്, ഹൂതികൾ എന്നിവയുടെ അന്ത്യത്തിന് അത് വഴിതെളിക്കുമെന്ന് നെതന്യാഹു അവകാശപ്പെട്ടു. ഇറാന്റെ പിന്തുണയോടെ പ്രവർത്തിക്കുന്ന ഈ ഭീകര ശൃംഖലകളുടെ അടിത്തറ ഇളകാൻ ഇറാനിലെ ഭരണമാറ്റം അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. ഇറാനിലെ സൈനിക നീക്കങ്ങളുടെ സമയക്രമത്തെക്കുറിച്ച് കൂടുതൽ വെളിപ്പെടുത്താൻ അദ്ദേഹം തയ്യാറായില്ലെങ്കിലും, അവിടെയൊരു ഭരണമാറ്റം സാധ്യമാണെന്നും എന്നാൽ അത് ഉറപ്പിച്ചു പറയാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.



