തെൽഅവീവ്– ഡിമോണ, അരാദ് നഗരങ്ങളിൽ ഇന്ന് ഇറാൻ നടത്തിയ ബാലിസ്റ്റിക് മിസൈൽ ആക്രമണങ്ങളിൽ പരിക്കേറ്റവരുടെ എണ്ണം 175 ആയി ഉയർന്നതായി ഇസ്രായിലിലെ യെദിയോത്ത് അഹ്‌റോനോത്ത് പത്രം റിപ്പോർട്ട് ചെയ്തു. ഫെബ്രുവരി 28ന് യുദ്ധം ആരംഭിച്ചതിനുശേഷം ഏറ്റവും കൂടുതൽ പേർക്ക് പരിക്കേറ്റത് ഈ ആക്രമണത്തിലാണെന്ന് ഇസ്രായിൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഡിമോണ, അരാദ് നഗരങ്ങളിലുണ്ടായ മിസൈൽ ആക്രമണങ്ങളിൽ 135 പേർക്കാണ് പരിക്കേറ്റതെന്ന് ഇസ്രായിലിലെ ചാനൽ 12 റിപ്പോർട്ട് ചെയ്തു. പരിക്കേറ്റവരിൽ പലരുടെയും നില ഗുരുതരമാണ്.
ഇസ്രായിലേക്ക് ഇറാനിൽ നിന്ന് മിസൈലുകൾ വിക്ഷേപിച്ചതായി ശ്രദ്ധയിൽ പെട്ടതായും വ്യോമ പ്രതിരോധ സംവിധാനങ്ങൾ ഈ ഭീഷണി തടയുന്നതിൽ പരാജയപ്പെട്ടതായും ഇസ്രായിൽ സൈന്യം പറഞ്ഞു. മിസൈൽ ആക്രമണങ്ങളുണ്ടായ പ്രദേശങ്ങളിലെ മൊബൈൽ ഫോണുകളിലേക്ക് നേരിട്ട് മുൻകരുതൽ നിർദേശങ്ങൾ അയച്ചതായും, ജീവൻ രക്ഷിക്കുന്നതിൽ പ്രധാന പങ്കു വഹിക്കുമെന്നതിനാൽ ഉത്തരവാദിത്തത്തോടെ പ്രവർത്തിക്കാനും നിർദേശങ്ങൾ പാലിക്കാനും പൊതുജനങ്ങളോട് അഭ്യർഥിച്ചതായും ഹോം ഫ്രണ്ട് കമാൻഡ് പറഞ്ഞു.
ഇറാൻ ബാലിസ്റ്റിക് മിസൈൽ ആക്രമണത്തെ തുടർന്ന് തെക്കൻ ഇസ്രായിലി നഗരമായ അരാദിലെ റെസിഡൻഷ്യൽ കെട്ടിടങ്ങൾക്ക് ഉണ്ടായ വ്യാപകമായ നാശനഷ്ടങ്ങൾ രേഖപ്പെടുത്തുന്ന പുതിയ ചിത്രങ്ങൾ പുറത്തുവന്നു. ആക്രമണത്തിന്റെ ഫലമായി ജനവാസ മേഖലയിൽ വ്യാപകമായ നാശം സംഭവിച്ചതായും നിരവധി കെട്ടിടങ്ങൾക്ക് സാരമായ കേടുപാടുകൾ സംഭവിച്ചതായും ചില യൂണിറ്റുകൾ വാസയോഗ്യമല്ലാതായി മാറിയതായും ചിത്രങ്ങൾ കാണിച്ചു.



