തെൽ അവീവ്– ഇറാനുമായി ആരംഭിച്ച വ്യോമാക്രമണങ്ങൾ ഇസ്രായിൽ സമ്പദ്‌വ്യവസ്ഥയെ കനത്ത തകർച്ചയിലേക്ക് തള്ളിവിടുന്നതായി ധനകാര്യ മന്ത്രാലയം. നിലവിലെ സാഹചര്യത്തിൽ ആഴ്ചയിൽ ഏകദേശം 9.4 ബില്യൺ ഷെക്കൽ (2.93 ബില്യൺ ഡോളർ) വരെ നഷ്ടം സംഭവിക്കാമെന്നാണ് ഔദ്യോഗിക കണക്കുകൾ സൂചിപ്പിക്കുന്നത്. ഹോം ഫ്രണ്ട് കമാൻഡ് ഏർപ്പെടുത്തിയിരിക്കുന്ന കർശനമായ ‘റെഡ്’ അലർട്ട് നിയന്ത്രണങ്ങൾ മൂലം തൊഴിൽ മേഖലയും വിദ്യാഭ്യാസ സ്ഥാപനങ്ങളും നിശ്ചലമായതാണ് ഈ വലിയ പ്രതിസന്ധിക്ക് കാരണമായത്.
കഴിഞ്ഞ ശനിയാഴ്ച ഇസ്രായിലും അമേരിക്കയും സംയുക്തമായി ഇറാനിൽ ബോംബാക്രമണം ആരംഭിച്ചതോടെയാണ് മേഖലയിൽ യുദ്ധം രൂക്ഷമായത്. ഇതിനെത്തുടർന്ന് മിഡിൽ ഈസ്റ്റിലുടനീളം പ്രത്യാക്രമണങ്ങൾ ഉണ്ടാവുകയും ഗൾഫ് മേഖലയിൽ നിന്നുള്ള ഊർജ്ജ കയറ്റുമതി തടസ്സപ്പെടുകയും ചെയ്തു. യുദ്ധം ആഴ്ചകളോളം നീണ്ടുനിൽക്കാൻ സാധ്യതയുണ്ടെന്ന് ഉന്നത ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകുന്നു. നിലവിൽ അവശ്യ സേവനങ്ങളൊഴികെ മറ്റെല്ലാ പ്രവർത്തനങ്ങളും ഇസ്രായിലിൽ നിരോധിച്ചിരിക്കുകയാണ്. മിക്ക ജീവനക്കാരും വീട്ടിലിരുന്ന് ജോലി ചെയ്യാൻ നിർബന്ധിതരായിരിക്കുന്നു.
സാമ്പത്തിക ആഘാതം കുറയ്ക്കുന്നതിനായി നിയന്ത്രണങ്ങളിൽ ഇളവ് വരുത്തി ‘ഓറഞ്ച്’ അലർട്ടിലേക്ക് മാറണമെന്ന് ധനകാര്യ മന്ത്രാലയം ഹോം ഫ്രണ്ട് കമാൻഡിനോട് ആവശ്യപ്പെട്ടു. നിയന്ത്രണങ്ങൾ ലഘൂകരിക്കുകയാണെങ്കിൽ പ്രതിവാര നഷ്ടം 4.3 ബില്യൺ ഷെക്കലായി കുറയ്ക്കാൻ സാധിക്കുമെന്ന് മന്ത്രാലയം കരുതുന്നു. ഗാസയിലെ ഹമാസുമായുള്ള യുദ്ധത്തിനിടയിലും 2025-ൽ 3.1 ശതമാനം വളർച്ച രേഖപ്പെടുത്തിയ ഇസ്രായേൽ സമ്പദ്‌വ്യവസ്ഥ, 2026-ൽ 5 ശതമാനത്തിലധികം വളർച്ച കൈവരിക്കുമെന്ന് പ്രതീക്ഷിച്ചിരിക്കെയാണ് പുതിയ യുദ്ധം പൊട്ടിപ്പുറപ്പെട്ടത്.



