തെൽഅവീവ് – ഗാസ മുനമ്പിൽ നിന്ന് ഒരിക്കലും പിൻവാങ്ങില്ലെന്ന് ഇസ്രായിൽ പ്രതിരോധ മന്ത്രി യിസ്രായേൽ കാറ്റ്‌സ് വ്യക്തമാക്കി. 2005 ൽ ഗാസയിൽ നിന്ന് ഇസ്രായിൽ പിൻവാങ്ങിയപ്പോൾ ഒഴിപ്പിച്ച ജൂതകുടിയേറ്റ കോളനികൾക്ക് പകരമായി വടക്കൻ ഗാസയിൽ പുതിയ കാർഷിക സൈനിക ഔട്ട്‌പോസ്റ്റുകൾ സ്ഥാപിക്കുമെന്ന് പ്രതിരോധ മന്ത്രി പറഞ്ഞു. ഞങ്ങൾ അത് ശരിയായ രീതിയിലും ശരിയായ സമയത്തും ചെയ്യും. ചിലർക്ക് എതിർപ്പുണ്ടാകാം. പക്ഷേ ഞങ്ങളാണ് കാര്യങ്ങൾ നിയന്ത്രിക്കുന്നത് – ബെയ്റ്റ് എലിൽ നടന്ന ചടങ്ങിൽ കാറ്റ്‌സ് പറഞ്ഞു.
ഹമാസുമായുള്ള വെടിനിർത്തലിനെ തുടർന്ന് ഗാസക്കായുള്ള ഇസ്രായിലിന്റെ ദീർഘകാല പദ്ധതികളെ കുറിച്ചുള്ള ഊഹാപോഹങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിലാണ് കാറ്റ്‌സിന്റെ പുതിയ പ്രസ്താവന പുറത്തുവന്നത്. വെസ്റ്റ് ബാങ്ക് ഇസ്രായിലിൽ കൂട്ടിച്ചേർക്കാനുള്ള സാധ്യത യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അടുത്തിടെ തള്ളിക്കളഞ്ഞിരുന്നു. ഫലസ്തീൻ പ്രദേശങ്ങളിൽ ജൂതകുടിയേറ്റ കോളനികൾ നിർമിക്കാൻ ഏറ്റവും വലിയ മുൻഗണന നൽകുന്ന സർക്കാരാണിതെന്ന്, ട്രംപിന്റെ പ്രസ്താവനയെ പരാമർശിച്ചു കൊണ്ട് കാറ്റ്‌സ് പറഞ്ഞു.
വെസ്റ്റ് ബാങ്കിൽ ഇസ്രായിലിന്റെ പരമാധികാരം പ്രയോഗിക്കാൻ കഴിയുമെങ്കിൽ ഞങ്ങൾ അത് പ്രയോഗിക്കും. വെസ്റ്റ് ബാങ്കിൽ നമ്മൾ ഇപ്പോൾ യഥാർഥ പരമാധികാരത്തിന്റെ ഘട്ടത്തിലാണ്. 2023 ഒക്ടോബർ ഏഴിലെ ഭയാനകമായ ദുരന്തത്തിനുശേഷം ഇസ്രായിൽ പ്രകടിപ്പിച്ച നിലപാടുകളുടെയും കരുത്തിന്റെയും ഫലമായി വളരെക്കാലമായി നമ്മൾ കാണാത്ത അവസരങ്ങൾ ഇപ്പോൾ നമുക്കുണ്ടെന്നും ഇസ്രായിൽ പ്രതിരോധ മന്ത്രി പറഞ്ഞു. സമീപ വർഷങ്ങളിൽ വെസ്റ്റ് ബാങ്കിൽ നടപ്പാക്കിയ വലിയ തോതിലുള്ള കുടിയേറ്റ കോളനി വിപുലീകരണ പദ്ധതിയെ കുറിച്ച് കാറ്റ്സിന് ശേഷം ധനമന്ത്രി ബെസലേൽ സ്മോട്രിച്ച പ്രസംഗിച്ചു.



