ഒട്ടാവ – ദോഹയില്‍ ഇസ്രായില്‍ നടത്തിയ ആക്രമണത്തെ തുടര്‍ന്ന് ഇസ്രായിലുമായുള്ള ബന്ധം പുനഃപരിശോധിക്കുമെന്ന് കാനഡ അറിയിച്ചു. ഖത്തര്‍ സമാധാനത്തിനായി പ്രവര്‍ത്തിക്കുന്ന സമയത്ത് ഇസ്രായിൽ ഇങ്ങനെയൊരു ആക്രമണം നടത്തിയത് വളരെ മോശമാണെന്ന് കനേഡിയന്‍ വിദേശകാര്യ മന്ത്രി അനിത ആനന്ദ് പത്രസമ്മേളനത്തില്‍ പറഞ്ഞു. അതിനാൽ തന്നെ സെപ്റ്റംബര്‍ അവസാനം യു.എന്‍ ജനറല്‍ അസംബ്ലിയില്‍ വെച്ച് കാനഡ ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കുമെന്നും പ്രതീക്ഷിക്കുന്നു. ഈ നീക്കം ഇസ്രായിലിനെ ശക്തമായി എതിർക്കുന്ന കാനഡയുടെ രാഷ്ട്രീയ മാറ്റത്തെ കാണിക്കുന്നു.
ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കാൻ കാനഡ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് വിദേശ മന്ത്രി വ്യക്തമാക്കി. മിഡില്‍ ഈസ്റ്റിലെ സമാധാനത്തിനാണ് കാനഡ മുന്‍ഗണന നല്‍കുന്നതെന്നും, ഗാസയിലെ മാനുഷിക പ്രതിസന്ധി വേഗത്തില്‍ പരിഹരിക്കണമെന്നും അനിത ആനന്ദ് കൂട്ടിച്ചേര്‍ത്തു. യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റ് ഉര്‍സുല വോണ്‍ ഡെര്‍ ലെയ്ന്‍ തീവ്രവാദികളായ ഇസ്രായിലി മന്ത്രിമാര്‍ക്ക് ഉപരോധം ഏര്‍പ്പെടുത്താനും യൂറോപ്യന്‍ യൂനിയന്‍-ഇസ്രായേല്‍ അസോസിയേഷന്‍ കരാര്‍ ഭാഗികമായി നിര്‍ത്തിവെക്കാനും ഇന്നലെ നിര്‍ദേശിച്ചിരുന്നു.