തെൽഅവീവ്– ഗാസയുടെ നിയന്ത്രണം പിടിച്ചെടുക്കാനുള്ള ഇസ്രായിൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ നിർദേശത്തിന് മന്ത്രിസഭ അംഗീകാരം നൽകിയതായി അധികൃതർ അറിയിച്ചു. ഇത് പ്രകാരം ഇസ്രായിൽ സൈന്യം ഗാസയുടെ നിയന്ത്രണം ഏറ്റെടുക്കാൻ തയാറെടുക്കുകയാണെന്നും യുദ്ധ മേഖലകൾക്ക് പുറത്തുള്ള സാധാരണക്കാർക്ക് മാനുഷിക സഹായം വിതരണം ചെയ്യുന്നുണ്ടെന്നും നെതന്യാഹുവിന്റെ ഓഫീസ് പ്രസ്താവനയിൽ പറഞ്ഞു.
യുദ്ധം അവസാനിപ്പിക്കാനുള്ള അഞ്ച് തത്വങ്ങൾ സുരക്ഷാ മന്ത്രിസഭ ഭൂരിപക്ഷ വോട്ടോടെ അംഗീകരിച്ചു. ഹമാസിന്റെ നിരായുധീകരണം, ജീവിച്ചിരിക്കുന്നവരും മരിച്ചവരുമായ എല്ലാ ബന്ദികളെയും തിരികെ കൊണ്ടുവരിക, ഗാസ മുനമ്പിലെ നിരായുധീകരണം, ഇസ്രായിലി സുരക്ഷാ നിയന്ത്രണം, ഹമാസിനോ ഫലസ്തീൻ അതോറിറ്റിക്കോ കീഴ്പ്പെടാത്ത ഒരു ബദൽ സിവിൽ ഭരണകൂടം സ്ഥാപിക്കുക എന്നീ തത്വങ്ങളാണ് യുദ്ധം അവസാനിപ്പിക്കാൻ സുരക്ഷാ മന്ത്രിസഭ അംഗീകരിച്ചത്. മന്ത്രിസഭയുടെ പരിഗണനക്കായി സമർപ്പിച്ച ബദൽ പദ്ധതി ഹമാസിനെ പരാജയപ്പെടുത്തുകയോ ബന്ദികളെ തിരികെ എത്തിക്കുകയോ ചെയ്യില്ലെന്ന് മന്ത്രിമാരിൽ ബഹുഭൂരിപക്ഷവും വിശ്വസിക്കുന്നതായി പ്രസ്താവന വ്യക്തമാക്കി.
ഗാസയിൽ സൈനിക നടപടി രൂക്ഷമാക്കാനുള്ള ഇസ്രായിൽ മന്ത്രിസഭാ തീരുമാനം ഗാസയിൽ ബന്ദികളാക്കപ്പെട്ടവരുടെ മരണത്തിലേക്ക് നയിച്ചേക്കുമെന്ന് അവരുടെ കുടുംബങ്ങൾ ഭയക്കുന്നു. ചിലർ ജറൂസലമിൽ നടന്ന സുരക്ഷാ മന്ത്രിസഭാ യോഗത്തിന് പുറത്ത് പ്രതിഷേധിച്ചു. മുൻ മുതിർന്ന ഇസ്രായിലി സുരക്ഷാ ഉദ്യോഗസ്ഥരും പദ്ധതിയെ എതിർത്തു. ഇത് കാര്യമായ നേട്ടമില്ലാതെ സൈന്യത്തെ കെണിയിലാക്കുമെന്ന് അവർ മുന്നറിയിപ്പ് നൽകി.
ഇസ്രായിൽ സൈന്യം നിലവിൽ ഗാസയുടെ ഏകദേശം 75 ശതമാനവും കൈവശപ്പെടുത്തിയിട്ടുണ്ട്. ഗാസയിലുടനീളം സൈന്യം ദിവസേന തുടർച്ചയായ ആക്രമണങ്ങൾ നടത്തുന്നു. യുദ്ധം ഗാസ മുനമ്പിലുടനീളം വൻ നാശം വരുത്തിവെച്ചു. ഏകദേശം 24 ലക്ഷം വരുന്ന ഗാസ നിവാസികളെ ഒരിക്കലെങ്കിലും പലായനം ചെയ്യാൻ യുദ്ധം നിർബന്ധിതമാക്കി. ഗാസയിലെ രൂക്ഷമായ പട്ടിണിയെ കുറിച്ച് ഐക്യരാഷ്ട്രസഭയും മനുഷ്യാവകാശ സംഘടനകളും മുന്നറിയിപ്പ് നൽകിയിരുന്നു. 1967 ൽ പിടിച്ചടക്കിയ ഗാസയിൽ നിന്ന് 2005ൽ ഇസ്രായിൽ ഏകപക്ഷീയമായി പിൻവാങ്ങുകയും അവിടെ സ്ഥാപിച്ചിരുന്ന 21 ജൂതകുടിയേറ്റ കോളനികൾ പൊളിച്ചുമാറ്റുകയും ചെയ്തു.
ഗാസ മുനമ്പ് മുഴുവൻ പിടിച്ചടക്കുന്നതിനെ ഇസ്രായിൽ ചീഫ് ഓഫ് സ്റ്റാഫ് ഇയാൽ സാമിർ എതിർത്തതായും അതിനെ കെണിയിലേക്കുള്ള നീക്കമായി വിശേഷിപ്പിച്ചതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. നെതന്യാഹു പങ്കെടുത്ത യോഗത്തിൽ അദ്ദേഹം മറ്റ് വഴികളും അവതരിപ്പിച്ചു. എന്നാൽ, ഗാസ മുനമ്പുമായി ബന്ധപ്പെട്ട ഏത് സർക്കാർ തീരുമാനങ്ങളും നടപ്പാക്കാൻ സൈന്യം ബാധ്യസ്ഥമാണെന്ന് പ്രതിരോധ മന്ത്രി യിസ്രായേൽ കാറ്റ്‌സ് പറഞ്ഞു.