കെയ്‌റോ– സോമാലിയയുടെ വടക്കുപടിഞ്ഞാറൻ മേഖലയായ സോമാലിലാൻഡിൽ ഇസ്രായിൽ അംബാസഡറെ നിയമിച്ച നടപടിയെ അറബ് ലീഗ് ശക്തമായി അപലപിച്ചു. ഇസ്രായിലിന്റെ ഈ നീക്കം അസാധുവാണെന്നും നിയമവിരുദ്ധമാണെന്നും പ്രസ്താവിച്ച അറബ് ലീഗ്, ഇത് സോമാലിയയുടെ പരമാധികാരത്തിനും പ്രാദേശിക ഐക്യത്തിനും മേലുള്ള കടന്നുകയറ്റമാണെന്ന് വ്യക്തമാക്കി. അന്താരാഷ്ട്ര നിയമങ്ങളുടെയും യുഎൻ ചാർട്ടറിന്റെയും നഗ്നമായ ലംഘനമാണ് ഇസ്രായിൽ നടത്തിയിരിക്കുന്നതെന്ന് കെയ്‌റോയിൽ പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു.
സോമാലിയയുടെ പരമാധികാരത്തിന് പുറത്തുള്ള ഒരു മേഖലയുമായും ഔദ്യോഗിക ഇടപാടുകളോ അംഗീകാരമോ പാടില്ലെന്ന മുൻകാല കൗൺസിൽ തീരുമാനങ്ങൾ അറബ് ലീഗ് ആവർത്തിച്ചു. ഇസ്രായിലിന്റെ ഭാഗത്തുനിന്നുണ്ടായ ഈ നീക്കം അറബ് ദേശീയ സുരക്ഷയ്ക്ക് നേരിട്ടുള്ള ഭീഷണിയാണെന്നും ഇവർ മുന്നറിയിപ്പ് നൽകി. ചെങ്കടൽ, ഏദൻ ഉൾക്കടൽ, ഹോൺ ഓഫ് ആഫ്രിക്ക എന്നിവിടങ്ങളിലെ സുരക്ഷയെയും സ്ഥിരതയെയും ഇത് ദോഷകരമായി ബാധിക്കുമെന്നും ഇത് അന്താരാഷ്ട്ര കപ്പൽ ഗതാഗതത്തെയും വ്യാപാരത്തെയും അസ്ഥിരപ്പെടുത്തിയേക്കാമെന്നും അറബ് ലീഗ് ചൂണ്ടിക്കാട്ടി. അന്താരാഷ്ട്ര നിയമങ്ങളോടും മാനദണ്ഡങ്ങളോടുമുള്ള ഇസ്രായിലിന്റെ അവഗണനയാണ് ഈ നീക്കത്തിലൂടെ വെളിവാകുന്നതെന്നും അറബ് ലീഗ് കൂട്ടിച്ചേർത്തു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



