ബെയ്‌റൂത്ത് – തെക്കന്‍ ലെബനോന്‍ നഗരമായ സിഡോണില്‍ ചൊവ്വാഴ്ച രാത്രി ഇസ്രായില്‍ നടത്തിയ വ്യോമാക്രമണത്തില്‍ എട്ട് പേര്‍ കൊല്ലപ്പെട്ടതായി ലെബനോന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. തെക്കന്‍ ലെബനോനിലെ സിഡോണില്‍ ഇസ്രായില്‍ നടത്തിയ ആക്രമണത്തില്‍ എട്ട് പൗരന്മാര്‍ രക്തസാക്ഷികളാകുകയും 22 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. നഗരത്തിന്റെ കടല്‍ത്തീരത്താണ് ആക്രമണമുണ്ടായതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഒരു കഫേക്ക് നാശനഷ്ടങ്ങൾ സംഭവിച്ചത് കാണിക്കുന്ന ചിത്രങ്ങള്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടു. ആക്രമണത്തില്‍ കഫേയില്‍ തീപിടുത്തമുണ്ടായി. ലെബനീസ് സൈന്യം പ്രദേശം വളയുകയും അഗ്‌നിശമന സേനാംഗങ്ങള്‍ തീ അണക്കാന്‍ ശ്രമിക്കുകയും ചെയ്തു. സമീപത്ത് പാര്‍ക്ക് ചെയ്തിരുന്ന കാറുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു.
ഫെബ്രുവരി 28 ന് യു.എസ്-ഇസ്രായില്‍ ആക്രമണത്തിന്റെ ആദ്യ ദിവസം ഇറാന്‍ പരമോന്നത നേതാവ് അലി ഖാംനഇ കൊല്ലപ്പെട്ടതിന് പ്രതികാരമായി ഇറാന്‍ പിന്തുണയുള്ള ഹിസ്ബുല്ല ഇസ്രായിലിനെതിരെ റോക്കറ്റുകള്‍ വിക്ഷേപിച്ചതിനെ തുടര്‍ന്ന് മാര്‍ച്ച് 2 ന് മിഡില്‍ ഈസ്റ്റിലെ യുദ്ധം ലെബനോനിലേക്കും വ്യാപിച്ചു. ലെബനോനില്‍ വലിയ തോതിലുള്ള വ്യോമാക്രമണങ്ങളും തെക്കന്‍ മേഖലയില്‍ കര ആക്രമണവും നടത്തിയാണ് ഇസ്രായില്‍ തിരിച്ചടിച്ചത്. യുദ്ധം ആരംഭിച്ചതിനുശേഷം ലെബനോനില്‍ ഇസ്രായില്‍ നടത്തിയ വ്യോമാക്രമണങ്ങളില്‍ 1,500 ലധികം പേര്‍ കൊല്ലപ്പെട്ടതായി ലെബനോന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു.



