ബെയ്‌റൂത്ത് – തിങ്കളാഴ്ച പുലര്‍ച്ചെ മുതല്‍ ബുധനാഴ്ച വൈകുന്നേരം വരെ തെക്കന്‍ ലെബനനിലെ കിഴക്കന്‍ പ്രദേശമായ ബെക്കാ താഴ്വര, ബെയ്റൂത്തിന്റെ തെക്കന്‍ പ്രാന്തപ്രദേശങ്ങള്‍, മൗണ്ട് ലെബനന്‍ എന്നിവിടങ്ങളില്‍ ഇസ്രായില്‍ നടത്തിയ വ്യോമാക്രമണങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 72 ആയി ഉയര്‍ന്നു. 437 പേര്‍ക്ക് പരിക്കേറ്റു. ബുധനാഴ്ച മാത്രം 20 പേര്‍ കൊല്ലപ്പെടുകയും 283 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായും മാര്‍ച്ച് 2 തിങ്കളാഴ്ച പുലര്‍ച്ചെ മുതല്‍ ആകെ മരണസംഖ്യ 72 ആയി ഉയര്‍ന്നതായും 437 പേര്‍ക്ക് പരിക്കേറ്റതായും ലെബനീസ് ദുരന്ത നിവാരണ മാനേജ്മെന്റ് യൂണിറ്റ് ദൈനംദിന റിപ്പോര്‍ട്ടില്‍ അറിയിച്ചു.
ഷെല്‍ട്ടറുകളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള പലായനം ചെയ്തവരുടെ എണ്ണം 83,847 ആയതായും ഇത് 18,033 കുടുംബങ്ങള്‍ക്ക് തുല്യമാണെന്നും സാമൂഹിക കാര്യ മന്ത്രി ഹനീന്‍ അല്‍സയ്യിദ് ഗവണ്‍മെന്റ് പാലസില്‍ നിന്ന് പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. തുറന്ന ഷെല്‍ട്ടറുകളുടെ എണ്ണം 399 ല്‍ എത്തിയിട്ടുണ്ടെന്നും 42 കേന്ദ്രങ്ങളില്‍ ഇപ്പോഴും ശേഷിയുണ്ടെന്നും അവര്‍ ചൂണ്ടിക്കാട്ടി. രാജ്യത്തെ സുരക്ഷാ സാഹചര്യം കണക്കിലെടുത്ത്, ലെബനീസ് യൂണിവേഴ്‌സിറ്റി ഞായറാഴ്ച വൈകുന്നേരം വരെ ശാഖകളും യൂണിറ്റുകളും അടച്ചിടുന്നത് തുടരുമെന്ന് അറിയിച്ചു.



