ബെയ്‌റൂത്ത് – യു.എസ്-ഇസ്രായില്‍ ആക്രമണത്തില്‍ ഇറാന്‍ പരമോന്നത നേതാവ് അലി ഖാംനഇ കൊല്ലപ്പെട്ടതിനുള്ള പ്രതികാരമായി ഇറാന്‍ പിന്തുണയുള്ള ഹിസ്ബുല്ല ഇസ്രായിലിനെതിരെ റോക്കറ്റുകളും ഡ്രോണുകളും പ്രയോഗിച്ചതിന് തിരിച്ചടിയായി ഇസ്രായില്‍ നടത്തിയ ആക്രമണങ്ങളില്‍ 31 പേര്‍ കൊല്ലപ്പെടുകയും 149 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ലെബനീസ് ആരോഗ്യ മന്ത്രാലയം റിപ്പോര്‍ട്ട് ചെയ്തു. ലെബനനില്‍ ഹിസ്ബുല്ലക്കെതിരായ വ്യോമാക്രമണങ്ങള്‍ ശക്തമാക്കാന്‍ ഉദ്ദേശിക്കുന്നതായി ഇസ്രായില്‍ സൈന്യം അറിയിച്ചു. ആക്രമണങ്ങള്‍ തുടരുമെന്നും തീവ്രത വര്‍ധിക്കുമെന്നും ഇറാനെ പിന്തുണക്കുന്നതിന് ഹിസ്ബുല്ല കനത്ത വില നല്‍കേണ്ടിവരുമെന്നും ടെലിഗ്രാം വഴിയുള്ള സൈനിക പ്രസ്താവനയില്‍ വടക്കന്‍ കമാന്‍ഡ് മേധാവി മേജര്‍ ജനറല്‍ റാഫി മിലോ പറഞ്ഞു. ലെബനനില്‍ ഹിസ്ബുല്ലയുമായി നിരവധി ദിവസത്തെ പോരാട്ടം ഉണ്ടാകുമെന്ന് ഇസ്രായില്‍ ചീഫ് ഓഫ് സ്റ്റാഫ് ജനറല്‍ ഇയാല്‍ സാമിര്‍ പ്രവചിച്ചു. ഹിസ്ബുല്ലക്കെതിരെ ഞങ്ങള്‍ ആക്രമണം ആരംഭിച്ചിട്ടുണ്ട്. ഞങ്ങള്‍ പ്രതിരോധത്തില്‍ മാത്രമല്ല, ആക്രമണത്തിലും ആണ്. നിരവധി ദിവസത്തെ പോരാട്ടത്തിന് നമ്മള്‍ തയ്യാറായിരിണമെന്ന് സൈന്യം പ്രസിദ്ധീകരിച്ച വീഡിയോയില്‍ ഇയാല്‍ സാമിര്‍ കൂട്ടിച്ചേര്‍ത്തു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



