ബെയ്‌റൂത്ത് – ലെബനോനില്‍ വ്യത്യസ്ത സ്ഥലങ്ങളില്‍ ഇസ്രായില്‍ നടത്തിയ വ്യോമാക്രമണങ്ങളില്‍ 14 പേര്‍ കൊല്ലപ്പെടുകയും 38 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. തെക്കന്‍ ലെബനോന്‍ നഗരമായ ടയറിന് സമീപം ഇസ്രായില്‍ നടത്തിയ വ്യോമാക്രമണത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ടയര്‍ ജില്ലയിലെ അല്‍ബസ് ഗ്രാമത്തിലുണ്ടായ വ്യോമാക്രമണത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെടുകയും രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെ ഒമ്പത് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി മന്ത്രാലയം അറിയിച്ചു. ഇതോടെ നഗരത്തിലും പരിസര പ്രദേശങ്ങളിലും ഇസ്രായില്‍ സൈന്യം നടത്തിയ ആക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 12 ആയി.
ടയര്‍ നഗരത്തിലെ അല്‍മസാകിന്‍ ഡിസ്ട്രിക്ടില്‍ നേരത്തെ നടത്തിയ വ്യോമാക്രമണത്തില്‍ ഒമ്പതു പേര്‍ കൊല്ലപ്പെടുകയും 29 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ലെബനോനിലെ നാഷണല്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ആക്രമണത്തില്‍ പ്രദേശത്തെ വ്യാപാര സ്ഥാപനങ്ങള്‍ക്ക് വ്യാപകമായ നാശനഷ്ടങ്ങള്‍ വരുത്തിവെച്ചു. അദ്ഷിത് ഗ്രാമത്തിലെ പൗള്‍ട്രി ഫാം ലക്ഷ്യമിട്ട് ഇസ്രായില്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഫാം ഉടമയായ കര്‍ഷകന്‍ കൊല്ലപ്പെട്ടു. ഹബൂഷ് ഗ്രാമത്തിലെ ഷരീഫ ഡിസ്ട്രിക്ടിലുള്ള തന്റെ വീടിന് മുന്നില്‍ നില്‍ക്കുകയായിരുന്ന 16 വയസുകാരന്‍ ഇസ്രായിലി ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായും ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
ഹിസ്ബുല്ലക്കെതിരായ സൈനിക നടപടി തുടരുമെന്ന് ഇസ്രായില്‍ പ്രതിരോധ മന്ത്രി യിസ്രായേല്‍ കാറ്റ്സ് വ്യക്തമാക്കി.
വടക്കന്‍ ഇസ്രായിലിനെതിരായ ഏതൊരു ആക്രമണത്തിനും മറുപടിയായി ബെയ്റൂത്തിന്റെ തെക്കന്‍ പ്രാന്തപ്രദേശങ്ങള്‍ ആക്രമിക്കുമെന്ന് പ്രതിരോധ മന്ത്രി കൂട്ടിച്ചേര്‍ത്തു. ഇറാന്റെ ഭീഷണികളെ ഞങ്ങള്‍ വ്യക്തമായി നിരാകരിക്കുന്നു. ലെബനോനെ ഇറാനുമായി ബന്ധിപ്പിക്കാനും ഇസ്രായിലിനെ ആക്രമിക്കാനുമുള്ള ഏതൊരു ഇറാന്‍ ശ്രമത്തെയും ഇന്നലെ സംഭവിച്ചതുപോലെ അതിശക്തമായി നേരിടും എന്ന് കാറ്റ്സ് കൂട്ടിച്ചേര്‍ത്തു. ലെബനോനിലെ യുദ്ധം അവസാനിപ്പിക്കുന്നത് അമേരിക്കയുമായി എത്തിച്ചേരാന്‍ ശ്രമിക്കുന്ന ഏതൊരു കരാറിന്റെയും ഭാഗമാണെന്ന് ഇറാന്‍ വാദിക്കുന്നു.
അതേസമയം ഇസ്രായില്‍ രണ്ട് വിഷയങ്ങളും വേര്‍തിരിക്കാന്‍ ആഗ്രഹിക്കുന്നു. ബെയ്റൂത്തിന്റെ തെക്കന്‍ പ്രാന്തപ്രദേശങ്ങളില്‍ രണ്ട് ദിവസം മുമ്പ് ഇസ്രായില്‍ വ്യോമാക്രമണം നടത്തിയിരുന്നു. ഈ ആക്രമണത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടതായി ലെബനോന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ലെബനോനില്‍ നിന്ന് തൊടുത്തുവിട്ട രണ്ട് പ്രൊജക്ടൈലുകള്‍ തടഞ്ഞതായി ഇസ്രായില്‍ സൈന്യം പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ, തങ്ങളുടെ പ്രദേശത്ത് ഹിസ്ബുല്ല നടത്തിയ ആക്രമണത്തിനുള്ള മറുപടിയായാണ് ബെയ്‌റൂത്ത് ആക്രമണമെന്ന് ഇസ്രായില്‍ സൈന്യം പറഞ്ഞു. കഴിഞ്ഞയാഴ്ച വാഷിംഗ്ടണില്‍ ഇരു സര്‍ക്കാരുകളുടെയും പ്രതിനിധികള്‍ നടത്തിയ ചര്‍ച്ചകളെ തുടര്‍ന്ന് ഇസ്രായിലും ലെബനോനും തമ്മില്‍ പുതിയ വെടിനിര്‍ത്തല്‍ കരാര്‍ പ്രഖ്യാപിച്ചതിനുശേഷം ബെയ്‌റൂത്തിന്റെ പ്രാന്തപ്രദേശങ്ങളില്‍ നടക്കുന്ന ആദ്യ ആക്രമണമാണിത്. ഏപ്രില്‍ 17 മുതല്‍ ലെബനോനും ഇസ്രായിലും തമ്മിലുള്ള വെടിനിര്‍ത്തല്‍ അമേരിക്ക ആദ്യം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇത് ആക്രമണങ്ങള്‍ക്ക് അറുതിയുണ്ടാക്കിയില്ല. വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചതായി ഹിസ്ബുല്ലയും ഇസ്രായിലും ദിവസവും പരസ്പരം ആരോപിക്കുന്നത് തുടരുന്നു.



