ബെയ്‌റൂത്ത് – ദക്ഷിണ ലെബനോനില്‍ ഇസ്രായില്‍ നടത്തിയ വ്യോമാക്രമണത്തില്‍ 12 സുരക്ഷാ സൈനികര്‍ കൊല്ലപ്പെട്ടു. തെക്കന്‍ ലെബനോനിലെ നബതിയയിലെ സര്‍ക്കാര്‍ ആസ്ഥാനത്തിന് സമീപം ഇസ്രായില്‍ നടത്തിയ വ്യോമാക്രമണത്തിലാണ് 12 സ്റ്റേറ്റ് സെക്യൂരിറ്റി ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടത്. എട്ട് സ്റ്റേറ്റ് സെക്യൂരിറ്റി ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടതായും വ്യോമാക്രമണത്തില്‍ സ്റ്റേറ്റ് സെക്യൂരിറ്റി ഓഫീസ് അടക്കം കെട്ടിടങ്ങള്‍ തകര്‍ന്നതായും ഇന്ന് രാവിലെ ഔദ്യോഗിക ദേശീയ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തിരുന്നു. പിന്നീട് നാലു പേരുടെ കൂടി മരണം സ്ഥിരീകരിച്ചു. നബതിയയിലെ സര്‍ക്കാര്‍ ആസ്ഥാനത്തിന് വ്യാപകമായ നാശനഷ്ടങ്ങള്‍ നേരിട്ടു. ലെബനോനെതിരായ ആക്രമണങ്ങള്‍ ഇസ്രായില്‍ മന്ദഗതിയിലാക്കിയതായി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അവകാശപ്പെട്ടതിന് ശേഷം, തെക്കന്‍ ലെബനോനിലെ ഖാസ്മിയ സമതലം ലക്ഷ്യമിട്ട് ഇസ്രായില്‍ വ്യോമാക്രമണം നടത്തി. കിഴക്കന്‍ ലെബനോനിലെ ബാല്‍ബെക്കിലെ ദൗര്‍സില്‍ മറ്റൊരു ആക്രമണവും ഇസ്രായില്‍ നടത്തി.
മാര്‍ച്ച് 2 ന് ഹിസ്ബുല്ലക്കെതിരെ ഇസ്രായില്‍ യുദ്ധം ആരംഭിച്ചതിനുശേഷം ലെബനോനിലെ 4,300 ലധികം ഹിസ്ബുല്ല കേന്ദ്രങ്ങള്‍ പൊളിച്ചുമാറ്റിയതായി ഇസ്രായില്‍ സൈന്യം ഇന്ന് അറിയിച്ചു. 1,400 ലധികം ഹിസ്ബുല്ല പ്രവര്‍ത്തകരെ ഇല്ലാതാക്കിയതായും 4,300 ലധികം അടിസ്ഥാനസൗകര്യ കേന്ദ്രങ്ങള്‍ പൊളിച്ചുമാറ്റിയതായും ഇസ്രായില്‍ സൈന്യം പ്രസ്താവനയില്‍ പറഞ്ഞു. മാര്‍ച്ച് രണ്ടു മുതല്‍ ഇസ്രായിലി വ്യോമാക്രമണങ്ങളില്‍ 163 കുട്ടികള്‍ ഉള്‍പ്പെടെ രാജ്യത്ത് കുറഞ്ഞത് 1,888 പേര്‍ കൊല്ലപ്പെട്ടതായി ലെബനീസ് ആരോഗ്യ മന്ത്രാലയം റിപ്പോര്‍ട്ട് ചെയ്തു.



