ബെയ്‌റൂത്ത് – കിഴക്കന്‍ ലെബനോനില്‍ ഇന്നലെ രാത്രിയിലും ഇന്ന് രാവിലെയും ഇസ്രായില്‍ നടത്തിയ വ്യോമാക്രമണങ്ങളില്‍ 12 പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. തീരദേശ നഗരമായ ടയര്‍, നബതിയ എന്നിവയുള്‍പ്പെടെ തെക്കന്‍, കിഴക്കന്‍ ലെബനോനിലെ നിരവധി പ്രദേശങ്ങളില്‍ ഇസ്രായില്‍ ഇന്നലെ വ്യോമാക്രമണം ശക്തമാക്കി. വെടിനിര്‍ത്തല്‍ കരാര്‍ നിലവിലുണ്ടെങ്കിലും ഹിസ്ബുല്ലയെ തകര്‍ക്കുക എന്ന ലക്ഷ്യത്തോടെ ഇസ്രായില്‍ ലെബനോനില്‍ സൈനിക പ്രവര്‍ത്തനങ്ങള്‍ തീവ്രമാക്കുമെന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അറിയിച്ചു. മിഡില്‍ ഈസ്റ്റിലെ യുദ്ധം അവസാനിപ്പിക്കാനായി അമേരിക്കയും ഇറാനും ധാരണയിലെത്താന്‍ ശ്രമിക്കുന്നതിനിടെയാണ് ലെബനോനില്‍ ഇസ്രായില്‍ ആക്രമണങ്ങള്‍ തുടരുന്നത്. ലെബനോന്‍ അടക്കം എല്ലാ മേഖലകളെയും കരാര്‍ ഉള്‍ക്കൊള്ളണമെന്ന് ഇറാന്‍ പറയുന്നു.
ഏപ്രില്‍ 17 മുതല്‍ ഇസ്രായിലും ഹിസ്ബുല്ലയും തമ്മില്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നിട്ടുണ്ടെങ്കിലും, ഇസ്രായില്‍ ആക്രമണങ്ങള്‍ തുടരുകയാണ്. ഹിസ്ബുല്ലയെയും അതിന്റെ സൗകര്യങ്ങളെയും ലക്ഷ്യമിട്ടാണ് ആക്രമണങ്ങള്‍ നടത്തുന്നതെന്ന് ഇസ്രായില്‍ അവകാശപ്പെടുന്നു. അതേസമയം ഇസ്രായില്‍ സൈന്യം ലെബനീസ് ഗ്രാമങ്ങള്‍ കൈവശപ്പെടുത്തുകയും തെക്കന്‍ ലെബനോനിലെ വീടുകളും കെട്ടിടങ്ങളും തകര്‍ക്കുകയും പൊളിക്കുകയും ചെയ്യുന്നുണ്ട്.
തെക്കന്‍ ലെബനോനിലും വടക്കന്‍ ഇസ്രായിലിലും ഇസ്രായില്‍ സേനക്കെതിരെ ഹിസ്ബുല്ല ആക്രമണം നടത്തുകയാണ്. തിങ്കളാഴ്ച, ഹിസ്ബുല്ലയുടേതാണെന്ന് അവകാശപ്പെടുന്ന 70 ലധികം അടിസ്ഥാന സൗകര്യ കേന്ദ്രങ്ങളില്‍ ബോംബോക്രമണം നടത്തിയതായും ലെബനോനിലെ വിവിധ പ്രദേശങ്ങളില്‍ 85 ലധികം വ്യോമാക്രമണങ്ങള്‍ നടത്തിയതായും ഇസ്രായില്‍ സൈന്യം അറിയിച്ചു. ഹിസ്ബുല്ലയുടെതാണെന്ന് അവകാശപ്പെടുന്ന, ടയര്‍ പ്രദേശത്തെ 10 ആസ്ഥാനങ്ങളും ആയുധ ഡിപ്പോകളും ലക്ഷ്യമിട്ട് ആക്രണങ്ങള്‍ നടത്തിയതായി ഇസ്രായില്‍ സൈന്യം സ്ഥിരീകരിച്ചു. തെക്കന്‍ ലെബനോനില്‍ ഇസ്രായില്‍ സേന പ്രവര്‍ത്തിക്കുന്ന പ്രദേശത്ത് മോട്ടോര്‍ സൈക്കിളുകളില്‍ സഞ്ചരിക്കുകയായിരുന്ന ഹിസ്ബുല്ല പ്രവര്‍ത്തകരെ ഇസ്രായില്‍ വ്യോമസേന കൊലപ്പെടുത്തിയതായും റിപ്പോര്‍ട്ടുണ്ട്.



