തെൽ അവിവ്: ഗാസയിൽ ഇസ്രായിൽ സൈന്യം കഴിഞ്ഞ ദിവസം ആരംഭിച്ച കരയാക്രമണത്തിന്റെ ലക്ഷ്യം ഫലസ്തീൻ പ്രദേശം മുഴുവനായും നിയന്ത്രണത്തിലാക്കുകയാണെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഗാസയിലേക്ക് പരിമിതമായ അളവിൽ സഹായം കടത്തിവിടാനുള്ള തീരുമാനം ശരിയാണെന്നും അങ്ങനെ ചെയ്തില്ലെങ്കിൽ തങ്ങളെ ഉപാധികളില്ലാതെ പിന്തുണക്കുന്ന യു.എസ് സെനറ്റർമാർ അടക്കമുള്ള അടുത്ത സുഹൃത്തുക്കളെ നഷ്ടമാകുമെന്നും നെതന്യാഹു വിഡിയോ സന്ദേശത്തിൽ പറഞ്ഞു.
‘രണ്ടര മാസത്തോളം നമ്മൾ ഗാസയിലേക്ക് മാനുഷിക സഹായങ്ങൾ എത്താൻ അനുവദിച്ചില്ല. ഇത് ഹമാസിനു മേൽ വൻ സമ്മർദം ഉണ്ടാക്കി. പക്ഷേ, ആ സമ്മർദം നമുക്ക് എതിരായി തിരിയാതെ നോക്കുകയും വേണം.’
‘ഗാസ കീഴടക്കാനുള്ള പൂർണ സന്നദ്ധതയുമായി ഇസ്രായിൽ സൈന്യം മുന്നോട്ടു പോവുകയും സിവിലിയന്മാരെ ഭക്ഷണം ഉള്ള സ്ഥലങ്ങളിലേക്ക് നീക്കുകയും ചെയ്യുമ്പോൾ, നമ്മൾ അവരെ പട്ടിണിക്കിടുകയാണെന്ന വാദങ്ങൾ നിഷേധിക്കണമെന്ന് ലോകമെങ്ങുമുള്ള നമ്മുടെ സുഹൃത്തുക്കൾ നമ്മോട് ആവശ്യപ്പെടുന്നു. നാം അത് ചെയ്യേണ്ടതുണ്ട്. അതില്ലാതെ നമുക്ക് പോരാടാനും ജയിക്കാനും സാധ്യമല്ല. അത് സമ്മർദത്തിനു മുന്നിൽ കീഴടങ്ങലല്ല; പകരം, ഹമാസിനെ തകർക്കുക എന്ന പ്രധാന ലക്ഷ്യത്തിൽ ശ്രദ്ധയൂന്നലാണ്.’ – നെതന്യാഹു പറഞ്ഞു.
മാർച്ച് മുതൽ പുറത്തുനിന്നുള്ള സഹായം എത്താത്ത ഗാസയിലെ ജനങ്ങൾ പട്ടിണി മരണത്തിന്റെ വക്കിലാണെന്ന് ഐക്യരാഷ്ട്ര സഭാ സംഘടനകൾ വ്യക്തമാക്കിയിരുന്നു. ഉപാധികളില്ലാത്ത സഹായം എത്തിക്കണമെന്ന് വിവിധ ലോകരാഷ്ട്രങ്ങൾ ഇസ്രായിലിനോട് ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ, യു.എൻ ദുരിതാശ്വാസ സംഘടനകളെ ഒഴിവാക്കി സഹായം വിതരണം ചെയ്യാനാണ് അമേരിക്കയും ഇസ്രായിലും തമ്മിൽ ധാരണയായത്. ഇതിന്റെ ഭാഗമായി ആദ്യ ട്രക്കുകൾ ഗാസയിൽ പ്രവേശിച്ചുവെന്ന് ഇസ്രായിൽ അവകാശപ്പെട്ടെങ്കിലും സഹായം വിതരണം ചെയ്യപ്പെട്ടുവെന്ന റിപ്പോർട്ടുകളില്ല. ഗാസയിലേക്ക് മാനുഷിക സഹായം എത്തിക്കുന്നതിനെതിരെ ഇസ്രായിൽ ധനകാര്യമന്ത്രി ബെസലേൽ സ്‌മോത്രിച്ച് അടക്കമുള്ളവർ രംഗത്തുവന്നിരുന്നു.