തെല്‍അവീവ് – ഇറാനിലെ ആണവായുധ പദ്ധതിയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളും സൈനിക നിർമ്മാണ യൂണിറ്റുകളും ലക്ഷ്യമിട്ട് വിപുലമായ വ്യോമാക്രമണം നടത്തിയതായി ഇസ്രായിൽ സൈന്യം അറിയിച്ചു. ഇന്റലിജൻസ് മാർഗനിർദേശ പ്രകാരം ഒരേസമയം മൂന്ന് മേഖലകളിലായി നടത്തിയ ഈ ആക്രമണത്തിൽ അമ്പതിലേറെ യുദ്ധവിമാനങ്ങൾ പങ്കെടുത്തതായി സൈനിക വക്താവ് അവിചായ് അഡ്രഇ വ്യക്തമാക്കി. ആണവായുധ നിർമ്മാണത്തിന് ആവശ്യമായ പ്ലൂട്ടോണിയം ഉൽപ്പാദിപ്പിക്കുന്ന അരാക്കിലെ ഹെവി വാട്ടർ പ്ലാന്റും, യുറേനിയം സമ്പുഷ്ടീകരണ പ്രക്രിയയുമായി ബന്ധപ്പെട്ട സ്ഫോടകവസ്തുക്കൾ നിർമ്മിക്കുന്ന യസ്ദിലെ കേന്ദ്രവുമാണ് പ്രധാനമായും ലക്ഷ്യം വെച്ചത്. മണിക്കൂറുകളോളം നീണ്ടുനിന്ന ഈ ഓപ്പറേഷനിലൂടെ ഇറാന്റെ ആണവ പദ്ധതിയിലെ പ്രധാന സ്ഥാപനങ്ങളെയും ആയുധ നിർമ്മാണ കേന്ദ്രങ്ങളെയും തകർക്കാൻ സാധിച്ചുവെന്ന് ഇസ്രായിൽ അവകാശപ്പെട്ടു.
നൂതന സ്ഫോടകവസ്തുക്കളുടെ വികസനത്തിന് ഉപയോഗിക്കുന്ന ഇറാന്റെ പ്രതിരോധ മന്ത്രാലയത്തിന്റെ കേന്ദ്രം, ബാലിസ്റ്റിക് – വിമാനവിരുദ്ധ മിസൈലുകളുടെ ഘടകങ്ങൾ നിർമ്മിക്കുന്ന കേന്ദ്രം എന്നിവയ്ക്കും ആക്രമണത്തിൽ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. ഇറാന്റെ സൈനിക ഉൽപ്പാദന ശേഷിക്കും ബാലിസ്റ്റിക് മിസൈൽ പദ്ധതിക്കും ഈ നീക്കം വലിയ പ്രഹരമാണെന്നും ഇസ്രായിൽ വക്താവ് പറഞ്ഞു. അതേസമയം, മധ്യ ഇറാനിലെ അർദകാൻ യുറേനിയം സംസ്കരണ പ്ലാന്റിന് നേരെ അമേരിക്കയും ഇസ്രായിലും ചേർന്ന് ആക്രമണം നടത്തിയതായി ഇറാന്റെ ആറ്റോമിക് എനർജി ഓർഗനൈസേഷൻ റിപ്പോർട്ട് ചെയ്തു. ഖന്ദബ് ഹെവി വാട്ടർ കോംപ്ലക്സിന് നേരെയും രണ്ട് തവണ ആക്രമണം ഉണ്ടായതായി റെവല്യൂഷണറി ഗാർഡുമായി ബന്ധപ്പെട്ട വാർത്താ ഏജൻസികൾ സ്ഥിരീകരിച്ചു.
ഇസ്രായിലിന്റെ ഈ നടപടിക്കെതിരെ കടുത്ത തിരിച്ചടി നൽകുമെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഖ്ജി മുന്നറിയിപ്പ് നൽകി. സ്റ്റീൽ പ്ലാന്റുകൾ, വൈദ്യുതി നിലയങ്ങൾ, സിവിലിയൻ ആണവ കേന്ദ്രങ്ങൾ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളെ ലക്ഷ്യം വെച്ചുള്ള ആക്രമണം അംഗീകരിക്കാനാവില്ലെന്നും ഇതിന് ഇസ്രായിൽ കനത്ത വില നൽകേണ്ടി വരുമെന്നും അദ്ദേഹം വ്യക്തമാക്കി. അമേരിക്ക മുന്നോട്ടുവെച്ച നയതന്ത്ര പരിഹാരത്തിനുള്ള സമയപരിധിക്ക് വിരുദ്ധമാണ് ഈ ആക്രമണമെന്നും ഇറാൻ വിദേശകാര്യ മന്ത്രി എക്സിൽ കുറിച്ചു.



