തെല്‍അവീവ് – സിറിയയുമായും ലെബനോനുമായും ഔപചാരിക നയതന്ത്ര ബന്ധം സ്ഥാപിക്കാന്‍ ഇസ്രായില്‍ താല്‍പ്പര്യപ്പെടുന്നതായി ഇസ്രായില്‍ വിദേശ മന്ത്രി ഗിഡിയന്‍ സാഅര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. എന്നാല്‍ ഒരു സമാധാന കരാറിലും ഗോലാന്‍ കുന്നുകളുടെ ഭാവി ചര്‍ച്ച ചെയ്യില്ലെന്നും ഇസ്രായില്‍ വിദേശ മന്ത്രി പറഞ്ഞു.
ഇസ്രായിലും ഇറാനും തമ്മിലുള്ള യുദ്ധം മിഡില്‍ ഈസ്റ്റിനായി ഒരു പുതിയ പാത തുറന്ന പശ്ചാത്തലത്തില്‍ ലെബനോനും സിറിയയും ഇസ്രായിലുമായി സമാധാന കരാറുകളില്‍ എത്തിച്ചേരേണ്ടതുണ്ടെന്ന് സിറിയയിലേക്കുള്ള അമേരിക്കയുടെ പ്രത്യേക ദൂതന്‍ തോമസ് ബരാക് ഇന്നലെ പറഞ്ഞു. താന്‍ ഇസ്രായിലിനെ വെറുക്കുന്നില്ലെന്നും സിറിയ-ഇസ്രായില്‍ അതിര്‍ത്തിയില്‍ സമാധാനം ആഗ്രഹിക്കുന്നതായും സിറിയന്‍ പ്രസിഡന്റ് അഹ്മദ് അല്‍ശറഅ് സൂചിപ്പിച്ചു. ലെബനോനുമായും ഇതേപോലെ സമാധാനം നിലവില്‍വരുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഇസ്രായിലുമായുള്ള സമാധാന കരാര്‍ അത്യാവശ്യമാണ് – തുര്‍ക്കി അനഡോലു ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തില്‍ തോമസ് ബരാക് പറഞ്ഞു.
ദക്ഷിണ ലെബനോനില്‍ ഇസ്രായില്‍ ആക്രമണങ്ങള്‍ തുടരുകയാണ്. ഇസ്രായിലിനെതിരെ പ്രതികാരം ചെയ്യുമെന്ന് ഭീഷണി മുഴക്കി ഹിസ്ബുല്ല നേതാക്കള്‍ പ്രസ്താവനകള്‍ നടത്തുന്നുണ്ട്. വെടിനിര്‍ത്തല്‍ കരാര്‍ നടപ്പാക്കുന്നതിനും ലെബനോനിലെ അഞ്ച് പോയിന്റുകളില്‍ നിന്ന് ഇസ്രായില്‍ സൈന്യം പിന്‍വാങ്ങുന്നതിനും മുമ്പ് ആയുധ നിയന്ത്രണത്തെ കുറിച്ച സംഭാഷണത്തില്‍ ഏര്‍പ്പെടാന്‍ ഹിസ്ബുല്ല വിസമ്മതിക്കുകയും ചെയ്യുന്നു. ഇന്നലെ ബിന്റ് ജബീല്‍ ജില്ലയിലെ ഐത അല്‍ശഅബ്, റാമിയ ഗ്രാമങ്ങളിലെ രണ്ട് വീടുകള്‍ക്ക് നേരെ ഇസ്രായിലി ഡ്രോണുകള്‍ വ്യോമാക്രമണം നടത്തി. ആക്രമണത്തില്‍ ഇരു വീടുകള്‍ക്കും കാര്യമായ നാശനഷ്ടങ്ങള്‍ സംഭവിച്ചു.