ജറൂസലം: ലെബനോനിലെ ഹിസ്ബുല്ലയെ ലക്ഷ്യമിട്ട് ഇസ്രായിൽ കഴിഞ്ഞ രണ്ട് മാസത്തിനിടെ നടത്തിയ രൂക്ഷമായ ആക്രമണങ്ങളിലും പ്രത്യാക്രമണങ്ങളിലുമായി ഇരു വിഭാഗത്തിനും നേരിട്ട നഷ്ടങ്ങളുടെ അനൗദ്യോഗിക കണക്കുകൾ ഇസ്രായിലി പത്രമായ ജറൂസലം പോസ്റ്റ് പ്രസിദ്ധീകരിച്ചു. സൈനികരും, പോരാളികളും, ഈ പോരിൽ ഒരു പങ്കുമില്ലാത്ത സാധാരണ ജനങ്ങളുമുൾപ്പെടെയുള്ളവരുടെ ഏകദേശ മരണ കണക്കുകളാണിവ.
ഇസ്രായിലിനെതിരെ ചെറുത്തു നിൽക്കുന്ന ഹിസ്ബുല്ലയുടെ 2500 മുതൽ 3000 വരെ പോരാളികളാണ് കൊല്ലപ്പെട്ടതെന്ന് ഈ റിപോട്ട് പറയുന്നു. ഹിസ്ബുല്ലയുടെ ആക്രമണങ്ങളിൽ 75 ഇസ്രായിൽ സൈനികരും കൊല്ലപ്പെട്ടു. ഹിസ്ബുല്ലയുടെ പ്രധാന നേതാക്കളിൽ ഭൂരിപക്ഷത്തിനേയും ഇസ്രായിൽ വകവരുത്തി. ഇസ്രായിൽ ആക്രമണങ്ങളിൽ ലെബനോനിൽ കൊല്ലപ്പെട്ടത് 700 – 1200 സാധാരണക്കാരാണ്. ഇസ്രായിലിൽ കൊല്ലപ്പെട്ട സാധാരണക്കാർ 45 പേരും. ഇസ്രായിലിലേക്ക് ഹിസ്ബുല്ല തൊടുത്തുവിട്ടത് 15,000 മിസൈലുകളും 2,500 ഡ്രോണുകളുമാണ്. ഈ പോരാട്ടത്തിലൂടെ ഹിസ്ബുല്ലയുടെ പക്കലുള്ള ഒന്നര ലക്ഷം വരുന്ന മിസൈൽ ശേഖരത്തിൽ നിന്നും 30,000ലേറെ എണ്ണം കുറഞ്ഞു. അതേസമയം, ഹമാസിനേക്കാൾ ഇരട്ടി മിസൈൽ ശേഖരം ഇപ്പോഴും ഹിസ്ബുല്ലയ്ക്കുണ്ട്.
ലെബനോനിൽ ഏകദേശം 14,000 ആക്രമണങ്ങളാണ് ഇസ്രായില്‍ നടത്തിയത്. കഴിഞ്ഞ സെപ്റ്റംബര്‍ 20 മുതല്‍ നവംബര്‍ 26 വരെയുള്ളയുള്ള കാലയളവിൽ ലെബനോൻ തലസ്ഥാനമായ ബെയ്‌റൂത്തില്‍ മാത്രം 330 വ്യോമാക്രമണങ്ങള്‍ ഇസ്രായില്‍ നടത്തി. രണ്ട് മാസത്തിനിടെ 60,000 ലേറെ ഇസ്രായേലികളും 12 ലക്ഷത്തിനും 16 ലക്ഷത്തിനും ഇടയില്‍ ലെബനോനികളും പലായനം ചെയ്യാന്‍ നിര്‍ബന്ധിതരായി. ഇസ്രായില്‍ ആക്രമണങ്ങള്‍ കാരണം കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ തെക്കൻ ലെബനോനില്‍ നിന്ന് ലക്ഷക്കണക്കിനാളുകള്‍ പലായനം ചെയ്തു.
രണ്ടു മാസത്തിനിടെ ഇസ്രായിലി ജനതയിൽ മൂന്നിലൊന്ന് പേരെയും ഏതെങ്കിലും വിധത്തില്‍ ഹിസ്ബുല്ലയുടെ ആക്രമണം ബാധിച്ചിട്ടുണ്ട്. ഹിസ്ബുല്ലയുടെ മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങളില്‍ 2,874 സിവിലിയന്‍ കെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചതായും ജറൂസലം പോസ്റ്റ് റിപ്പോര്‍ട്ട് പറയുന്നു.
ഈ വിവരങ്ങളിൽ ഇസ്രായിലി സൈന്യത്തിൽ നിന്നുള്ള പുതിയ വിവരങ്ങൾ ഉൾപ്പെടില്ല. ഹിസ്ബുല്ലയ്ക്കും ഇസ്രായിലിനും നേരിട്ട നഷ്ടങ്ങളുടെ സമഗ്ര കണക്കല്ല ഇതെങ്കിലും ഇരു ഭാഗത്തുമുണ്ടായ നഷ്ടങ്ങളുടെ ഏകദേശ ചിത്രം ഇത് നല്‍കുന്നുവെന്നും റിപോർട്ട് പറയുന്നു.