ഗാസ – ഇസ്രായിൽ-ഹമാസ് സമാധാന കരാര്‍ ഒപ്പിട്ടതിനു പിന്നാലെ, 30 മൃതദേഹങ്ങള്‍ കൂടി ഗാസയിലേക്ക് കൈമാറി ഇസ്രായില്‍. അങ്ങനെ ഇസ്രായിൽ ഇതുവരെ കൈമാറിയ മൃതദേഹങ്ങള്‍ 120 എണ്ണമായി.
ഇസ്രായില്‍ ഗാസയിലേക്ക് തിരിച്ചയച്ച 90 ഫലസ്തീനികളുടെ മൃതദേഹങ്ങളില്‍ പലതിലും കണ്ണുകെട്ടിയതും കൈകള്‍ വിലങ്ങിട്ടതും തലയില്‍ വെടിയേറ്റതും ഉള്‍പ്പെടെയുള്ള പീഡനത്തിന്റെയും വധശിക്ഷയുടെയും ലക്ഷണങ്ങള്‍ ഉണ്ടായിരുന്നതായി റെഡ് ക്രോസ് കമ്മിറ്റിയില്‍ നിന്ന് മൃതദേഹങ്ങള്‍ സ്വീകരിച്ച തെക്കന്‍ ഗാസ മുനമ്പിലെ ഖാന്‍ യൂനിസിലെ നാസര്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ പറഞ്ഞു.
ലസ്തീനികളെ ക്രൂരമായി മര്‍ദിക്കുകയും തല്‍ക്ഷണം വധിക്കുകയും ചെയ്തതിന് ധാരാളം തെളിവുകളുണ്ടെന്നും മൃതദേഹങ്ങളൊന്നും തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ലെന്നും ഡോക്ടര്‍മാര്‍ ഗാര്‍ഡിയനോട് പറഞ്ഞു. അവരുടെ കണ്ണുകള്‍ കെട്ടിയിട്ട് ബന്ധിച്ച നിലയിലായിരുന്നു. അവരുടെ കണ്ണുകള്‍ക്കിടയില്‍ വെടിയേറ്റ മുറിവുകളുണ്ടായിരുന്നു. മിക്കവാറും എല്ലാവരും വധിക്കപ്പെടുകയായിരുന്നു – നാസര്‍ ആശുപത്രിയിലെ പീഡിയാട്രിക് വിഭാഗം മേധാവി ഡോ. അഹ്മദ് അല്‍ഫറാ പറഞ്ഞു. കൊല്ലപ്പെടുന്നതിന് മുമ്പ് അവരെ ക്രൂരമായി മര്‍ദിച്ചിരുന്നുവെന്ന് സൂചിപ്പിക്കുന്ന പാടുകളും ചര്‍മത്തിന്റെ നിറം മങ്ങിയ പാടുകളും ഉണ്ടായിരുന്നു. കൊല്ലപ്പെട്ടതിനുശേഷം മൃതദേഹങ്ങളില്‍ പരിക്കേല്‍പിച്ചതിന്റെ അടയാളങ്ങളും ഉണ്ടായിരുന്നു. മൃതദേഹങ്ങള്‍ തിരിച്ചറിയാതെയാണ് ഇസ്രായില്‍ അധികൃതര്‍ കൈമാറിയത്. രണ്ട് വര്‍ഷത്തെ യുദ്ധത്തില്‍ കനത്ത ബോംബാക്രമണത്തിന് വിധേയമായ ഗാസ ആശുപത്രികളില്‍ ഡി.എന്‍.എ പരിശോധന നടത്താന്‍ സൗകര്യമില്ല. ഈ മൃതദേഹങ്ങള്‍ ആരുടെതാണെന്ന് അവര്‍ക്കറിയാം. പക്ഷേ, ഇരകളുടെ കുടുംബങ്ങളുടെ ദുരിതങ്ങള്‍ വര്‍ധിപ്പിക്കാനാണ് അവര്‍ ആഗ്രഹിക്കുന്നതെന്നും ഡോ. അഹ്മദ് അല്‍ഫറാ പറഞ്ഞു.
ഇസ്രായിലിലെ മോര്‍ച്ചറികളിലെ റെഫ്രിജറേറ്ററുകളില്‍ സൂക്ഷിച്ചിരുന്ന മൃതദേഹങ്ങള്‍ പേരുകളൊന്നുമില്ലാതെ നമ്പറുകളുള്ള ലേബലുകളോടെയാണ് തിരികെ നല്‍കിയതെന്ന് നാസര്‍ ആശുപത്രി അധികൃതര്‍ അറിയിച്ചു. മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ സഹായിക്കണമെന്ന് കാണാതായ ഫലസ്തീനികളുടെ ബന്ധുക്കളോട് ആവശ്യപ്പെട്ടതായി ഡോക്ടര്‍മാര്‍ പറഞ്ഞു.
അതിനിടെ, ഇസ്രായില്‍ ഇന്ന് 30 മൃതദേഹങ്ങള്‍ കൂടി ഫലസ്തീന്‍ അധികൃതര്‍ക്ക് കൈമാറി. അമേരിക്കയുടെ മധ്യസ്ഥതയിലുള്ള വെടിനിര്‍ത്തല്‍ കരാറിന്റെ ഭാഗമായി, യുദ്ധത്തില്‍ കൊല്ലപ്പെട്ട ചില ബന്ദികളുടെ മൃതദേഹങ്ങള്‍ ഹമാസ് തിരിച്ചുനല്‍കിയിരുന്നു. പോരാട്ടത്തില്‍ കൊല്ലപ്പെട്ട 45 പലസ്തീനികള്‍ അടങ്ങുന്ന രണ്ട് ഗ്രൂപ്പുകളുടെ മൃതദേഹങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഇസ്രായില്‍ കൈമാറി. ഇന്റര്‍നാഷണല്‍ റെഡ് ക്രോസ് കമ്മിറ്റി വഴിയാണ് കൈമാറ്റം നടത്തിയത്. ഇന്ന് 30 മൃതദേഹങ്ങള്‍ കൂടി കൈമാറിയതോടെ ഇതുവരെ ഇസ്രായില്‍ കൈമാറിയ ഫലസ്തീനികളുടെ മൃതദേഹങ്ങളുടെ എണ്ണം 120 ആയതായി ഗാസ ആരോഗ്യ മന്ത്രാലയം പറഞ്ഞു.
പരിശോധന, ഡോക്യുമെന്റേഷന്‍, കുടുംബങ്ങള്‍ക്ക് കൈമാറല്‍ എന്നിവ പൂര്‍ത്തിയാക്കാനുള്ള തയാറെടുപ്പിനായി, അംഗീകൃത മെഡിക്കല്‍നടപടിക്രമങ്ങളും പ്രോട്ടോക്കോളുകളും അനുസരിച്ച് തങ്ങളുടെ മെഡിക്കല്‍ ടീമുകള്‍ മൃതദേഹങ്ങള്‍ കൈകാര്യം ചെയ്യുന്നത് തുടരുകയാണെന്ന് മന്ത്രാലയം വ്യക്തമാക്കി. ചില മൃതദേഹങ്ങളില്‍ പീഡനം, മര്‍ദനം, കൈകള്‍ ബന്ധിക്കല്‍, കണ്ണ് മൂടിക്കെട്ടല്‍ എന്നിവയുടെ ലക്ഷണങ്ങള്‍ കാണിക്കുന്നു. ഇതുവരെ നാല് മൃതദേഹങ്ങള്‍ അവരുടെ കുടുംബങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഗാസ ആരോഗ്യ മന്ത്രാലയം പറഞ്ഞു.


ഈജിപ്തിന്റെ ആഭിമുഖ്യത്തിലും അമേരിക്കയുടെയും ഖത്തറിന്റെയും പിന്തുണയോടെയും ഒക്ടോബര്‍ 10 ന് ശറമുശ്ശൈഖില്‍ ഇസ്രായിലും ഹമാസും വെടിനിര്‍ത്തലിനും തടവുകാരുടെയും ബന്ദികളുടെയും കൈമാറ്റത്തിനുമുള്ള കരാര്‍ ഒപ്പുവെച്ചിരുന്നു. ഏകദേശം 2,000 ഫലസ്തീന്‍ തടവുകാരെ ഇസ്രായില്‍ മോചിപ്പിക്കുന്നതിന് പകരമായി 20 ജീവിച്ചിരിക്കുന്ന ബന്ദികളും മരിച്ച 28 പേരുടെ മൃതദേഹങ്ങളും ഉള്‍പ്പെടെ 48 ഇസ്രായിലി ബന്ദികളെ മോചിപ്പിക്കാന്‍ കരാറിന്റെ ആദ്യ ഘട്ടത്തില്‍ വ്യവസ്ഥ ചെയ്യുന്നു. ഗാസ മുനമ്പില്‍ വെടിനിര്‍ത്തല്‍, ഇസ്രായില്‍ സൈന്യത്തെ ഭാഗികമായി പിന്‍വലിക്കല്‍ എന്നിവയും കരാറില്‍ ഉള്‍പ്പെടുന്നു. കരാര്‍ നടപ്പാക്കുന്നത് നിരീക്ഷിക്കാന്‍ അന്താരാഷ്ട്ര നിരീക്ഷണ സേനയെ വിന്യസിക്കലും കരാറില്‍ ഉള്‍പ്പെടുന്നു.