തെല്‍അവീവ് – കഴിഞ്ഞ ദിവസം റെഡ് ക്രോസ് വഴി ഹമാസ് കൈമാറിയ മൂന്ന് മൃതദേഹങ്ങള്‍ ഹമാസ് തടവിലാക്കിയ ഇസ്രായിലി ബന്ദികളുടെതല്ലെന്ന് ഇസ്രായില്‍ സൈന്യം അറിയിച്ചു. വെടിനിര്‍ത്തല്‍ കരാര്‍ പ്രകാരം ഇസ്രായിലിന് കൈമാറുമെന്ന് പ്രതീക്ഷിക്കുന്ന 11 ഇസ്രായിലി ബന്ദികളില്‍ ആരുടെയും മൃതദേഹങ്ങളല്ല ഇവയെന്ന് ഫോറന്‍സിക് പരിശോധനയില്‍ കണ്ടെത്തിയതായി സൈന്യം വ്യക്തമാക്കി. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫോറന്‍സിക് മെഡിസിനില്‍ നടത്തിയ പരിശോധനയിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. എന്നിരുന്നാലും ഇത് വെടിനിര്‍ത്തല്‍ കരാറിന്റെ ലംഘനമായി ഇസ്രായില്‍ കണക്കാക്കുന്നില്ലെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ പറഞ്ഞു
തിരിച്ചറിയാത്ത മൂന്ന് മൃതദേഹങ്ങളുടെ സാമ്പിളുകള്‍ ഇസ്രായിലിന് കൈമാറാമെന്ന് വെള്ളിയാഴ്ച ഹമാസ് വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ ഇസ്രായില്‍ നിരാകരിക്കുകയും സ്വന്തം നിലക്ക് പരിശോധന നടത്താന്‍ മൃതദേഹങ്ങള്‍ കൈമാറാന്‍ നിര്‍ബന്ധിക്കുകയുമായിരുന്നെന്ന് ഇസ്സുദ്ദീന്‍ അല്‍ഖസ്സാം ബ്രിഗേഡ്‌സ് പറഞ്ഞു. വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍വന്നശേഷം 17 ബന്ദികളുടെ മൃതദേഹാവശിഷ്ടങ്ങള്‍ ഇസ്രായിന് ലഭിച്ചിട്ടുണ്ട്. ഇതില്‍ 15 പേര്‍ ഇസ്രായിലികളും ഒരാള്‍ നേപ്പാളിയും മറ്റൊരാള്‍ തായ് പൗരനുമാണ്. മൃതദേഹങ്ങള്‍ വേഗത്തില്‍ തിരികെ നല്‍കാത്തതിനാല്‍ ഹമാസ് കരാര്‍ പാലിക്കുന്നില്ലെന്ന് ഇസ്രായില്‍ ആരോപിക്കുന്നുണ്ട്. എന്നാല്‍ ഗാസയിലെ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുഴിച്ചിട്ടിരിക്കുന്ന അവശിഷ്ടങ്ങള്‍ കണ്ടെത്തല്‍ സമയമെടുക്കുമെന്നാണ് ഹമാസ് അറിയിച്ചത്.



