കയ്റോ – ഇസ്രയേൽ-ഹമാസ് വെടിനിർത്തൽ കരാർ ഒപ്പിടൽ നാളെ ഈജിപ്തിൽ നടക്കും. യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് പങ്കെടുക്കും. കരാറിന്റെ ആദ്യഘട്ടം പ്രാബല്യത്തിൽ വന്നതിന് പിന്നാലെ ഗാസയിൽനിന്നും ഇസ്രയേൽ സൈന്യം പിന്മാറിത്തുടങ്ങി. ഇസ്രയേൽ ആക്രമണങ്ങളെ തുടർന്ന് ഗാസയിൽനിന്നും പലായനം ചെയ്ത ആയിരങ്ങളാണ് സ്വന്തം പ്രദേശങ്ങളിലേക്ക് മടങ്ങാൻ തുടങ്ങിയത്.
മണിക്കൂറുകൾ നീണ്ട ചർച്ചയ്ക്ക് ശേഷം കഴിഞ്ഞ ദിവസമാണ് ഇസ്രായിൽ മന്ത്രിസഭ ഗാസയിലെ സമാധാന പദ്ധതിയുടെ ആദ്യഘട്ടത്തിന് അംഗീകാരം നൽകിയത്. ഇക്കാര്യം ഇസ്രായിൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഔദ്യോഗികമായി അറിയിക്കുകയായിരുന്നു. പിന്നാലെ ഗാസ സമയം ഉച്ചയ്ക്ക് 12നാണ് വെടിനിർത്തൽ നിലവിൽവന്നത്.
സമാധാന കരാർ നിലവിൽവന്നതിന് ശേഷവും ഗാസയിൽ ഇസ്രായിൽ ആക്രമണം നടത്തിയതായാണ് റിപ്പോർട്ടുകൾ. ഇന്നലെ ഇസ്രായിൽ നടത്തിയ വ്യോമാക്രമണത്തിൽ 17 പേർ കൊല്ലപ്പെട്ടു. ഗാസയിൽ ഭക്ഷ്യവസ്തുക്കളടക്കമുള്ള സഹായങ്ങൾ ഉടനടി എത്തിക്കാനുള്ള സൗകര്യങ്ങൾ യുഎൻ സജ്ജമാക്കിയതായാണ് വിവരം. കരാറിന്റെ ഭാഗമായി പലസ്തീന്റെ വിവിധ പ്രദേശങ്ങളിൽനിന്ന് ഇസ്രയേൽ സൈന്യം പിന്മാറുമെന്ന് അറിയിച്ചെങ്കിലും ഗാസയിലെ ചില ഇടങ്ങളിൽ സാന്നിധ്യം തുടരുമെന്ന് സൈന്യം വ്യക്തമാക്കിയിരുന്നു. ഈ സ്ഥലങ്ങളിൽ നിന്നും ഒഴിഞ്ഞുനിൽക്കണമെന്ന് ഗാസയിലെ ജനങ്ങളോട് ഇസ്രയേൽ ഡിഫൻസ് ഫോഴ്‌സ് ആവശ്യപ്പെട്ടു.
24 മണിക്കൂറിനുള്ളിൽ എല്ലാ ആക്രമണങ്ങളും നിർത്താനുള്ള കരാറിനാണ് മന്ത്രിസഭ അംഗീകാരം നൽകിയത്. കൂടാതെ 72 മണിക്കൂറിനകം ഹമാസ് ബന്ദികളാക്കിയ ഇസ്രയേലുകാരെയും ഇസ്രയേൽ തടവറയിൽ കഴിയുന്ന പലസ്തീനികളേയും മോചിപ്പിക്കണമെന്ന് കരാറിൽ വ്യവസ്ഥയുണ്ട്. വെടിനിർത്തൽ നിരീക്ഷിക്കാൻ അറബ് രാജ്യങ്ങളിൽനിന്നുള്ള 200 സൈനികരെ ഗാസയിൽ നിയോഗിക്കും.