ധാക്ക– ഗാസയിൽ നടന്നു കൊണ്ടിരിക്കുന്ന ക്രൂരമായ വംശഹത്യക്കെതിരെ പ്രതിഷേധം നടത്തിയ ആള്‍ക്കൂട്ടം ഇസ്രായിൽ കമ്പനികളെന്ന് ആരോപിച്ച് കെ.എഫ്.സി, പിസഹട്ട്, പ്യൂമ, ബാറ്റ എന്നീ അന്താരാഷ്ട്യ ബ്രാന്‍ഡ് ഔട്ട്ലെറ്റുകൾ നശിപ്പിച്ചു. രണ്ടാം വെടി നിര്‍ത്തല്‍ കരാര്‍ നിലവില്‍ വരുന്നതിനിടെ ഇസ്രായേല്‍ മനുഷ്യത്വ വിരുദ്ധമായി വീണ്ടും ആക്രമണം ശക്തമാക്കിയതിനെതിരെ ഫലസ്തീനികള്‍ക്ക് ഐക്യം പ്രകടിപ്പിച്ച് ആയിരക്കണക്കിന് ആളുകളാണ് ധാക്ക, കുമില്ല, ഖുല്‍ന,സില്‍ഹെറ്റ, ബാരിഷാല്‍, ചാറ്റോഗ്രാം എന്നിവിടങ്ങളിൽ തെരുവിലിറങ്ങിയത്.
സര്‍ക്കാറിന്റെ മുഖ്യ ഉപദേഷ്ടാവ് മുഹമ്മദ് യൂനുസിന്റെ ഭരണത്തിന്‍ കീഴില്‍ ബംഗ്ലാദേശ് ആദ്യത്തെ നിക്ഷേപ ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കാന്‍ തയ്യാറാവുകയായിരുന്നു. അതിനിടെയാണ് ഈ സംഭവങ്ങള്‍ അരങ്ങേറിയത്. സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ച വീഡിയോയില്‍ ജനക്കൂട്ടം ബാറ്റ ഷോറൂമിന്റെ ഗ്ലാസ് വാതിലുകള്‍ ഇഷ്ടികകള്‍ ഉപയോഗിച്ച് തകര്‍ക്കുകയും ഡസന്‍ കണക്കിന് ആളുകള്‍ ഷൂസ് കൊള്ളയടിക്കുകയും ചെയ്യുന്നതായി കാണിക്കുന്നു.
ചെക്ക് റിപ്പബ്ലിക്കന്‍ കമ്പനിയായ ബാറ്റയ്ക്ക് ഇസ്രായേലുമായി ഒരു ബന്ധവുമില്ലെന്ന് കമ്പനി പ്രതികരിച്ചു. 1962ല്‍ ബംഗ്ലാദേശില്‍ ആദ്യത്തെ ഔട്ട്‌ലെറ്റ് തുറന്ന ബാറ്റ ഈ സംഭവങ്ങളെ അപലപിച്ചു. ജര്‍മ്മന്‍ ബഹുരാഷ്ട്ര കമ്പനിയായ പ്യൂമ 2018 മുതൽ 2024 വരെ ഇസ്രയേല്‍ ഫുഡ്‌ബോള്‍ അസോസിയേഷന്റെ (ഐ.എഫ്.എ) സ്‌പോണ്‍സര്‍ ചെയ്തത് സോഷ്യല്‍ മീഡിയയില്‍ കടുത്ത വിമര്‍ശനങ്ങള്‍ നേരിട്ടു. അമേരിക്കൻ കമ്പനിയായ ഡോമിനോസ് സൈനികര്‍ക്ക് പിസ ഭക്ഷണം ദാനം ചെയ്യുന്നത് സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചിരുന്നു. അമേരിക്കന്‍ കമ്പനിയായ കെ.എഫ്.സി 2021 ല്‍ ടെല്‍ അവീവ് ആസ്ഥാനമായുള്ള മാര്‍ക്കറ്റിംഗ് സ്ഥാപനമായ ടിക്ടക് ടെക്‌നോളജീസ് ഏറ്റെടുത്തത് വ്യാപത വിമര്‍ശനത്തിനു ഇടയായി. ഈ കാരണങ്ങൾ കൊണ്ടാവാം ഔട്ട്ലെറ്റുകൾ അടിച്ചു തകർത്തതെന്ന് വിലയിരുത്തുന്നു.