ജറൂസലം – കിഴക്കന്‍ ജറൂസലമില്‍ നൂറിലേറെ ഫലസ്തീനികള്‍ താമസിക്കുന്ന നാലുനില കെട്ടിടം പെര്‍മിറ്റ് ഇല്ലാതെ നിര്‍മ്മിച്ചതാണെന്ന് അവകാശപ്പെട്ട് ഇസ്രായില്‍ അധികൃതര്‍ ഇന്ന് പൊളിക്കാന്‍ തുടങ്ങി. 2025 ല്‍ ഇസ്രായില്‍ അധികൃതര്‍ പൊളിക്കുന്ന ഇത്തരത്തില്‍ പെട്ട ഏറ്റവും വലിയ കെട്ടിടമാണിതെന്ന് മനുഷ്യാവകാശ സംഘടനകള്‍ സ്ഥിരീകരിച്ചു. ഫലസ്തീന്‍ അതോറിറ്റിക്കു കീഴിലെ ജറൂസലം ഗവര്‍ണറേറ്റ് പൊളിക്കലിനെ അപലപിച്ചു. വ്യവസ്ഥാപിതമായ നിര്‍ബന്ധിത കുടിയിറക്കല്‍ നയത്തിന്റെ ഭാഗമാണിതെന്ന് ജറൂസലം ഗവര്‍ണറേറ്റ് വിശേഷിപ്പിച്ചു.
അധിനിവിഷ്ട കിഴക്കന്‍ ജറൂസലമിലെ പഴയ നഗരത്തിനടുത്തുള്ള സില്‍വാനില്‍ കനത്ത ഇസ്രായിലി പോലീസ് അകമ്പടിയോടെ മൂന്ന് ബുള്‍ഡോസറുകള്‍ എത്തി സ്ത്രീകള്‍, കുട്ടികള്‍, പ്രായമായവര്‍ എന്നിവരുള്‍പ്പെടെ നൂറിവലേറെ അംഗങ്ങളുള്ള പത്തിലധികം കുടുംബങ്ങള്‍ താമസിച്ചിരുന്ന കെട്ടിടം പൊളിക്കാന്‍ തുടങ്ങുകയായിരുന്നു. പൊളിച്ചുമാറ്റല്‍ എല്ലാ താമസക്കാരെയും സംബന്ധിച്ചേടത്തോളം ദുരന്തമാണെന്ന് ഭാര്യയും അഞ്ച് കുട്ടികളുമൊത്ത് കെട്ടിടത്തിലെ അപ്പാര്‍ട്ട്‌മെന്റില്‍ താമസിച്ചിരുന്ന ഈദ് ശാവര്‍ പറഞ്ഞു. ഞങ്ങള്‍ ഉറങ്ങിക്കിടക്കുമ്പോള്‍ അവര്‍ വാതില്‍ തകര്‍ത്തു. ഞങ്ങളുടെ വസ്ത്രങ്ങള്‍ മാറ്റാനും ആവശ്യമായ പേപ്പറുകളും രേഖകളും മാത്രം കൊണ്ടുപോകാനും അവര്‍ ഞങ്ങളോട് പറഞ്ഞു. ഫര്‍ണിച്ചറുകളൊന്നും എടുക്കാന്‍ അവര്‍ ഞങ്ങളെ അനുവദിച്ചില്ല. എനിക്ക് പോകാന്‍ ഒരിടമില്ല. ഏഴ് പേരടങ്ങുന്ന തന്റെ കുടുംബം തന്റെ കാറില്‍ തന്നെ തങ്ങേണ്ടിവരുമെന്നും ഈദ് ശാവര്‍ കൂട്ടിച്ചേര്‍ത്തു. താമസക്കാരുടെ കണ്‍മുന്നില്‍ മൂന്ന് ബുള്‍ഡോസറുകള്‍ കെട്ടിടം പൊളിക്കുന്നത് എ.എഫ്.പി നിരീക്ഷിച്ചു. ഇത് എന്റെ കിടപ്പുമുറിയാണ് – പൊളിക്കല്‍ വീക്ഷിക്കുന്നതിനിടയില്‍ ഒരു സ്ത്രീ വേദനയോടെയും സങ്കടത്തോടെയും പറഞ്ഞു.
ജനസംഖ്യാ വളര്‍ച്ചയുമായി പൊരുത്തപ്പെടാത്ത വളരെ കുറിച്ച് എണ്ണം കെട്ടിടങ്ങള്‍ക്കു മാത്രമേ ഇസ്രായില്‍ മുനിസിപ്പാലിറ്റി കെട്ടിട അനുമതികള്‍ നല്‍കുന്നുള്ളൂ എന്നതിനാല്‍ കിഴക്കന്‍ ജറൂസലമിലെ ഫലസ്തീനികള്‍ ഭവന പ്രതിസന്ധി നേരിടുന്നു. ഈ നിയന്ത്രണം ജനസംഖ്യാ വളര്‍ച്ചയെ അവഗണിക്കുകയും ഭവന ക്ഷാമം വര്‍ധിപ്പിക്കുകയും ചെയ്യുന്നതായി ഫലസ്തീനികളും മനുഷ്യാവകാശ പ്രവര്‍ത്തകരും പറയുന്നു.
അധിനിവിഷ്ട കിഴക്കന്‍ ജറൂസലമിലും വെസ്റ്റ് ബാങ്കിലും പെര്‍മിറ്റില്ലാതെ ഫലസ്തീനികള്‍ നിര്‍മ്മിക്കുന്ന നിയമവിരുദ്ധ കെട്ടിടങ്ങള്‍ ഇസ്രായില്‍ അധികൃതര്‍ പതിവായി പൊളിച്ചുമാറ്റുന്നു. കിഴക്കന്‍ ജറൂസലമിനെ തങ്ങളുടെ ഭാവി രാജ്യത്തിന്റെ തലസ്ഥാനമായി ഫലസ്തീനികള്‍ അവകാശപ്പെടുന്നു. അതേസമയം ജറൂസലം നഗരത്തെ മുഴുവനായും ഇസ്രായില്‍ അതിന്റെ ഏകീകൃത തലസ്ഥാനമായി കണക്കാക്കുന്നു. കിഴക്കന്‍ ജറൂസലമില്‍ 3,60,000 ലേറെ ഫലസ്തീനികളും ഏകദേശം 2,30,000 ഇസ്രായിലികളും താമസിക്കുന്നു.


റാമല്ലയിലെ ഫലസ്തീന്‍ അതോറിറ്റിക്കു കീഴിലെ ജറൂസലം ഗവര്‍ണറേറ്റ് പൊളിച്ചുമാറ്റലിനെ യുദ്ധക്കുറ്റവും മനുഷ്യരാശിക്കെതിരായ കുറ്റകൃത്യവും എന്ന് വിശേഷിപ്പിച്ചു. ഫലസ്തീന്‍ പൗരന്മാരെ ബലമായി കുടിയിറക്കാനും ജറൂസലമിലെ യഥാര്‍ഥ നിവാസികളെ ഒഴിപ്പിക്കാനും ലക്ഷ്യമിട്ടുള്ള വ്യവസ്ഥാപിത നയത്തിന്റെ ഭാഗമാണിതെന്നും ജറൂസലം ഗവര്‍ണറേറ്റ് പറഞ്ഞു.
മുന്‍കൂട്ടി വാണിഗ് നല്‍കാതെ പൊളിച്ചുമാറ്റല്‍ ആരംഭിച്ചതായി ഇസ്രായിലി മനുഷ്യാവകാശ സംഘടനകളായ ഇര്‍ അമീമും ബിംകോമും സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു. കെട്ടിടത്തിന്റെ പദവി സ്ഥിരപ്പെടുത്താനുള്ള സാധ്യമായ നടപടിക്രമങ്ങള്‍ ചര്‍ച്ച ചെയ്യാനായി കുടുംബങ്ങളുടെ അഭിഭാഷകരും ജറൂസലം മുനിസിപ്പാലിറ്റി ഉദ്യോഗസ്ഥനും തമ്മില്‍ നടക്കാനിരുന്ന കൂടിക്കാഴ്ചക്ക് മണിക്കൂറുകള്‍ക്ക് മുമ്പാണ് കെട്ടിടം പൊളിക്കല്‍ ജോലികള്‍ ആരംഭിച്ചത്. ഈ വര്‍ഷം ജറൂസലമില്‍ നടത്തിയ ഏറ്റവും വലിയ പൊളിച്ചുമാറ്റലാണിതെന്നും ഈ വര്‍ഷം കിഴക്കന്‍ ജറൂസലമിലെ ഏകദേശം 100 കുടുംബങ്ങള്‍ക്ക് വീടുകള്‍ നഷ്ടപ്പെട്ടതായും രണ്ട് സംഘടനകളും പറഞ്ഞു.
അനുമതി ഇല്ലാതെയാണ് കെട്ടിടം നിര്‍മ്മിച്ചതെന്നും 2014 മുതല്‍ കെട്ടിടത്തിനെതിരെ കോടതി ഉത്തരവിട്ട പൊളിക്കല്‍ ഉത്തരവ് പ്രാബല്യത്തില്‍ ഉണ്ടെന്നും ജറൂസലമിലെ ഇസ്രായില്‍ മുനിസിപ്പാലിറ്റി പ്രസ്താവിച്ചു. കെട്ടിടം സ്ഥിതി ചെയ്യുന്ന ഭൂമി വിനോദത്തിനും കായിക ആവശ്യങ്ങള്‍ക്കുമായി നീക്കിവെച്ചതാണെന്നും പാര്‍പ്പിട ആവശ്യത്തിനുള്ളതല്ലെന്നും നഗരസഭ കൂട്ടിച്ചേര്‍ത്തു.
അതേസമയം, കിഴക്കന്‍ ബെത്ലഹേമിലെയും വെസ്റ്റ് ബാങ്കിലെ ജെനീന്‍ അഭയാര്‍ഥി ക്യാമ്പിലെയും അഞ്ച് വീടുകളുടെ നിര്‍മ്മാണം നിര്‍ത്തിവെക്കാനും കെട്ടിടങ്ങള്‍ ഒഴിയാനും ഇസ്രായില്‍ സൈന്യം ഇന്ന് ഫലസ്തീന്‍ കുടുംബങ്ങളോട് ആവശ്യപ്പെട്ടു. പെര്‍മിറ്റുകള്‍ ഇല്ലെന്ന വ്യാജേന ബെത്ലഹേമിന് കിഴക്കുള്ള അല്‍അസാകിറ ഗ്രാമത്തിലെ നാല് വീടുകളുടെ നിര്‍മ്മാണം നിര്‍ത്തിവെക്കാന്‍ ഇസ്രായില്‍ സൈന്യം കുടുംബങ്ങളെ അറിയിച്ചതായി സുരക്ഷാ വൃത്തങ്ങളെ ഉദ്ധരിച്ച് ഫലസ്തീന്‍ വാര്‍ത്താ ഏജന്‍സി വഫാ പറഞ്ഞു.
ജെനീന്‍ അഭയാര്‍ഥി ക്യാമ്പിലേക്ക് ഇസ്രായില്‍ സേന സൈനിക വാഹനങ്ങള്‍, ഹെവി ഉപകരണങ്ങള്‍, എന്‍ജിനീയറിംഗ് ഉപകരണങ്ങള്‍, റോഡ് പേവിംഗ് യന്ത്രങ്ങള്‍ എന്നിവ എത്തിച്ചു. പ്രദേശത്ത് റോഡ് ടാറിംഗ് ജോലികള്‍ ആരംഭിക്കാനുള്ള തയ്യാറെടുപ്പിനായി ക്യാമ്പിന്റെ പ്രാന്തപ്രദേശത്തുള്ള അല്‍സഹ്റ കെട്ടിടത്തിലെ കുടുംബങ്ങളെ അവരുടെ വീടുകള്‍ ഒഴിപ്പിക്കാനുള്ള തീരുമാനം അറിയിച്ചതായി പ്രാദേശിക വൃത്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ജെനീന്‍ നഗരത്തിനും ഇവിടുത്തെ അഭയാര്‍ഥി ക്യാമ്പിനുമെതിരായ ഇസ്രായിലിന്റെ ആക്രമണം ജനുവരി 21 മുതല്‍ തുടരുകയാണ്. ജെനീന്‍ അഭയാര്‍ഥി ക്യാമ്പിന്റെ ഏകദേശം 40 ശതമാനം ഇസ്രായില്‍ പൊളിച്ചുമാറ്റിയിട്ടുണ്ടെന്നും ക്യാമ്പിനുള്ളില്‍ പുതിയ റോഡുകള്‍ തുറക്കുന്നതും കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റുന്നതും അതിന്റെ ഭൂപ്രകൃതിയില്‍ മാറ്റം വരുത്തുന്നതും തുടരുന്നതായും ജെനിന്‍ മുനിസിപ്പാലിറ്റിയില്‍ നിന്നുള്ള ഔദ്യോഗിക പ്രസ്താവനകള്‍ വ്യക്തമാക്കുന്നു.



