സന്‍ആ – പശ്ചിമ യെമനിലെ അല്‍ഹുദൈദ, റാസ് ഈസ, സലീഫ് തുറമുഖങ്ങളിലെ ഹൂത്തി ലക്ഷ്യങ്ങളും റാസ് കതീബ് വൈദ്യുതി നിലയവും ആക്രമിച്ചതായി ഇസ്രായില്‍ സൈന്യം അറിയിച്ചു. ഡസന്‍ കണക്കിന് വിമാനങ്ങള്‍ ഹൂത്തി അടിസ്ഥാന സൗകര്യങ്ങള്‍ ആക്രമിച്ച് നശിപ്പിച്ചതായി ഇസ്രായില്‍ സൈനിക വക്താവ് അവിചായ് അഡ്രഇ പ്രസ്താവനയില്‍ പറഞ്ഞു. ഇസ്രായില്‍ രാഷ്ട്രത്തിനും അതിന്റെ പൗരന്മാര്‍ക്കും സിവിലിയന്‍ അടിസ്ഥാന സൗകര്യങ്ങള്‍ക്കും നേരെ ഹൂത്തി ഭരണകൂടം ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ച് ആവര്‍ത്തിച്ച് ആക്രമണങ്ങള്‍ നടത്തിയതിന്റെ പശ്ചാത്തലത്തിലാണ് ഈ ആക്രമണങ്ങള്‍ നടന്നത്.
2023 നവംബറില്‍ ഹൂത്തികള്‍ പിടിച്ചെടുത്ത വാണിജ്യ കപ്പലായ ഗാലക്സി ലീഡറും ആക്രമണ ലക്ഷ്യങ്ങളില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ഇസ്രായില്‍ സൈന്യം പറഞ്ഞു. അന്താരാഷ്ട്ര ജലാശയങ്ങളില്‍ കപ്പലുകള്‍ നിരീക്ഷിക്കാനായി ഹൂത്തികള്‍ ഈ കപ്പലില്‍ റഡാര്‍ സംവിധാനം സ്ഥാപിച്ചിരുന്നതായി ഇസ്രായില്‍ സൈന്യം പറഞ്ഞു. ആക്രമണത്തിനിടെ യെമനില്‍ 53 ബോംബുകള്‍ വര്‍ഷിച്ചതായി ഇസ്രായില്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഗാലക്സി ലീഡര്‍ ഇസ്രായിലി കപ്പലാണെന്നും ഗാസ മുനമ്പിനോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് വാണിജ്യ കപ്പലുകള്‍ ഇസ്രായിലിലേക്ക് പോകുന്നത് തടയാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ചെങ്കടലില്‍ നിന്ന് കപ്പല്‍ പിടിച്ചെടുത്ത് അല്‍ഹുദൈദയിലെത്തിച്ചതെന്നും ഹൂത്തികള്‍ അവകാശപ്പെടുന്നു. ബ്രിട്ടീഷ് ഉടമസ്ഥതയിലുള്ള കപ്പല്‍, ജപ്പാനാണ് പ്രവര്‍ത്തിപ്പിക്കുന്നതെന്ന് ഇസ്രായില്‍ പറഞ്ഞു.
അല്‍ഹുദൈദ, റാസ് ഈസ, സലീഫ് തുറമുഖങ്ങള്‍, റാസ് കത്തീബ് പവര്‍ സ്റ്റേഷന്‍ എന്നിവ ലക്ഷ്യമിട്ട് ഇസ്രായില്‍ ആക്രമണങ്ങള്‍ നടത്തിയതായി ഹൂത്തികളുടെ നിയന്ത്രണത്തിലുള്ള മാധ്യമങ്ങള്‍ സ്ഥിരീകരിച്ചു. ഇസ്രായില്‍ ആക്രമണങ്ങളില്‍ ആളപായമോ പരിക്കുകളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. യെമനിലെ അല്‍ഹുദൈദ, റാസ് ഈസ, സലീഫ് തുറമുഖങ്ങളും അല്‍ഹുദൈദ പവര്‍ സ്റ്റേഷനും ഒഴിയണമെന്ന് ആവശ്യപ്പെട്ട് ഇസ്രായില്‍ സൈന്യം ഞായറാഴ്ച വൈകുന്നേരം മുന്നറിയിപ്പ് നല്‍കിയിരുന്നു. സൈനിക പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന ഈ പ്രദേശങ്ങളില്‍ ഇസ്രായില്‍ സൈന്യം ഉടന്‍ തന്നെ ആക്രമണങ്ങള്‍ ആരംഭിക്കുമെന്ന് ഇസ്രായില്‍ സൈനിക വക്താവ് അവിചായ് അഡ്രഇ കൂട്ടിച്ചേര്‍ത്തു. നിങ്ങളുടെ സുരക്ഷക്കായി, നിര്‍ണയിച്ച പ്രദേശങ്ങളിലുള്ള എല്ലാവരും, സമീപത്ത് നങ്കൂരമിട്ടിരിക്കുന്ന കപ്പലുകളും ഉടന്‍ ഒഴിഞ്ഞുപോകണമെന്ന് ഞങ്ങള്‍ ആവശ്യപ്പെടുന്നതായി അവിചായ് അഡ്രഇ പ്രസ്താവനയില്‍ പറഞ്ഞു.
ഇന്നലെ ഗ്രീക്ക് ഉടമസ്ഥതയിലുള്ള ലൈബീരിയന്‍ പതാകയുള്ള ബള്‍ക്ക് കാരിയര്‍ മാജിക് സീസിനെ എട്ട് ചെറിയ ബോട്ടുകള്‍ ആക്രമിച്ചതായും, ആദ്യം വെടിവെപ്പ് നടത്തുകയും പിന്നീട് റോക്കറ്റ് പ്രൊപ്പല്‍ഡ് ഗ്രനേഡുകള്‍ ഉപയോഗിച്ച് കപ്പലിനെ ലക്ഷ്യം വെച്ചതായും തുടര്‍ന്ന് നാല് നാവിക ഡ്രോണുകള്‍ കപ്പലിനെ ആക്രമിച്ചതായും സമുദ്ര സുരക്ഷാ വൃത്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഹമാസുമായുള്ള ഇസ്രായിലിന്റെ യുദ്ധത്തില്‍ ഫലസ്തീനികള്‍ക്കുള്ള ഐക്യദാര്‍ഢ്യ പ്രകടനമെന്നോണം യെമനിലെ ഇറാന്‍ അനുകൂല ഹൂത്തി ഗ്രൂപ്പ് 2023 നവംബര്‍ മുതല്‍ ചരക്ക് കപ്പലുകള്‍ ലക്ഷ്യമിട്ട് 100 ലേറെ ആക്രമണങ്ങള്‍ നടത്തിയിട്ടുണ്ട്. ആക്രമണങ്ങളിലൂടെ ഹൂത്തികള്‍ രണ്ട് കപ്പലുകള്‍ മുക്കുകയും മറ്റൊന്ന് പിടിച്ചെടുക്കുകയും നാല് നാവികരെ കൊലപ്പെടുത്തുകയും ചെയ്തു. ഇത് ആഗോള ഷിപ്പിംഗ് തടസ്സപ്പെടുത്തുകയും ഷിപ്പിംഗ് കമ്പനികളെ വഴിതിരിച്ചുവിടാന്‍ നിര്‍ബന്ധിതരാക്കുകയും ചെയ്തു. ഈ വര്‍ഷം ഹൂത്തികള്‍ക്കെതിരായ ആക്രമണം ശക്തമാക്കാന്‍ ഇത് അമേരിക്കയെ പ്രേരിപ്പിച്ചു.
മിഡില്‍ ഈസ്റ്റിലെ പ്രധാനപ്പെട്ട കപ്പല്‍ പാതകള്‍ തടസ്സപ്പെടുത്തുന്നത് നിര്‍ത്താന്‍ ഹൂത്തികള്‍ സമ്മതിച്ചതായി പറഞ്ഞ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് യെമനിലെ ഹൂത്തികള്‍ക്കെതിരായ യു.എസ് വ്യോമാക്രമണങ്ങള്‍ നിര്‍ത്തുമെന്ന് മെയ് മാസത്തില്‍ പ്രഖ്യാപിച്ചു. എന്നാല്‍, ഇറാനെതിരായ ഇസ്രായില്‍ ആക്രമണങ്ങളില്‍ അമേരിക്ക പങ്കെടുത്താല്‍ ചെങ്കടലില്‍ യു.എസ് കപ്പലുകളെ ലക്ഷ്യമിടുമെന്ന് ജൂണില്‍ ഹൂത്തികള്‍ ഭീഷണി മുഴക്കി. കഴിഞ്ഞ മാസം ഇറാന്‍ ആണവ കേന്ദ്രങ്ങള്‍ക്ക് നേരെയുള്ള യു.എസ് ആക്രമണത്തെ തുടര്‍ന്ന് തങ്ങളുടെ ഭീഷണി നടപ്പാക്കുമോ എന്ന് അവര്‍ ഇതുവരെ വ്യക്തമായി പറഞ്ഞിട്ടില്ല.