- തങ്ങളുടെ പൗരന്മാരെ സംരക്ഷിച്ചതിന് മാപ്പ് പറയില്ലെന്ന് ഇസ്രായേൽ. നെതന്യാഹുവിനെതിരായ നടപടിയെ അപലപിച്ച് യു.എസ്
ജെറൂസലേം/ആംസ്റ്റർഡാം: ഗാസയിലെ മനുഷ്യത്വവിരുദ്ധമായ യുദ്ധകുറ്റകൃത്യങ്ങളിൽ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനും മുൻ പ്രതിരോധമന്ത്രി യോവ് ഗാലൻഡിനുമെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച അന്താരാഷ്ട്ര ക്രിമിനൽ കോടതി(ഐ സി സി)യുടെ നടപടിക്കെതിരേ ഇസ്രായേലും അമേരിക്കയും രംഗത്ത്.
നെതന്യാഹുവിനും ഗാലൻഡിനുമെതിരായ അറസ്റ്റ് വാറണ്ടിനെതിരെ നിരവധി ഇസ്രായേൽ ഉദ്യോഗസ്ഥരും പ്രതിപക്ഷ നേതാവ് ഉൾപ്പെടെയുള്ളവരും രംഗത്തെത്തി. നെതന്യാഹുവിനെതിരായ നടപടിയെ യു.എസും അപലപിച്ചു.
ഭീകരസംഘടനകൾക്കെതിരെ ജീവിതത്തിനായി നടത്തുന്ന പോരാട്ടമാണ് ഗാസയിൽ ഇസ്രായേൽ നടത്തുന്ന യുദ്ധമെന്നാണ് ഇസ്രായേൽ പ്രതിപക്ഷ നേതാവ് യെയർ ലാപിഡിന്റെ ന്യായീകരണം. അന്താരാഷ്ട്ര സമൂഹത്തിന്റെ ഇരട്ട നിലവാരവും കാപട്യവുമാണ് ക്രിമിനൽ കോടതി ഉത്തരവിലൂടെ വെളിപ്പെടുന്നതെന്ന് ഇസ്രായേൽ മുൻ പ്രതിരോധ മന്ത്രി അവിഗ്ഡോർ ലീബർമാനും പ്രതികരിച്ചു.
തങ്ങളുടെ പൗരന്മാരെ സംരക്ഷിച്ചതിന് ഇസ്രായേൽ മാപ്പ് പറയില്ലെന്നും തീവ്രവാദത്തിനെതിരെ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം തുടരാൻ ഇസ്രായേൽ പ്രതിജ്ഞാബദ്ധമാണെന്നും ലീബർമാൻ പ്രഖ്യാപിച്ചു.
ഒക്ടോബർ ഏഴിന് ഇസ്രായേലിനെതിരെ ഹമാസ് നടത്തിയ ആക്രമണത്തിന് നേതൃത്വം നൽകിയതിന് ഹമാസ് സൈനിക മേധാവി മുഹമ്മദ് ദൈഫ് എന്നറിയപ്പെടുന്ന മുഹമ്മദ് ദിയാബ് ഇബ്‌റാഹീം അൽമസ്രിക്കെതിരേയും മറ്റൊരു ഉത്തരവിൽ ഐ സി സി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്. എന്നാൽ, ഇദ്ദേഹത്തെ കൊലപ്പെടുത്തിയെന്നാണ് ഇസ്രായേൽ അവകാശവാദം.
പട്ടിണിയുടെ യുദ്ധമെന്ന രീതിയിലേക്ക് ആക്രമണത്തെ എത്തിച്ചതിൽ നെതന്യാഹുവും ഗാലൻഡും ക്രിമിനൽ ഉത്തരവാദിത്തം വഹിക്കുന്നുവെന്നാണ് ഐ സി സി വിധിയിൽ വ്യക്തമാക്കിയത്. നെതന്യാഹുവും ഗാലൻഡും ഗാസയിലെ സാധാരണക്കാർക്ക് ഭക്ഷണം, വെള്ളം, മരുന്ന്, വൈദ്യസഹായം, ഇന്ധനം, വൈദ്യുതി എന്നിവ അറിഞ്ഞുകൊണ്ട് മനഃപ്പൂർവ്വം നഷ്ടപ്പെടുത്തിയെന്നും ക്രിമിനൽ കോടതി കുറ്റപ്പെടുത്തി. എല്ലാതരം പരാതികളും നല്കി വാറണ്ട് ഒഴിവാക്കാൻ ഇസ്രായേൽ ശ്രമിച്ചെങ്കിലും ഇവയെല്ലാം മൂന്നംഗ ജഡ്ജിമാരുടെ പാനലായ ഐ സി സിയുടെ പ്രീട്രയൽ ചേംബർ തള്ളുകയായിരുന്നു. കോടതിയുടെ അധികാരപരിധി സംബന്ധിച്ച ഇസ്രായേലി വാദങ്ങളും കോടതി നിരാകരിച്ചു. ഫലസ്തീനും ഐ.സി.സിയുടെ അധികാരപരിധിയിൽ വരുന്നതാണെന്ന് ഇസ്രായേൽ വാദം തള്ളി കോടതി വ്യക്തമാക്കി.
മുൻ ജഡ്ജി സ്ഥാനമൊഴിഞ്ഞതിന് പിന്നാലെയാണ് അന്താരാഷ്ട്ര കോടതിയുടെ നടപടി. മാസങ്ങൾ നീണ്ട കേസ് അന്വേഷണത്തിനിടെ ആരോഗ്യ പ്രശ്നങ്ങൾ കാരണം പ്രിസൈഡിംഗ് ജഡ്ജി ഈയിടെ സ്ഥാനമൊഴിയുകയായിരുന്നു. തുടർന്നാണ് നെതന്യാഹുവിനും ഗാലൻഡിനും ഹമാസ് സൈനിക മേധാവിക്കുമെതിരായ നടപടി.