ഗാസ – ഗാസയിലെ ഉയരംകൂടിയ കെട്ടിടങ്ങള്‍ ഇസ്രായില്‍ തകര്‍ക്കാന്‍ ആരംഭിച്ചു. നൂറുകണക്കിന് അപ്പാര്‍ട്ടുമെന്റുകള്‍ ഉള്‍ക്കൊള്ളുന്ന മുശ്തഹ റെസിഡന്‍ഷ്യല്‍, ഓഫീസ് ടവര്‍ എന്നിവ കഴിഞ്ഞദിവസം ഇസ്രായില്‍ തകർത്തിരുന്നു. പടിഞ്ഞാറന്‍ ഗാസയിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടങ്ങളിലൊന്നായി കണക്കാക്കപ്പെടുന്ന മുശ്തഹ ടവര്‍ രണ്ട് ഘട്ടങ്ങളായി നടത്തിയ ആക്രമണങ്ങളിലാണ് നിലംപരിശാക്കിയത്. താമസക്കാർക്ക് ഒരു 30 മിനിറ്റ് മാത്രമായിരുന്നു മാറാൻ സമയം കൊടുത്തിരുന്നത്. ഹമാസ് ഭീകരാക്രമണങ്ങൾക്ക് ആവശ്യമായ ആയുധങ്ങൾ കെട്ടിടത്തിൽ ഒളിപ്പിച്ചതിനാലാണ് തകർത്തതെന്നാണ് ഇസ്രായിലിന്റെ അവകാശവാദം. ആയുധങ്ങൾക്ക് പുറമേ നിരവധി ക്യാമറകളും, ഇന്റലിജന്‍സ് ഉപകരണങ്ങള്‍, ഭീകരർക്ക് രക്ഷപ്പെടാനുള്ള വഴികളും ഉണ്ടെന്ന് ഇസ്രായിൽ പറയുന്നു.
ആക്രമണത്തെ തുടർന്ന് കെട്ടിടത്തിന്റെ മാനേജ്മെന്റ് പ്രതിഷേധം അറിയിച്ചു. കഴിഞ്ഞവർഷം ഇസ്രായിൽ കെട്ടിടം ലക്ഷ്യമിട്ടതിനെത്തുടർന്ന് തങ്ങളുടെ നിരീക്ഷണം ഉണ്ടായിരുന്നുവെന്നും ഇവർ വ്യക്തമാക്കി. കുടിയിറക്കപ്പെട്ട സാധാരണക്കാർ താമസിച്ച കെട്ടിടത്തിൽ ക്യാമറകളോ മറ്റു ആയുധങ്ങളൊന്നും ഇല്ലെന്ന് മാനേജ്മെന്റ് ചൂണ്ടിക്കാട്ടി.
യുദ്ധം തുടങ്ങിയ കാലം മുതൽ തന്നെ കെട്ടിടത്തെ ഇസ്രായിൽ ലക്ഷ്യം വെച്ചിരുന്നു. യുദ്ധം കാരണം എല്ലാം നഷ്ടപ്പെട്ട ഗാസ നിവാസികളാണ് ഇവിടെ അഭയം തേടിയിരുന്നത്. ഇവിടങ്ങളിലും ഇസ്രായിൽ ആക്രമണം നടത്തുന്നത് ജനങ്ങൾക്കിടയിൽ വലിയ ഭീതിയാണ് ഉണ്ടാക്കിയിരിക്കുന്നത്. ബോംബാക്രമണം നടത്തുന്നതിന് തൊട്ടുമുമ്പ് ഇസ്രായില്‍ പ്രതിരോധ മന്ത്രി യിസ്രായേല്‍ കാറ്റ്സ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിലുടെ ഭീഷണി മുഴക്കിയിരുന്നു. നരകതുല്യമായ ഗാസയെ ഞങ്ങൾ തുടച്ചുനീക്കുന്നു എന്നായിരുന്നു പ്രതിരോധമന്ത്രിയുടെ പോസ്റ്റ്.
ആക്രമത്തിനെതിരെ പലരും രംഗത്തെത്തിയിട്ടുണ്ട്. ഹമാസിനോടുള്ള പ്രതികാരം ഇസ്രായിൽ തീർക്കുന്നത് സാധാരണക്കാരായ ജനങ്ങളോട് ആണെന്നും അതിന് തെളിവാണ് ഈ ആക്രമണം എന്നും പലരും അവകാശപ്പെട്ടു.
ഗാസയിലെ തകര്‍ന്ന കെട്ടിടങ്ങള്‍ക്കിടയിലൂടെ രണ്ട് ഇസ്രായിലി ബന്ദികള്‍ വാഹനത്തില്‍ കറങ്ങുന്നതിന്റെ വീഡിയോ ഹമാസിന്റെ സൈനിക വിഭാഗമായ അല്‍ഖസ്സാം ബ്രിഗേഡ്സ് പുറത്തുവിട്ടതിനു പിന്നാലെയാണ് മുശ്തഹ ടവര്‍ ഇസ്രായില്‍ ആക്രമിച്ചത്.
ഗാസയിൽ ഇനിയും എട്ട് ഇസ്രായിലി ബന്ദികള്‍ കഴിയുന്നുണ്ടെന്ന് ബന്ദികളില്‍ ഒരാള്‍ പറഞ്ഞു. നഗരത്തിന്റെ നിയന്ത്രണം പിടിച്ചെടുക്കാന്‍ ആസൂത്രിതമായ സൈനിക ആക്രമണം നടത്തരുതെന്നും ഇസ്രായില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനോട് ഇയാള്‍ ആവശ്യപ്പെട്ടിരുന്നു.
ഇസ്രായിലിന്റെ ആക്രമണങ്ങൾ വളരെ ഭയപ്പെടുത്തുന്നതാണെന്നും, കുട്ടികളടക്കമുള്ള എല്ലാവരും ഭയന്നിരിക്കുകയാണ് എന്നും. എവിടേക്ക് പോകണം എന്ന് അറിയില്ല, പോകാൻ ഒരു സ്ഥലവുമില്ല പെട്ടെന്ന് മരിച്ചു പോകാനാണ് ആഗ്രഹമെന്നും അപ്പാര്‍ട്ട്‌മെന്റില്‍ താമസിക്കുന്ന അഹ്മദ് അബൂവത്ഫ വ്യക്തമാക്കി
ഇസ്രായിൽ ബന്ദികളെ മോചിപ്പിക്കണം എന്ന പേരിൽ നടത്തുന്ന ആക്രമണങ്ങൾ കാരണം സാധാരണ ജനങ്ങൾക്ക് പാലായനം ചെയ്യാൻ കഴിയുന്നില്ല. ഇവരെല്ലാം ഗാസയുടെ തെക്ക്, മധ്യ ഭാഗങ്ങളിൽ കൂട്ടമായി അഭയം പ്രാപിക്കുകയാണ്.
ചിലവ് അപകട മേഖലയായി പ്രഖ്യാപിച്ച കടൽത്തീരങ്ങളിലുമാണ് താമസിക്കുന്നത്.
രണ്ടുവർഷമായി തുടരുന്ന ആക്രമണത്തിൽ 64,000 ത്തിലധികം ജനങ്ങളാണ് കൊല്ലപ്പെട്ടതെന്നും
ഒന്നര ലക്ഷത്തിന് കൂടുതൽ പേർക്ക് പരിക്ക് പറ്റിയെന്നും ഗാസ മന്ത്രാലയം അറിയിച്ചു.