തെല്‍അവീവ് – ഫലസ്തീന്‍ ജീവനക്കാരുടെ പട്ടിക നല്‍കുന്നതില്‍ സംഘടന പരാജയപ്പെട്ടതിനെ തുടര്‍ന്ന് ഗാസയില്‍ ഡോക്ടേഴ്സ് വിത്തൗട്ട് ബോര്‍ഡേഴ്സ് (എം.എസ്.എഫ്) നടത്തുന്ന മാനുഷിക പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തലാക്കുമെന്ന് ഇസ്രായില്‍ അറിയിച്ചു.
ഗാസ സ്ട്രിപ്പിലെ ഡോക്ടേഴ്സ് വിത്തൗട്ട് ബോര്‍ഡേഴ്സിന്റെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കുന്നതിലേക്ക് നീങ്ങുകയാണെന്ന് ഡയസ്പോറ, ആന്റിസെമിറ്റിസ പോരാട്ട കാര്യ മന്ത്രാലയം അറിയിച്ചു. തങ്ങളുടെ പ്രാദേശിക ജീവനക്കാരുടെ പട്ടിക നല്‍കുന്നതില്‍ ഡോക്ടേഴ്സ് വിത്തൗട്ട് ബോര്‍ഡേഴ്സ് പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് ഈ തീരുമാനം. ഗാസയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ മാനുഷിക സംഘടനകള്‍ക്കും ഇത് ബാധകമാണ്. ഫെബ്രുവരി 28 നകം സംഘടന അതിന്റെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തി ഗാസ വിടേണ്ടിവരുമെന്ന് ഡയസ്പോറ, ആന്റിസെമിറ്റിസ പോരാട്ട കാര്യ മന്ത്രാലയം പറഞ്ഞു.
ഗാസ സ്ട്രിപ്പിലേക്കും വെസ്റ്റ് ബാങ്കിലേക്കുമുള്ള പ്രവേശനം നിലനിര്‍ത്താന്‍ ഇസ്രായില്‍ ആവശ്യപ്പെട്ട, ജീവനക്കാരുടെ പട്ടികകള്‍ നല്‍കില്ലെന്ന് രണ്ട് ദിവസം മുമ്പ് ഡോക്ടേഴ്സ് വിത്തൗട്ട് ബോര്‍ഡേഴ്സ് പ്രസ്താവിച്ചു. തങ്ങളുടെ ടീമിന്റെ സുരക്ഷയുടെ കാര്യത്തില്‍ ഇസ്രായിലില്‍ നിന്ന് ഗ്യാരണ്ടി നേടാന്‍ കഴിഞ്ഞിട്ടില്ലെന്ന് സംഘടന പറഞ്ഞു.
പ്രാദേശിക ജീവനക്കാരുടെ പേരുവിവരങ്ങള്‍ അടങ്ങിയ പുതിയ പട്ടികകള്‍ സമര്‍പ്പിക്കല്‍ ഉള്‍പ്പെടെയുള്ള പുതിയ നിയന്ത്രണങ്ങള്‍ പാലിക്കുന്നില്ലെങ്കില്‍ ഫലസ്തീന്‍ പ്രദേശങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്താന്‍ ഇസ്രായില്‍ ഈ മാസം ഉത്തരവിട്ട 37 അന്താരാഷ്ട്ര റിലീഫ് സംഘടനകളില്‍ ഒന്നാണ് ഗാസയിലെ ആശുപത്രികളെ പിന്തുണക്കുന്ന ഡോക്ടേഴ്സ് വിത്തൗട്ട് ബോര്‍ഡേഴ്സ്. ജീവനക്കാരുടെ വിവരങ്ങള്‍ പങ്കിടുന്നത് അവരുടെ സുരക്ഷയെ അപകടത്തിലാക്കുമെന്ന് റിലീഫ് സംഘടനകള്‍ പറയുന്നു. രണ്ട് വര്‍ഷത്തെ യുദ്ധത്തില്‍ ഗാസയില്‍ നൂറുകണക്കിന് സഹായ പ്രവര്‍ത്തകര്‍ കൊല്ലപ്പെടുകയോ പരിക്കേല്‍ക്കുകയോ ചെയ്തതായി സംഘടനകള്‍ പറയുന്നു.
ഡോക്ടേഴ്സ് വിത്തൗട്ട് ബോര്‍ഡേഴ്സിനു മേല്‍ ഹമാസ് സമ്മര്‍ദം ചെലുത്തിയതായി രജിസ്‌ട്രേഷന്‍ പ്രക്രിയ നിയന്ത്രിക്കുന്ന ഇസ്രായിലി ഡയസ്‌പോറ അഫയേഴ്സ് മന്ത്രാലയം ആരോപിച്ചു. ഇതിന് മന്ത്രാലയം തെളിവുകളൊന്നും നല്‍കിയില്ല. എന്നാല്‍ ആരോഗ്യ സംഘടനകളുമായി സഹകരിക്കുന്ന, ആരോഗ്യ മേഖലാ ജീവനക്കാരുടെ വിവരങ്ങള്‍, അവരുടെ സുരക്ഷ ഭയന്ന്, ഇസ്രായിലുമായി പങ്കുവെക്കില്ലെന്ന് വ്യക്തമാക്കി ജനുവരി 29 ന് ഗാസ ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവന ഇസ്രായിലി ഡയസ്‌പോറ അഫയേഴ്സ് മന്ത്രാലയം സൂചിപ്പിച്ചു.
സഹായങ്ങള്‍ ഫലസ്തീന്‍ സായുധ ഗ്രൂപ്പുകളിലേക്ക് എത്തുന്നത് തടയാനാണ് ഡാറ്റ രജിസ്‌ട്രേഷനിലൂടെ ഉദ്ദേശിക്കുന്നതെന്ന് ഇസ്രായില്‍ മുമ്പ് പ്രസ്താവിച്ചിരുന്നു. ഗണ്യമായ അളവില്‍ സഹായം വഴിതിരിച്ചുവിടുന്നില്ലെന്ന് സഹായ സംഘടനകള്‍ പറയുന്നു. പട്ടിക ഭരണപരമായ ആവശ്യങ്ങള്‍ക്കായി മാത്രം ഉപയോഗിക്കണമെന്നും തങ്ങളുടെ ടീമിനെ അപകടത്തിലാക്കരുതെന്നുമുള്ള ഉപാധികളോടെ, ഈ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ സമ്മതിച്ച, ഫലസ്തീന്‍, അന്താരാഷ്ട്ര ജീവനക്കാരുടെ ഭാഗിക പട്ടിക പങ്കിടാന്‍ തയ്യാറാണെന്ന് ഡോക്ടേഴ്സ് വിത്തൗട്ട് ബോര്‍ഡേഴ്സ് കഴിഞ്ഞ ആഴ്ച പറഞ്ഞു. മെഡിക്കല്‍ സപ്ലൈകളുടെ കൈകാര്യത്തില്‍ നിയന്ത്രണം നിലനിര്‍ത്താന്‍ ആഗ്രഹിക്കുന്നതായും സംഘടന കൂട്ടിച്ചേര്‍ത്തു.
ആവര്‍ത്തിച്ച് ശ്രമങ്ങള്‍ നടത്തിയിട്ടും, ആവശ്യമായ ഉറപ്പുകള്‍ സംബന്ധിച്ച് ഇസ്രായില്‍ അധികൃതരുമായി ധാരണയിലെത്താന്‍ ഞങ്ങള്‍ക്ക് കഴിയുന്നില്ലെന്ന് കഴിഞ്ഞ കുറച്ച് ദിവസങ്ങളില്‍ വ്യക്തമായതായി സംഘടന പ്രസ്താവനയില്‍ വിശദീകരിച്ചു. ഗാസയില്‍ തുടരുന്ന മാനുഷിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍, ഗാസയിലും വെസ്റ്റ് ബാങ്കിലും തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഏര്‍പ്പെടുത്തുന്ന വിലക്ക് മാനുഷിക സേവനങ്ങളില്‍ വിനാശകരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് ഡോക്ടേഴ്സ് വിത്തൗട്ട് ബോര്‍ഡേഴ്സ് പറഞ്ഞു.



