തെഹ്‌റാന്‍ – കഴിഞ്ഞ മാസം ഇറാന്‍, ഇസ്രായില്‍ യുദ്ധത്തിനിടെ ഇറാന്‍ സുപ്രീം നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ യോഗം ലക്ഷ്യമിട്ട് ഇസ്രായില്‍ നടത്തിയ ആക്രമണത്തില്‍ ഇറാന്‍ പ്രസിഡന്റ് മസ്ഊദ് പെസെഷ്‌കിയാന് പരിക്കേറ്റതുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ ഇറാനിലെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ഫാര്‍സ് ന്യൂസ് ഏജന്‍സി വെളിപ്പെടുത്തി.
ജൂണ്‍ 16 ന് സുപ്രീം നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ യോഗം ലക്ഷ്യമിട്ട് ഇസ്രായില്‍ നടത്തിയ ആക്രമണത്തില്‍ പ്രസിഡന്റ് പെസെഷ്‌കിയാന്റെ കാലിന് നിസ്സാര പരിക്കേറ്റതായി ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഇറാന്‍ പ്രസിഡന്റ്, പാര്‍ലമെന്റ് സ്പീക്കര്‍, ജുഡീഷ്യറി മേധാവി എന്നിവരും മുതിര്‍ന്ന ഉദ്യോഗസ്ഥരും പങ്കെടുത്ത സുപ്രീം നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ യോഗം ലക്ഷ്യമിട്ടാണ് ഇസ്രായില്‍ ആക്രമണം നടത്തിയത്. ഈ സമയത്ത് ഇറാന്‍ നേതാക്കളും ഉദ്യോഗസ്ഥരും കെട്ടിടത്തിന്റെ താഴത്തെ നിലകളിലായിരുന്നു. ഇത്തരം സാഹചര്യങ്ങള്‍ക്കു വേണ്ടി പ്രത്യേകം തയാറാക്കിയ എമര്‍ജന്‍സി ദ്വാരം വഴി നേതാക്കള്‍ക്ക് കെട്ടിടത്തില്‍ നിന്ന് പുറത്തുകടക്കാന്‍ കഴിഞ്ഞു. നേതാക്കളില്‍ ചിലര്‍ക്ക് പരിക്കേറ്റു. ആക്രമണത്തിലൂടെ ഇസ്രായില്‍ ലക്ഷ്യമിട്ട മീറ്റിംഗിനെ കുറിച്ച് ഇസ്രായിലിന് ലഭിച്ച വിവരങ്ങളുടെ കൃത്യത കണക്കിലെടുത്ത്, മീറ്റിംഗിനെ കുറിച്ച വിവരം ചാരന്‍ ഇസ്രായലിന് കൈമാറിയോ എന്ന കാര്യം അന്വേഷിക്കുന്നുണ്ടെന്ന് ഏജന്‍സി സൂചിപ്പിച്ചു.
മുന്‍ ഹിസ്ബുല്ല സെക്രട്ടറി ജനറല്‍ ഹസന്‍ നസ്‌റല്ലയെ വധിച്ച ആക്രമണത്തിന് സാമ്യമുള്ള ആക്രമണമാണ് ഇറാന്‍ പ്രസിഡന്റ് അടക്കമുള്ള നേതാക്കളെ ലക്ഷ്യമിട്ട് ഇറാന്‍ ആസൂത്രണം ചെയ്ത് നടപ്പാക്കിയതെന്ന് ഏജന്‍സി പറഞ്ഞു. രക്ഷപ്പെടാനുള്ള വഴികള്‍ തടയാനും വായുസഞ്ചാരം വിച്ഛേദിക്കാനും ശ്രമിച്ച് യോഗം നടന്നിരുന്ന കെട്ടിടത്തിന്റെ പ്രവേശന കവാടങ്ങളും പുറത്തേക്കുള്ള വഴികളും ലക്ഷ്യമാക്കി ആറ് ബോംബുകളോ മിസൈലുകളോ ഉപയോഗിച്ചാണ് ആക്രമണം നടത്തിയത്. സ്‌ഫോടനങ്ങള്‍ക്ക് ശേഷം കെട്ടിടത്തിലെ വൈദ്യുതി വിച്ഛേദിക്കപ്പെട്ടു. പക്ഷേ, നേതാക്കള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും എമര്‍ജന്‍സി ദ്വാരം ഉപയോഗിച്ച് കെട്ടിടത്തില്‍ നിന്ന് പുറത്തുകടക്കാന്‍ കഴിഞ്ഞതായും ഫാര്‍സ് ന്യൂസ് ഏജന്‍സി പറഞ്ഞു.
കഴിഞ്ഞ ആഴ്ച അമേരിക്കന്‍ പത്രപ്രവര്‍ത്തകന്‍ ടക്കര്‍ കാള്‍സണുമായുള്ള അഭിമുഖത്തില്‍ ഇസ്രായില്‍ തന്നെ വധിക്കാന്‍ ശ്രമിച്ചതായി പെസെഷ്‌കിയാന്‍ ആരോപിച്ചു. എന്നാല്‍ എപ്പോഴായിരുന്നു ഇതെന്ന് പ്രസിഡന്റ് വ്യക്തമാക്കിയിരുന്നില്ല. ആക്രമണത്തിലൂടെ ലക്ഷ്യം നേടുന്നതില്‍ അവര്‍ പരാജയപ്പെട്ടു. എന്നെ കൊല്ലാന്‍ ശ്രമിച്ചതിന് പിന്നില്‍ അമേരിക്കയല്ല. അത് ഇസ്രായിലായിരുന്നു. ഞാന്‍ ഒരു മീറ്റിംഗിലായിരുന്നു. ഞങ്ങള്‍ മീറ്റിംഗ് നടത്തുന്ന സ്ഥലത്ത് അവര്‍ ബോംബിടാന്‍ ശ്രമിച്ചു. എന്റെ രാജ്യത്തെ പ്രതിരോധിക്കാനും രാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കാനും വേണ്ടി എന്റെ ജീവന്‍ ബലിയര്‍പ്പിക്കാന്‍ ഞാന്‍ ഭയപ്പെടുന്നില്ല. എന്റെ രാജ്യത്തിനായി എന്റെ ജീവന്‍ ത്യജിക്കാന്‍ ഞാന്‍ തയാറാണ്. പക്ഷേ, അത് ഈ മേഖലക്ക് സുരക്ഷ നല്‍കുമോ? – പെസെഷ്‌കിയാന്‍ ആരാഞ്ഞു.
ഇറാന്‍ ആണവായുധങ്ങള്‍ സ്വന്തമാക്കുന്നത് തടയുക എന്ന പ്രഖ്യാപിത ലക്ഷ്യത്തോടെ ജൂണ്‍ 13 ന് ഇസ്രായില്‍ ഇറാനെതിരെ യുദ്ധം ആരംഭിച്ചു. ആണവായുധങ്ങള്‍ സ്വന്തമാക്കാന്‍ ശ്രമിക്കുകയാണെന്ന ആരോപണം ഇറാന്‍ നിഷേധിക്കുന്നു. ഇസ്രായില്‍ ആക്രമണങ്ങളില്‍ റെവല്യൂഷണറി ഗാര്‍ഡ് അംഗങ്ങള്‍ ഉള്‍പ്പെടെ മുതിര്‍ന്ന സൈനിക കമാന്‍ഡര്‍മാരും ഇറാന്‍ ആണവ പദ്ധതിയില്‍ ഉള്‍പ്പെട്ട പന്ത്രണ്ട് ശാസ്ത്രജ്ഞരും കൊല്ലപ്പെട്ടു. ഇറാനുമായി ആണവ പദ്ധതിയെ കുറിച്ച് ചര്‍ച്ച നടത്തുന്നതിനിടെ ജൂണ്‍ 22 ന് അമേരിക്ക ഫോര്‍ഡോ, ഇസ്ഫഹാന്‍, നതാന്‍സ് എന്നിവിടങ്ങളിലെ ആണവ കേന്ദ്രങ്ങളില്‍ ശക്തമായ ആക്രമണങ്ങള്‍ നടത്തി. ഈ ആക്രമണങ്ങളില്‍ ആണവ കേന്ദ്രങ്ങള്‍ക്ക് സംഭവിച്ച നാശനഷ്ടത്തിന്റെ കൃത്യമായ വ്യാപ്തി അജ്ഞാതമായി തുടരുകയാണ്.