കെയ്റോ– ഗാസയിൽ തിങ്കളാഴ്ച ഇസ്രായേൽ രണ്ടിടങ്ങളിലായി നടത്തിയ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടത് 74 ആളുകൾ. ഗാസയിലെ സീസെയിഡ് കഫേയിലും, ഫലസ്തീനികൾ ഭക്ഷ്യ സഹായത്തിനായി എത്തിച്ചേർന്ന ഇടങ്ങളിലുമാണ് ഇസ്രായേൽ ആക്രമണം നടത്തിയത് എന്ന് ദൃസാക്ഷികളും ആരോഗ്യ ഉദ്യോഗസ്ഥരും പറയുന്നു.
“ഒരു മുന്നറിയിപ്പുമില്ലാതെ, വളരെ പെട്ടെന്ന്, ഒരു യുദ്ധ വിമാനം വന്ന് ആക്രമിക്കുകയായിരുന്നു. ഭൂമി കുലുക്കം പോലെയായിരുന്നു” ഇസ്രായേൽ അൽ-ബക കഫേയിൽ നടത്തിയ വ്യോമാക്രമണത്തിൽ നിന്ന് രക്ഷപ്പെട്ട അലി അബു അതീല പറയുന്നു. സമീപത്ത് സ്ത്രീകളും കുട്ടികളും ഉണ്ടായിരുന്നെന്നും അതീല കൂട്ടിചേർത്തു.


ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേൽക്കുകയും, ഒരുപാട് ആളുകൾ ഗുരുതരാവസ്ഥയിലാവുകയും, ഏകദേശം 30 ഓളം ആളുകൾ കൊല്ലപ്പെടുകയും ചെയ്തു എന്ന് വടക്കൻ ഗാസയിലെ ആരോഗ്യ മന്ത്രാലയത്തിന്റെ അടിയന്തര, ആംബുലൻസ് സർവീസ് മേധാവി ഫാരെസ് അവാദ് പറഞ്ഞു. മറ്റു രണ്ടിടങ്ങളിലായി നടന്ന ആക്രമണങ്ങളിൽ 15 പേർ കൊല്ലപ്പെട്ടെന്നും നിരവധി ആളുകൾക്ക് പരിക്കേറ്റെന്നും ഷിഫ ആശുപത്രിയും, സവെയിദ പട്ടണത്തിലെ കെട്ടിടത്തിൽ നടത്തിയ ആക്രമണത്തിൽ 6 പേർ കൊല്ലപ്പെട്ടെന്ന് അൽ-അഖ്സ ആശുപത്രിയും സ്ഥിരീകരിച്ചു.


20 മാസത്തെ യുദ്ധത്തിൽ, ഗാസയിൽ പ്രവർത്തിക്കുന്ന ചുരുക്കം ചില കച്ചവട കേന്ദ്രങ്ങളിലാണ് കഴിഞ്ഞ ദിവസം ഇസ്രായേൽ വ്രോമാക്രമണം നടത്തിയത്. സമീപവാസികൾ ഇൻർനെറ്റ് സേവനം ലഭിക്കുന്നതിനായും ഫോൺ ചാർജ് ചെയ്യുന്നതിനായും എത്തിച്ചേരുന്നിടം കൂടി ആയിരുന്നു ഗാസയിൽ പ്രവർത്തിച്ചിരുന്ന കഫേകൾ.
ഇതിനുപുറമേ, തെക്കൻ ഗാസയിൽ ഭക്ഷണം തേടിയിറങ്ങിയ 11 പേരെ ഇസ്രായേൽ സൈന്യം കൊലപ്പെടുത്തിയതായി ദൃസാക്ഷികളും, ആശുപത്രികളും, ആരോഗ്യ മന്ത്രാലയവും അറിയിച്ചു. ഗാസ ഹ്യുമാനിറ്റേറിയൻ ഫണ്ടിന്റെ സഹായ കേന്ദ്രങ്ങളിൽ നിന്ന് മടങ്ങുന്ന ആളുകളുടെ മൃതശരീരം സ്വീകരിച്ചതായി ഖാൻ യൂനുസിൽ പ്രവർത്തിക്കുന്ന നസ്സ്‍ർ ആശുപത്രി വ്യക്തമാക്കി. കഴിഞ്ഞ മാസം ഇതേ പ്രദേശങ്ങളിൽ ഇസ്രായേൽ നടത്തിയ വെടിവെപ്പിൽ കൊല്ലപ്പെട്ടത് ഭക്ഷ്യ സഹായം തേടിയെത്തിയ 500 ഓളം ആളുകളാണ്. ഖാൻ യൂനുസിൽ പ്രവർത്തിക്കുന്ന ജിഎച്ച്എഫ് കേന്ദ്രങ്ങളുടെ 3 കിമി പരിധിയിലാണ് വെടിവെപ്പ് നടന്നത്. ഫലസ്തീനികൾക്ക് ഇവിടേക്ക് എത്തിചേരാൻ അനുവധിക്കപ്പെട്ടിട്ടുള്ള ഏക വഴിയും ഇതാണ്. ജിഎച്ച്എഫ് കേന്ദ്രങ്ങളിൽ എത്തിചേരാൻ ഫലസ്തീനികൾക്ക് പലപ്പോഴും ദീർഘദൂരം സഞ്ചരിക്കേണ്ടിവരുന്നു.
വടക്കൻ, തെക്കൻ ഗാസകളെ വേർതിരിക്കുന്ന നെറ്റ്സാരിം ഇടനാഴിക്ക് സമീപം സഹായം സ്വീകരിക്കാൻ കാത്തുനിൽക്കുന്നതിനിടെ മറ്റൊരാൾ കൊല്ലപ്പെട്ടതായി അൽ-അവ്ദ ആശുപത്രി അറിയിച്ചു. റഫയിൽ പ്രവർത്തിക്കുന്ന ജിഎച്ച്എഫ് കേന്ദ്രത്തിന് സമീപം മറ്റൊരാൾ കൊല്ലപ്പെട്ടതായി നസ്സ്‍ർ ആശുപത്രിയും അറിയിച്ചു. വടക്കൻ ഗാസയിലെ ഐക്യരാഷ്ട്രസഭയുടെ സഹായ വെയർഹൗസിൽ മറ്റ് പത്ത് പേർ കൊല്ലപ്പെട്ടതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.