ടെഹ്റാൻ- ഇറാന് നേരെ ഇസ്രായിലിന്റെ ആക്രമണം. ഇറാന്റെ സൈനിക കേന്ദ്രങ്ങളിൽ ആക്രമണം നടത്തിയതായി ഇസ്രായിൽ സൈന്യം വ്യക്തമാക്കി. അതേസമയം, ഇതുസംബന്ധിച്ച് ഇറാനിൽനിന്നുള്ള പ്രതികരണം പുറത്തുവന്നിട്ടില്ല. ടെഹ്‌റാൻ പരിസരത്ത് നിരവധി സ്‌ഫോടനങ്ങൾ റിപ്പോർട്ട് ചെയ്തു. ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സിൻ്റെ (ഐആർജിസി) സൈനിക സൈറ്റുകളൊന്നും തകർന്നിട്ടില്ലെന്ന് ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇറാൻ തലസ്ഥാനത്ത് വ്യോമ പ്രതിരോധ സംവിധാനങ്ങൾ സജ്ജമാക്കി.
ഇറാൻ്റെ ആക്രമണത്തിനുള്ള പ്രതികാരമായി ശനിയാഴ്ച ഇറാനിലെ സൈനിക കേന്ദ്രങ്ങളിൽ “കൃത്യമായ ആക്രമണങ്ങൾ” ആരംഭിക്കുമെന്ന് ഇസ്രായിൽ മുന്നറിയിപ്പ് നൽകിയിരുന്നു. ഒക്‌ടോബർ ഒന്നിന് ഇസ്രായിലിലേക്ക് ഇറാൻ നടത്തിയ മിസൈലാക്രമണത്തിന് തിരിച്ചടി നൽകുമെന്നായിരുന്നു ഇസ്രായിൽ മുന്നറിയിപ്പ്.
“ഇറാനിലെ സൈനിക ലക്ഷ്യങ്ങളിൽ കൃത്യമായ ആക്രമണം” നടത്തുകയാണെന്ന് ഇസ്രായിൽ സൈന്യം പ്രസ്താവനയിൽ വ്യക്തമാക്കി. “ഇറാനിലെ ഭരണകൂടവും മേഖലയിലെ ഇറാൻ അനുകൂലികളും ഇസ്രായിലിനെ നിരന്തരം ആക്രമിക്കുകയാണെന്നും ഇസ്രായിൽ പുറത്തുവിട്ട പ്രസ്താവനയിലുണ്ട്. അതേസമയം, എണ്ണ ശുദ്ധീകരണശാലയിൽ തീപിടിത്തമോ സ്ഫോടനമോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ഇറാൻ മാധ്യമങ്ങൾ അറിയിച്ചു.