ഗാസ – ഒരുകാലത്ത് ഗാസ മുനമ്പിലെ ഏറ്റവും വലിയ നഗര കേന്ദ്രമായിരുന്ന ഗാസ സിറ്റിയില്‍ പുതിയ കരയാക്രമണത്തിന്റെ ഭാഗമായി ഇസ്രായില്‍ സൈന്യം മുഴുവന്‍ അയല്‍പക്കങ്ങളും ഒന്നൊന്നായി നശിപ്പിച്ചു. രണ്ട് വര്‍ഷം മുമ്പ് ആരംഭിച്ച ഹമാസിനെതിരായ ഇസ്രായില്‍ യുദ്ധം, തെക്ക് റഫ നഗരവും വടക്ക് ബെയ്ത്ത് ഹാനൂന്‍ പട്ടണവും ഉള്‍പ്പെടെ ഗാസ മുനമ്പിന്റെ വലിയ ഭാഗങ്ങള്‍ തകര്‍ത്ത് നിരപ്പാക്കി.
ഗാസയിൽ നിർണായക സൈനിക നീക്കം നടത്തിയെന്നും സൈന്യം നെറ്റ്സാരിം ഇടനാഴി പിടിച്ചെടുത്തെന്നും ഇസ്രായില്‍ പ്രഖ്യാപനം നടത്തി. ഈ നടപടിയിലൂടെ ഗാസയെ രണ്ടായി വിഭജിക്കുന്ന തരത്തിൽ സൈനിക നിയന്ത്രണം ശക്തമാക്കിയിരിക്കുകയാണ് ഇസ്രായിൽ. ഗാസ സിറ്റിയെ പൂർണമായി വളഞ്ഞതായി ഇസ്രായിൽ പ്രതിരോധ മന്ത്രി അവകാശപ്പെട്ടു. ഗാസ സിറ്റിയിൽ അവശേഷിക്കുന്ന ജനങ്ങൾ ഉടൻ സ്ഥലം വിടണമെന്ന് മന്ത്രി മുന്നറിയിപ്പ് നൽകി.
ഗാസ മുനമ്പിലെ ഹമാസിന്റെ അവസാന ശക്തികേന്ദ്രങ്ങളിലൊന്നായ ഗാസ സിറ്റിയില്‍ ഹമാസിന് നിര്‍ണായകമായ പ്രഹരം ഏല്‍പ്പിക്കുക എന്നതാണ് ഈ സൈനിക നടപടിയുടെ ലക്ഷ്യമെന്ന് നെതന്യാഹു വാദിക്കുന്നു. ഇസ്രായിലി കരയാക്രമണം ലക്ഷക്കണക്കിന് ഫലസ്തീനികളെ ക്യാമ്പുകളിലേക്ക് പലായനം ചെയ്യാന്‍ നിര്‍ബന്ധിതരാക്കി. വ്യാപകമായ പട്ടിണി, തുടര്‍ച്ചയായ കൂട്ട പലായനം, ആരോഗ്യ സേവനങ്ങള്‍-സ്‌കൂളുകള്‍- അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവയുടെ തകര്‍ച്ച ഗാസയിലെ മാനുഷിക പ്രതിസന്ധി കൂടുതല്‍ വഷളാക്കി.
യുദ്ധത്തില്‍ തളര്‍ന്നുപോയ നഗരത്തിലെ നിവാസികളില്‍ പലരും വീണ്ടും പലായനം ചെയ്യാന്‍ കഴിയില്ലെന്നും ഇതിന് ആഗ്രഹിക്കുന്നില്ലെന്നും പറയുന്നു. മുമ്പ് സൈനിക കേന്ദ്രമായി ഉപയോഗിച്ചിരുന്ന നഗരത്തിലെ അല്‍ഫുര്‍ഖാന്‍ സ്‌കൂള്‍ സൈന്യം നശിപ്പിച്ചതായി ദൃശ്യങ്ങൾ പുറത്തുവരുന്നു. ഹമാസ് ആയുധങ്ങള്‍ താഴെയിട്ട് ശേഷിക്കുന്ന ബന്ദികളെ വിട്ടയച്ചില്ലെങ്കില്‍ യുദ്ധത്തില്‍ ഏതാണ്ട് പൂര്‍ണമായും നശിച്ച നഗരങ്ങളായ റഫയെയും ബെയ്ത്ത് ഹാനൂനെയും പോലെ ഗാസ നഗരവും മാറുമെന്ന് ഇസ്രായില്‍ പ്രതിരോധ മന്ത്രി യുആവ് ഗാലന്റ് ഓഗസ്റ്റില്‍ ഭീഷണി മുഴക്കിയിരുന്നു.