ഗാസ – 2023 ഒക്ടോബര്‍ ഏഴു മുതല്‍ ഗാസയില്‍ ഇസ്രായില്‍ സൈന്യത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ട കുട്ടികളുടെ എണ്ണം 20,000 കവിഞ്ഞതായി സേവ് ദി ചില്‍ഡ്രന്‍ റിപ്പോര്‍ട്ട്. രണ്ടു വര്‍ഷത്തിനിടെ ഓരോ മണിക്കൂറിലും കുറഞ്ഞത് ഒരു കുട്ടി എന്ന തോതില്‍ കൊല്ലപ്പെട്ടു.
21,000 ലേറെ കുട്ടികള്‍ക്ക് സ്ഥിരമായി അംഗവൈകല്യം സംഭവിച്ചതായി യു.എന്‍ കമ്മിറ്റി സൂചിപ്പിച്ചു. ആയിരക്കണക്കിന് കുട്ടികളെ കാണാതായി. ഇസ്രായിലിന്റെ കനത്ത ആക്രമണത്തില്‍ ഗാസ മുനമ്പിലെ 97 ശതമാനം സ്‌കൂളുകളും 94 ശതമാനം ആശുപത്രികളും തകര്‍ന്നു.
‘ഇതെല്ലാം ഞങ്ങള്‍ പ്രതീക്ഷിച്ചിരുന്നു. കിന്റര്‍ഗാര്‍ട്ടനുകള്‍, കളിസ്ഥലങ്ങള്‍, സ്‌കൂളുകള്‍, ആശുപത്രികള്‍ എന്നിവക്കെതിരായ ആസൂത്രിതമായ ആക്രമണങ്ങള്‍, മനഃപൂര്‍വമായ പട്ടിണി, ലോകം ഇത് തടയാന്‍ ഒന്നും ചെയ്യുന്നില്ല’ – കമ്മിറ്റിയുടെ മിഡില്‍ ഈസ്റ്റ്, വടക്കേ ആഫ്രിക്ക, കിഴക്കന്‍ യൂറോപ്പ് റീജിയണല്‍ ഡയറക്ടര്‍ അഹ്മദ് അല്‍ഹിന്ദാവി പറഞ്ഞു.
യുദ്ധത്തില്‍ കുറഞ്ഞത് 20,000 കുട്ടികള്‍ക്കെങ്കിലും ജീവന്‍ നഷ്ടപ്പെട്ടതായി ഗാസ ഗവണ്‍മെന്റ് മീഡിയ ഓഫീസില്‍ നിന്നുള്ള ഡാറ്റ വ്യക്തമാക്കുന്നു. ഇത് ഗാസ മുനമ്പിലെ മൊത്തം കുട്ടികളുടെ എണ്ണത്തിന്റെ ഏകദേശം രണ്ടു ശതമാനത്തിന് തുല്യമാണ്. ഒരു വയസ്സിന് താഴെയുള്ള ആയിരത്തിലേറെ കുട്ടികള്‍ കൊല്ലപ്പെട്ടു. നൂറുകണക്കിന് കുട്ടികള്‍ യുദ്ധത്തിനിടെ ഭൂമിയിലേക്ക് പിറന്നുവീണ ഉടനെതന്നെ കൊല്ലപ്പെട്ടു. ഗാസയിലെ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് കുറഞ്ഞത് 42,011 കുട്ടികള്‍ക്ക് യുദ്ധത്തില്‍ പരിക്കേറ്റിട്ടുണ്ട്.