ജറൂസലം – ഹമാസുമായി ഒപ്പുവെച്ച വെടിനിര്‍ത്തല്‍ കരാറിന് ഇസ്രായില്‍ മന്ത്രിസഭയുടെ അംഗീകാരം. കരാറിലെ നിര്‍ദേശങ്ങളുടെ ആദ്യ ഘട്ടമാണ് പ്രാബല്യത്തിലായത്. 24 മണിക്കൂറിനുള്ളില്‍ ഗാസയിലെ ആക്രമണം അവസാനിപ്പിക്കാനും ഗാസയില്‍ തടവിലാക്കപ്പെട്ട ഇസ്രായിലി ബന്ദികളെ 72 മണിക്കൂറിനുള്ളിൽ മോചിപ്പിക്കാനും നടപടികൾ തുടങ്ങും. മണിക്കൂറുകൾ നീണ്ട അനിശ്ചിതത്വങ്ങൾക്ക് ശേഷമാണ് ഇസ്രായില്‍ സുരക്ഷാ മന്ത്രി സഭാ യോഗം വെടിനിർത്തൽ കരാർ അംഗീകരിച്ചത്. ഗസ്സയുടെ ഭൂരിഭാഗം പ്രദേശങ്ങളിൽ നിന്നും ഇസ്രായേൽ സൈന്യം പിൻവാങ്ങും. ഇസ്രായേൽ കസ്റ്റഡിയിലുള്ള ഫലസ്തീൻ തടവുകാരെ തിങ്കളാഴ്ച വിട്ടയക്കും.
ഗാസ വെടിനിര്‍ത്തല്‍ കരാറിനെ പിന്തുണക്കാനും കരാര്‍ നടപ്പാക്കുന്നത് നിരീക്ഷിക്കാനും ഏകദേശം 200 സൈനികരെ ഇസ്രായിലിലേക്ക് അയക്കുമെന്ന് അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ അറിയിച്ചു. യു എസ്. മിലിട്ടറി സെൻട്രൽ കമാൻഡ് മേധാവി അഡ്മിറൽ ബ്രാഡ് കൂപ്പർക്കാണ് ഇതിന്റെ ചുമതല. ഈജിപ്ഷ്യന്‍, ഖത്തര്‍, തുര്‍ക്കി, യു.എ.ഇ സൈനിക ഉദ്യോഗസ്ഥരെയും ഈ സംഘത്തിൽ ഉള്‍പ്പെടുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യു എസ്. സൈനികരെ ഗസ്സയിലേക്ക് അയക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി. യു.എസ് സെന്‍ട്രല്‍ കമാന്‍ഡ് ഇസ്രായിലില്‍ സിവിലിയന്‍-സൈനിക ഏകോപന കേന്ദ്രം സ്ഥാപിക്കും. ഇത് രണ്ട് വര്‍ഷത്തെ യുദ്ധത്തില്‍ തകര്‍ന്ന പ്രദേശത്തേക്ക് മാനുഷിക സഹായവും സുരക്ഷാ സേവനങ്ങളും എത്തിക്കുന്നത് സുഗമമാക്കാന്‍ സഹായിക്കുമെന്ന് അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
അമേരിക്കയുടെയും ഇസ്രായിലിന്റെയും പിന്തുണയുള്ള ഗാസ ഹ്യുമാനിറ്റേറിയന്‍ ഫൗണ്ടേഷന്‍ വടക്കന്‍ ഗാസ മുനമ്പില്‍ പുതിയ സഹായ വിതരണ കേന്ദ്രം സ്ഥാപിക്കാന്‍ തയാറെടുക്കുകയാണെന്നും പുതിയ സാഹചര്യത്തില്‍ ഫൗണ്ടേഷന്റെ പ്രവര്‍ത്തനങ്ങള്‍ കുറക്കാന്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ക്കിടയിലും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ തടസ്സമില്ലാതെ തുടരുകയാണെന്ന് ഫൗണ്ടേഷന്‍ പ്രസ്താവനയില്‍ അറിയിച്ചു.