ജറൂസലം – അധിനിവിഷ്ട വെസ്റ്റ് ബാങ്കില്‍ ജൂതകുടിയേറ്റക്കാര്‍ക്കായി 800 ഓളം പുതിയ ഭവന യൂണിറ്റുകള്‍ നിര്‍മിക്കാന്‍ ഇസ്രായില്‍ അംഗീകാരം നല്‍കി. മൂന്ന് ജൂതകുടിയേറ്റ കോളനികളിലായി 764 ഭവന യൂണിറ്റുകള്‍ നിര്‍മിക്കാന്‍ ഇസ്രായില്‍ അന്തിമ അനുമതി നല്‍കിയതായി ധനമന്ത്രി ബെസലേല്‍ സ്‌മോട്രിച്ച് പറഞ്ഞു.
ഫലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കുന്നതിനെ എതിര്‍ക്കുന്ന തീവ്ര ദേശീയവാദിയായ സ്‌മോട്രിച്ച്, 2022 അവസാനത്തോടെ ധനമന്ത്രിയെന്നോണം തന്റെ കാലാവധി ആരംഭിച്ച ശേഷം, വെസ്റ്റ് ബാങ്കിലെ സര്‍ക്കാരിന്റെ ഉന്നത ആസൂത്രണ കൗണ്‍സില്‍ ഏകദേശം 51,370 ഭവന യൂണിറ്റുകള്‍ അംഗീകരിച്ചിട്ടുണ്ടെന്ന് പറഞ്ഞു. ഫലസ്തീന്‍കാര്‍ ഭാവി രാഷ്ട്രം സ്ഥാപിക്കാന്‍ ശ്രമിക്കുന്ന പ്രദേശമാണിത്.
ഇസ്രായിലിന്റെ കുടിയേറ്റ നയങ്ങള്‍ക്കെതിരെ സമ്മര്‍ദം ചെലുത്താന്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭരണകൂടത്തോട് ഫലസ്തീന്‍ അതോറിറ്റി ആവശ്യപ്പെട്ടതായി ഫലസ്തീന്‍ സ്റ്റേറ്റ് വാര്‍ത്താ ഏജന്‍സിയായ വഫാ പറഞ്ഞു. കുടിയേറ്റ നയങ്ങള്‍, ഫലസ്തീനികളുടെ ഭൂമി പിടിച്ചെടുത്ത് ഇസ്രായിലില്‍ കൂട്ടിച്ചേര്‍ക്കല്‍, വിപുലീകരണ ശ്രമങ്ങള്‍, ഫലസ്തീന്‍ ഭൂമി മോഷ്ടിക്കല്‍ എന്നിവയില്‍ നിന്ന് പിന്‍വാങ്ങാനും അന്താരാഷ്ട്ര നിയമസാധുതയും അന്താരാഷ്ട്ര നിയമവും പാലിക്കാനും നിര്‍ബന്ധിക്കാന്‍ അമേരിക്ക ഇസ്രായിലിനു മേല്‍ സമ്മര്‍ദം ചെലുത്തണമെന്ന് ഫലസ്തീന്‍ പ്രസിഡന്റിന്റെ വക്താവ് നബീല്‍ അബൂറുദൈന പറഞ്ഞു.
മധ്യ ഇസ്രായിലിലെ ഗ്രീന്‍ ലൈനിന് തൊട്ടുസമീപമുള്ള ഹാഷ്‌മോണൈമിനും ജറൂസലമിനടുത്തുള്ള ഗിവത് സീവ്, ബീറ്റാര്‍ ഇല്ലിറ്റിനും ഇടയിലാണ് പുതിയ ഭവന യൂണിറ്റുകള്‍ നിര്‍മിക്കുക. 1967 ലെ യുദ്ധത്തില്‍ പിടിച്ചെടുത്ത വെസ്റ്റ് ബാങ്കിലെ ഇസ്രായിലിന്റെ കുടിയേറ്റ കോളനികള്‍ നിയമവിരുദ്ധമാണെന്ന് മിക്ക ലോകശക്തികളും കരുതുന്നു. വെസ്റ്റ് ബാങ്കില്‍ എല്ലാ കുടിയേറ്റ പ്രവര്‍ത്തനങ്ങളും നിര്‍ത്താന്‍ ഇസ്രായിലിനോട് ആവശ്യപ്പെടുന്ന നിരവധി പ്രമേയങ്ങള്‍ യു.എന്‍ രക്ഷാ സമിതി മുന്‍കാലങ്ങളില്‍ പാസാക്കിയിട്ടുണ്ട്.
ഞങ്ങളെ സംബന്ധിച്ചിടത്തോളം, എല്ലാ ജൂതകുടിയേറ്റ കോളനികളും നിയമവിരുദ്ധമാണ്. അവ എല്ലാ യു.എന്‍ പ്രമേയങ്ങള്‍ക്കും വിരുദ്ധമാണ് – ഫലസ്തീന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗമായ വാസില്‍ അബൂയൂസഫ് റോയിട്ടേഴ്സിനോട് പറഞ്ഞു. വെസ്റ്റ് ബാങ്കുമായുള്ള ജൂതന്മാരുടെ ബൈബിള്‍, ചരിത്ര, രാഷ്ട്രീയ ബന്ധങ്ങള്‍ ഉദ്ധരിക്കുന്ന ഇസ്രായില്‍, കുടിയേറ്റ കോളനികള്‍ തങ്ങളുടെ സുരക്ഷക്ക് നിര്‍ണായകമാണെന്ന് പറയുന്നു.
വെസ്റ്റ് ബാങ്കില്‍ ഫലസ്തീനികള്‍ക്കെതിരായ ഇസ്രായിലി കുടിയേറ്റക്കാരുടെ ആക്രമണങ്ങള്‍ വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ഒക്ടോബറില്‍ വെസ്റ്റ് ബാങ്കില്‍ ഫലസ്തീനികള്‍ക്കെതിരെ കുറഞ്ഞത് 264 ആക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. 2006 ല്‍ യു.എന്‍ ഉദ്യോഗസ്ഥര്‍ ഇത്തരം സംഭവങ്ങള്‍ നിരീക്ഷിക്കാന്‍ തുടങ്ങിയതിന് ശേഷമുള്ള ഏറ്റവും വലിയ പ്രതിമാസ കണക്കാണിതെന്ന് യുഎന്‍ റിപ്പോര്‍ട്ട് പറയുന്നു.



