ജിദ്ദ – ഇക്കഴിഞ്ഞ ശനിയാഴ്ച ഇറാനില്‍ സൈനിക കേന്ദ്രങ്ങള്‍ക്കു നേരെ ആക്രമണങ്ങള്‍ നടത്താന്‍ തങ്ങളുടെ വ്യോമമേഖല ഇസ്രായില്‍ ഉപയോഗിച്ചതില്‍ ഇറാഖ് ഐക്യരാഷ്ട്രസഭക്ക് പരാതി നല്‍കി. യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണി ഗുട്ടെറസിന് അയച്ച കത്തില്‍ തങ്ങളുടെ വ്യോമമേഖല ഇസ്രായില്‍ ഉപയോഗിച്ചതിനെ ഇറാഖ് അപലപിച്ചു. ഒക് ടോബര്‍ 26 ന് ഇറാനെതിരെ ആക്രമണം നടത്താന്‍ ഇറാഖ് വ്യോമമേഖല ഉപയോഗിച്ച് ഇറാഖിന്റെ വ്യോമമേഖലയും പരമാധികാരവും സയണിസ്റ്റ് രാജ്യം നഗ്നമായി ലംഘിച്ചതിനെ യു.എന്‍ സെക്രട്ടറി ജനറലിന് കൈമാറിയ കത്ത് അപലപിക്കുന്നതായി ഇറാഖ് ഗവണ്‍മെന്റ് വക്താവ് ബാസിം അല്‍അവദി പ്രസ്താവനയില്‍ പറഞ്ഞു.
ഇസ്രായിലിന്റെ അടുത്ത സഖ്യകക്ഷിയും ഇസ്രായിലിന് ഏറ്റവുമധികം ആയുധം നല്‍കുന്ന രാജ്യവുമായ അമേരിക്കയുമായുള്ള ചര്‍ച്ചയില്‍ ഇറാഖ് വിദേശ മന്ത്രാലയം ഈ നിയമ ലംഘനം കൊണ്ടുവരുമെന്നും അല്‍അവദി പറഞ്ഞു. ഹമാസ്, ഹിസ്ബുല്ല നേതാക്കളെയും ഇറാന്‍ റെവല്യൂഷനറി ഗാര്‍ഡ് കമാണ്ടറെയും വധിച്ചതിന് പ്രതികാരമെന്നോണം ഒക്‌ടോബര്‍ ഒന്നിന് ഇറാന്‍ ഇസ്രായിലില്‍ നടത്തിയ മിസൈല്‍ ആക്രമണത്തിന് തിരിച്ചടിയെന്നോണമാണ് കഴിഞ്ഞ ശനിയാഴ്ച ഇസ്രായില്‍ ഇറാനില്‍ വ്യോമാക്രമണം നടത്തിയത്. അമേരിക്കയുടെ നിയന്ത്രണത്തിലുള്ള ഇറാഖ് വ്യോമമേഖലയില്‍ നിന്നാണ് ഇസ്രായിലി യുദ്ധവിമാനങ്ങള്‍ ദീര്‍ഘദൂര മിസൈലുകള്‍ തൊടുത്തുവിട്ടതെന്ന് ഇറാന്‍ മിലിട്ടറി പറഞ്ഞു. തങ്ങളുടെ വ്യോമമേഖല ഉപയോഗിക്കാന്‍ സയണിസ്റ്റ് ഭരണകൂടത്തിന് ഒരു അയല്‍ രാജ്യവും അനുമതി നല്‍കിയിട്ടില്ലെന്ന് ഇറാന് ഉറപ്പായിരുന്നെന്ന് ഇറാന്‍ വിദേശ മന്ത്രാലയ വക്താവ് ഇസ്മായില്‍ ബാഖഇ പറഞ്ഞു. സംഭവത്തില്‍ ഇറാഖ് യു.എന്നിനെ പ്രതിഷേധം അറിയിക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുമെന്നും അത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്നും ഞങ്ങള്‍ പ്രതീക്ഷിക്കുന്നതയും ഇറാന്‍ വിദേശ മന്ത്രാലയ വക്താവ് പറഞ്ഞു. ഇറാനുമായി അടുത്ത ബന്ധം കാത്തുസൂക്ഷിക്കുന്ന ഇറാഖിന് അമേരിക്കയുമായും തന്ത്രപരമായ പങ്കാളിത്തമുണ്ട്. അന്താരാഷ്ട്ര ഭീകര വിരുദ്ധ പോരാട്ടത്തിന്റെ ഭാഗമായി ഇറാഖില്‍ അമേരിക്കന്‍ സൈനികരെ വിന്യസിച്ചിട്ടുണ്ട്.