ജിദ്ദ – ഏറെ കിംവദന്തികള്‍ക്കൊടുവില്‍ ഇറാന്‍ റെവല്യൂഷനറി ഗാര്‍ഡിനു കീഴിലെ ഖുദ്‌സ് ഫോഴ്‌സ് കമാണ്ടര്‍ ഇസ്മായില്‍ ഖാആനി പരസ്യമായി പ്രത്യക്ഷപ്പെട്ടു. ലെബനോനില്‍ ഇസ്രായില്‍ നടത്തിയ ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ട ഇറാന്‍ റെവല്യൂഷനറി ഗാര്‍ഡിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ അബ്ബാസ് നില്‍ഫൊറൂഷാന്റെ മയ്യിത്ത് മഹ്‌റാബാദ് എയര്‍പോര്‍ട്ടില്‍ സ്വീകരിക്കുന്ന ചടങ്ങിലാണ് ഇസ്മായില്‍ ഖാആനി പ്രത്യക്ഷപ്പെട്ടത്.
രണ്ടാഴ്ചക്കു ശേഷം ആദ്യമായാണ് ഇസ്മായില്‍ ഖാആനി പൊതുസ്ഥലത്ത് പ്രത്യക്ഷപ്പെടുന്നത്. ഇസ്രായിലിനു വേണ്ടി ചാരവൃത്തി നടത്തിയെന്ന് ആരോപിച്ച് ഇസ്മായില്‍ ഖാആനിയെ ഇറാന്‍ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യുന്നതായും ചോദ്യം ചെയ്യലിനിടെയുള്ള പീഡനമുറകളില്‍ ഹൃദയാഘാതം നേരിട്ട ഖാആനിയെ ശക്തമായ സുരക്ഷാ കാവലില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും കഴിഞ്ഞ ദിവസങ്ങളില്‍ സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഹിസ്ബുല്ല നേതാവ് ഹസന്‍ നസ്‌റല്ലയുടെ പിന്‍ഗാമിയായ ഹാശിം സ്വഫിയുദ്ദീനെ ലക്ഷ്യമിട്ട് ഇസ്രായില്‍ നടത്തിയ അതിശക്തമായ ബോംബാക്രമണത്തില്‍ ഇസ്മായില്‍ ഖാആനി കൊല്ലപ്പെടുകയോ അദ്ദേഹത്തിന് പരിക്കേല്‍ക്കുകയോ ചെയ്തതായും ആദ്യം റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഇക്കാര്യങ്ങളൊന്നും ഇറാന്‍ സ്ഥിരീകരിച്ചിരുന്നില്ല.
ഏറ്റവും ഒടുവില്‍ സെപ്റ്റംബര്‍ 29 ന് തെഹ്‌റാനിലെ ഹിസ്ബുല്ല ഓഫീസിലാണ് ഖാആനിയെ പരസ്യമായി കണ്ടത്. 2020 ല്‍ ബഗ്ദാദ് എയര്‍പോര്‍ട്ട് കോംപൗണ്ടില്‍ അമേരിക്ക നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഖാസിം സുലൈമാനിയുടെ പിന്‍ഗാമിയായാണ് ഇസ്മായില്‍ ഖാആനി ഖുദ്‌സ് ഫോഴ്‌സ് കമാണ്ടര്‍ പദവി ഏറ്റെടുത്തത്. അബ്ബാസ് നില്‍ഫൊറൂഷാന്റെ മയ്യിത്ത് സംസ്‌കരണ ചടങ്ങുകളില്‍ കരഞ്ഞ് കലങ്ങിയ കണ്ണുകളുമായാണ് ഇസ്മായില്‍ ഖാആനി പങ്കെടുത്തത്. ഈ ദൃശ്യങ്ങള്‍ ഇറാന്‍ ഔദ്യോഗിക ടി.വി സംപ്രേക്ഷണം ചെയ്തു. ഇത് ഇറാനികള്‍ സാമൂഹികമാധ്യമങ്ങളിലൂടെ വ്യാപകമായി പങ്കുവെച്ചു.