തെഹ്‌റാന്‍ – അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയുടെ ഇരട്ടത്താപ്പ് മേഖലാ, ആഗോള സുരക്ഷക്ക് നിരവധി പ്രശ്നങ്ങള്‍ സൃഷ്ടിച്ചതായി ഇറാന്‍ പ്രസിഡന്റ് മസ്ഊദ് പെസെഷ്‌കിയാന്‍ പറഞ്ഞു. ഞങ്ങളുടെ ആണവ പ്രവര്‍ത്തനങ്ങള്‍ ഏജന്‍സിയുടെ മേല്‍നോട്ടത്തിലായിരുന്നു. ഞങ്ങളുടെ ആണവ കേന്ദ്രങ്ങളില്‍ നിരീക്ഷണ ക്യാമറകള്‍ ഉണ്ടായിരുന്നു – ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണുമായി നടത്തിയ ഫോണ്‍ സംഭാഷണത്തില്‍ ഇറാന്‍ പ്രസിഡന്റ് പറഞ്ഞു.
ഇറാനിലെ ആണവ കേന്ദ്രങ്ങളില്‍ അമേരിക്കയും ഇസ്രായിലും ആക്രമണങ്ങള്‍ നടത്തിയതിനെ തുടര്‍ന്ന് അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി ഡയറക്ടര്‍ ജനറല്‍ റാഫേല്‍ ഗ്രോസിക്കെതിരെ ഇറാന്‍ ഭീഷണി മുഴക്കിയതിനെയും ഏജന്‍സിയുമായുള്ള സഹകരണം താല്‍ക്കാലികമായി നിര്‍ത്തിവെക്കുന്നതായി പ്രഖ്യാപിച്ചതിനെയും ജര്‍മനി, ഫ്രാന്‍സ്, ബ്രിട്ടന്‍ എന്നീ രാജ്യങ്ങള്‍ തിങ്കളാഴ്ച സംയുക്ത പ്രസ്താവനയില്‍ അപലപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇറാന്‍ പ്രസിഡന്റ് ഫ്രഞ്ച് പ്രസിഡന്റുമായി ഫോണില്‍ ബന്ധപ്പെട്ട് അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി പിന്തുടരുന്ന ഇരട്ടത്താപ്പ് നയത്തെ രൂക്ഷമായി വിമര്‍ശിച്ചത്. ഇറാന്‍ ആണവ കേന്ദ്രങ്ങളിലെ ഇസ്രായില്‍, അമേരിക്കന്‍ ആക്രമണങ്ങളെ അപലപിക്കാത്ത ഗ്രോസി തന്റെ പ്രതിബദ്ധതകളെ വഞ്ചിച്ചതായി ഇറാന്‍ ആരോപിച്ചു. ഏജന്‍സിയുമായുള്ള സഹകരണം താല്‍ക്കാലികമായി നിര്‍ത്തിവെക്കാന്‍ ഇറാന്‍ പാര്‍ലമെന്റ് കഴിഞ്ഞ ആഴ്ച വോട്ട് ചെയ്തു.
ഐക്യരാഷ്ട്രസഭയുടെ അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി ഡയറക്ടര്‍ ജനറല്‍ റാഫേല്‍ ഗ്രോസിയുടെ റിപ്പോര്‍ട്ട് ഇറാന്‍ ആണവ കേന്ദ്രങ്ങള്‍ ആക്രമിക്കാന്‍ ന്യായീകരണമായി മാറിയതായി ഇറാന്‍ വിദേശ മന്ത്രാലയ വക്താവ് ഇസ്മായില്‍ ബഖാഇ ആരോപിച്ചു. ഇറാന്‍ ഉയര്‍ന്ന തോതില്‍ സമ്പുഷ്ടീകരിച്ച യുറേനിയത്തിന്റെ ഉല്‍പാദനം ത്വരിതപ്പെടുത്തിയെന്നും, സൈനിക ഉപയോഗത്തിന് ആവശ്യമായ 90 ശതമാനം സമ്പുഷ്ടീകരണ ലെവലിനോട് അടുത്ത് 60 ശതമാനം വരെ സമ്പുഷ്ടീകരണം എത്തിയെന്നും വ്യക്തമാക്കി ഏജന്‍സി യു.എന്‍ രക്ഷാ സമിതിക്ക് രഹസ്യ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.
ഇറാന്‍ തങ്ങളുടെ ആണവ ബാധ്യതകള്‍ പാലിക്കുന്നില്ലെന്ന് ആരോപിച്ച് ജൂണ്‍ 12 ന് ഏജന്‍സി പ്രമേയം പാസാക്കിയതിനെ ഇറാന്‍ വിദേശ മന്ത്രാലയം അപലപിച്ചു. തങ്ങള്‍ക്കെതിരെ ആക്രമണം നടത്താനുള്ള ന്യായീകരണമായി അമേരിക്കയും ഇസ്രായിലും ഈ പ്രമേയം ഉപയോഗിച്ചതായി ഇറാന്‍ കണക്കാക്കുന്നു.
സമ്പുഷ്ടീകരിച്ച യുറേനിയം ശേഖരത്തിന് എന്ത് സംഭവിച്ചു എന്ന് മനസ്സിലാക്കാന്‍, അമേരിക്കന്‍ ആക്രമണത്തിന് വിധേയമായ ഇറാന്‍ ആണവ കേന്ദ്രങ്ങളിലേക്ക് പ്രവേശനം അനുവദിക്കണമെന്ന് റാഫേല്‍ ഗ്രോസി തിങ്കളാഴ്ച ആവശ്യപ്പെട്ടു. ഇറാന്‍ ആണവ ബോംബ് വികസിപ്പിക്കാന്‍ ശ്രമിക്കുകയാണെന്ന് അമേരിക്കയും ഇസ്രായിലും പശ്ചാത്യ രാജ്യങ്ങളും അവകാശപ്പെടുന്നു. ഇത് ഇറാന്‍ ആവര്‍ത്തിച്ച് നിഷേധിക്കുന്നു. ഇറാന്‍ ആണവ പദ്ധതി അവസാനിപ്പിക്കാന്‍ ശ്രമിച്ച് ജൂണ്‍ 13 ന് ഇസ്രായില്‍ ഇറാന്‍ ആണവ കേന്ദ്രങ്ങളെയും ശാസ്ത്രജ്ഞരെയും സൈനിക നേതാക്കളെയും ലക്ഷ്യമിട്ട് അഭൂതപൂര്‍വമായ വ്യോമാക്രമണം ആരംഭിച്ചു. സംഘര്‍ഷത്തില്‍ അവസാനം അമേരിക്കയും ഇടപെട്ടു.
ഫോര്‍ഡോ, നതാന്‍സ്, ഇസ്ഫഹാന്‍ എന്നീ ആണവ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് അമേരിക്ക ശക്തമായ ആക്രമണങ്ങള്‍ നടത്തി. ഖത്തറിലെയും ഇറാഖിലെയും യു.എസ് സൈനിക താവളങ്ങള്‍ ലക്ഷ്യമിട്ട് ആക്രമണങ്ങള്‍ നടത്തി ഇറാന്‍ തിരിച്ചടിച്ചു. മണിക്കൂറുകള്‍ക്ക് ശേഷം ട്രംപ് പെട്ടെന്ന് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചു.