ജിദ്ദ – അമേരിക്കയും ഇറാനും തമ്മിലുള്ള നാവിക സംഘര്‍ഷങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍, മേഖലയില്‍ വിന്യസിച്ചിരിക്കുന്ന യു.എസ് വിമാനവാഹിനി കപ്പലുകളെ നേരിടാന്‍ ഇറാന്‍ ആശ്രയിക്കുന്ന ആയുധം ഇസ്രായില്‍ സൈനിക വൃത്തങ്ങള്‍ വെളിപ്പെടുത്തി. ഇറാന്‍ പരമോന്നത നേതാവ് അലി ഖാംനഇ കഴിഞ്ഞ ദിവസം നടത്തിയ ഭീഷണികളില്‍ പരാമര്‍ശിച്ചത് അതിവേഗ തിമിംഗലം ടോര്‍പ്പിഡോയാണെന്ന് ഇസ്രായില്‍ സൈനിക വിലയിരുത്തലുകള്‍ സൂചിപ്പിക്കുന്നതായി ഇസ്രായിലി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. യു.എസ് വിമാനവാഹിനി കപ്പലുകളായ യു.എസ്.എസ് എബ്രഹാം ലിങ്കണും യു.എസ്.എസ് ജെറാള്‍ഡ് ആര്‍. ഫോര്‍ഡും മിഡില്‍ ഈസ്റ്റില്‍ എത്തിയതോടെയാണ് അമേരിക്കന്‍ വിമാനവാഹിനി കപ്പലുകളും പടക്കപ്പലുകളും നേരിടാന്‍ ഇറാന്‍ ഉപയോഗിച്ചേക്കാവുന്ന ഏറ്റവും മാരകമായ ആയുധത്തെ കുറിച്ച ഇസ്രായില്‍ റിപ്പോര്‍ട്ട് പുറത്തുവന്നത്.
വിമാനവാഹിനി കപ്പല്‍ മുക്കാന്‍ കഴിവുള്ള ആയുധം അത്തരം കപ്പലുകളെക്കാള്‍ അപകടകരമാണ് എന്ന് അലി ഖാംനഇ കഴിഞ്ഞ ദിവസം പ്രസ്താവിച്ചിരുന്നു. വിമാനവാഹിനി കപ്പല്‍ തീര്‍ച്ചയായും അപകടകരമാണ്, പക്ഷേ അതിനെ കടലിനടിയിലേക്ക് മുക്കാന്‍ കഴിയുന്ന ആയുധമാണ് അതിനേക്കാള്‍ അപകടകരമെന്നാണ് ഖാംനഇ പറഞ്ഞത്. അമേരിക്കന്‍ നാവിക മേധാവിത്വം നിര്‍വീര്യമാക്കാന്‍ ലക്ഷ്യമിട്ടുള്ള ആയുധമാണ് ഈ പ്രസ്താവന വ്യക്തമായി സൂചിപ്പിക്കുന്നതെന്ന് ഇസ്രായിലി വൃത്തങ്ങള്‍ വിശ്വസിക്കുന്നു.
ഇസ്രായിലി വിലയിരുത്തലുകള്‍ പ്രകാരം, തിമിംഗലം ടോര്‍പ്പിഡോ ഇറാന്‍ നാവികസേനയുടെ ആക്രമണ തന്ത്രത്തിലെ പ്രധാന ഘടകമാണ്. റഷ്യന്‍ വി.എ111 ഷ്‌ക്വാല്‍ ടോര്‍പ്പിഡോയുടെ പരിഷ്‌കരിച്ച പതിപ്പാണിതെന്ന് വിശ്വസിക്കപ്പെടുന്നു. തിമിംഗലം ടോര്‍പ്പിഡോ സൂപ്പര്‍കാവിറ്റേഷന്‍ സാങ്കേതികവിദ്യ ഉപയോഗിച്ച് ജല പ്രതിരോധം ഗണ്യമായി കുറക്കുന്ന വാതക കുമിളക്കുള്ളില്‍ നീങ്ങുന്നു. ഇത് മണിക്കൂറില്‍ ഏകദേശം 360 കിലോമീറ്റര്‍ വരെ വേഗത നല്‍കുന്നു. പരമ്പരാഗത ടോര്‍പ്പിഡോകളുടെ വേഗതയുടെ നാലിരട്ടിയിലധികമാണിത്. ഇത് ഖര-ഇന്ധന റോക്കറ്റ് മോട്ടോര്‍ ഉപയോഗിച്ചാണ് പ്രവര്‍ത്തിക്കുന്നത്. അന്തര്‍വാഹിനികളില്‍ നിന്നോ ഉപരിതല കപ്പലുകളില്‍ നിന്നോ തിമിംഗലം ടോര്‍പ്പിഡോ വിക്ഷേപിക്കാന്‍ കഴിയും. ഏകദേശം 210 കിലോഗ്രാം ഭാരമുള്ള വാര്‍ഹെഡ് ഇതില്‍ സജ്ജീകരിച്ചിരിക്കുന്നു.
തിമിംഗലം ടോര്‍പ്പിഡോയുടെ അതിശക്തമായ വേഗത, ലക്ഷ്യമിടുന്ന കപ്പലുകളുടെ പ്രതികരണ സമയം കുറക്കുന്നു. ഇത്, പ്രത്യേകിച്ച് അടുത്ത് നിന്ന് വിക്ഷേപിക്കുമ്പോള്‍ ടോര്‍പ്പിഡോ തടസ്സപ്പെടുത്തുന്നതും ജാം ചെയ്യുന്നതും ബുദ്ധിമുട്ടാക്കുന്നു. 10 മുതല്‍ 50 കിലോമീറ്റര്‍ വരെ മാത്രമുള്ള ദൂരപരിധിയും വാതക കുമിളക്കുള്ളിലെ ചലനം മൂലമുണ്ടാകുന്ന ഉയര്‍ന്ന ശബ്ദ നില മൂലമുള്ള മാര്‍ഗനിര്‍ദേശ ബുദ്ധിമുട്ടുകളും തിമിംഗലം ടോര്‍പ്പിഡോ നേരിടുന്ന വെല്ലുവിളികളികളാണെന്ന് റിപ്പോര്‍ട്ട് വിരല്‍ ചൂണ്ടുന്നു.
അമേരിക്കയും ഇറാനും തമ്മിലുള്ള ഏറ്റുമുട്ടല്‍ സാധ്യത വര്‍ധിക്കുന്നതിനിടയിലാണ് ഇറാന്റെ കൈവശമുള്ള അതിമാരകമായ ടോര്‍പ്പിഡോയെ കുറിച്ച റിപ്പോര്‍ട്ട് പുറത്തുവന്നത്. അമേരിക്ക മേഖലയില്‍ നാവിക സാന്നിധ്യം ശക്തിപ്പെടുത്തിയത് ഇറാനും അമേരിക്കയും തമ്മിലുള്ള പിരിമുറുക്കങ്ങള്‍ തുറന്ന സംഘട്ടനത്തിലേക്ക് നയിച്ചേക്കാമെന്ന ആശങ്ക ഉയര്‍ത്തുന്നു. ആണവ പ്രശ്‌നത്തില്‍ നയതന്ത്രശ്രമങ്ങള്‍ പരാജയപ്പെട്ടാല്‍ ഇറാനെ ആക്രമിക്കുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആവര്‍ത്തിച്ച് ഭീഷണി മുഴക്കിയിട്ടുണ്ട്.



