തെഹ്റാൻ ∙ ഇസ്രയേലുമായുള്ള യുദ്ധം ഏത് നിമിഷവും വീണ്ടും ആരംഭിക്കാമെന്ന് ഇറാൻ വൈസ് പ്രസിഡന്റ് മുഹമ്മദ് റിസാ ആരിഫ് മുന്നറിയിപ്പ് നൽകി. ജൂൺ 24 മുതൽ നിലനിൽക്കുന്നത് ഔപചാരിക വെടിനിർത്തൽ അല്ല, താൽക്കാലിക “ശത്രുതാ വിരാമം” മാത്രമാണെന്ന് തെഹ്റാനിൽ അക്കാദമിക് വിദഗ്ധരുമായുള്ള യോഗത്തിൽ അദ്ദേഹം പറഞ്ഞു. “നാം എപ്പോഴും ഏറ്റുമുട്ടലിന് തയാറായിരിക്കണം. നമ്മള്‍ ഒരു വെടിനിര്‍ത്തലിലല്ല. മറിച്ച് ശത്രുത അവസാനിപ്പിക്കുന്ന അവസ്ഥയിലാണ്” ആരിഫ് വ്യക്തമാക്കി.
2025 ജൂൺ 13-ന് ഇറാനെതിരെ ആരംഭിച്ച 12 ദിവസത്തെ യുദ്ധത്തിൽ ആണവ, സൈനിക, സിവിലിയൻ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇസ്രയേൽ ശക്തമായ വ്യോമാക്രമണങ്ങൾ നടത്തി. ഇറാന്റെ മുതിർന്ന സൈനിക ഉദ്യോഗസ്ഥരും ആണവ ശാസ്ത്രജ്ഞരും ഉൾപ്പെടെ 1,100-ലേറെ പേർ കൊല്ലപ്പെട്ടു. ഇതിനു പ്രതികാരമായി ഇറാൻ ഇസ്രയേലിനെതിരെ മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് തിരിച്ചടിച്ചു, ഇതിൽ 30-ലേറെ ഇസ്രയേലികളും മരിച്ചു.
ഇസ്രയേലിനൊപ്പം യു.എസ്. ഇറാന്റെ ആണവ കേന്ദ്രങ്ങൾ ബോംബാക്രമണത്തിലൂടെ തകർത്തു. ജൂൺ 24-ന് യു.എസ്. താൽക്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ചെങ്കിലും ഇറാൻ, ഇസ്രയേൽ, യു.എസ്. എന്നിവ തമ്മിൽ ഔപചാരിക കരാർ ഒപ്പിട്ടിട്ടില്ല. “നിലവിൽ യാതൊരു പ്രോട്ടോക്കോളോ കരാറോ ഇല്ല. യുദ്ധം എപ്പോൾ വേണമെങ്കിലും പുനരാരംഭിക്കാം,” ഇറാൻ പരമോന്നത നേതാവ് അലി ഖാമനയിയുടെ മുതിർന്ന സൈനിക ഉപദേഷ്ടാവ് യഹ്യ റഹീം സഫവി പറഞ്ഞു.
വെടിനിര്‍ത്തല്‍ എന്നാല്‍ ആക്രമണങ്ങള്‍ അവസാനിപ്പിക്കുക എന്നാണ്. ഇത് എപ്പോള്‍ വേണമെങ്കിലും മാറാം എന്ന് സഫവി കൂട്ടിച്ചേര്‍ത്തു. ഇറാന്‍ സംഘര്‍ഷം വര്‍ധിപ്പിക്കാന്‍ ശ്രമിക്കുന്നില്ലെന്നും ആക്രമണങ്ങള്‍ പുനരാരംഭിച്ചാല്‍ തിരിച്ചടിക്കാന്‍ തയാറാണെന്നും ഇറാന്‍ നേതാക്കള്‍ പറയുന്നു.
ഇറാന്റെ ആണവ പദ്ധതിയെച്ചൊല്ലിയുള്ള തർക്കം പിരിമുറുക്കത്തിന് കാരണമായി തുടരുന്നു. ഇറാൻ ആണവായുധം വികസിപ്പിക്കുന്നുവെന്ന് ഇസ്രയേലും പാശ്ചാത്യ രാജ്യങ്ങളും ആരോപിക്കുമ്പോൾ, ഇറാൻ ഇത് നിഷേധിക്കുന്നു. ഫ്രാൻസ്, ജർമനി, ബ്രിട്ടൻ എന്നിവ ഉപരോധങ്ങൾ പുനഃസ്ഥാപിക്കുമെന്ന് ഭീഷണിപ്പെടുത്തുന്നു, ഇതിനെതിരെ ഇറാൻ ആണവ ഉടമ്പടിയിൽ നിന്ന് പിന്മാറ്റം ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി.