തെഹ്‌റാന്‍ – ഹോര്‍മുസ് കടലിടുക്കില്‍ വാണിജ്യ കപ്പലിനു നേരെയുണ്ടായ ആക്രമണത്തിന് മറുപടിയായി ഇറാനില്‍ വ്യോമാക്രമണം നടത്തിയതായി യു.എസ് സെന്‍ട്രല്‍ കമാന്‍ഡ് അറിയിച്ചു. ഇറാനില്‍ മിസൈല്‍, ഡ്രോണ്‍ വെയര്‍ഹൗസുകളും തീരദേശ റഡാര്‍ നിലയങ്ങളും ലക്ഷ്യമിട്ടാണ് യു.എസ് വിമാനങ്ങള്‍ ആക്രമണം നടത്തിയതെന്ന് സെന്‍ട്രല്‍ കമാന്‍ഡ് പ്രസ്താവനയില്‍ പറഞ്ഞു. സിംഗപ്പൂര്‍ പതാക വഹിച്ച ചരക്ക് കപ്പലായ എം.വി എവര്‍ ലവ്ലിക്ക് നേരെ ജൂണ്‍ 25 ന് ഇറാന്‍ ഡ്രോണ്‍ ആക്രമണം നടത്തിയതിനെ തുടര്‍ന്നാണ് ഇറാനില്‍ മിസൈല്‍, ഡ്രോണ്‍ കേന്ദ്രങ്ങളില്‍ അമേരിക്ക ആക്രമണം നടത്തിയത്. സിവിലിയന്‍ കപ്പലിനു നേരെയുണ്ടായ ആക്രമണം വെടിനിര്‍ത്തലിന്റെയും നാവിഗേഷന്‍ സ്വാതന്ത്ര്യത്തിന്റെയും ലംഘനമാണ്. ഹോര്‍മുസ് കടലിടുക്കിലൂടെ സഞ്ചരിക്കുന്ന വാണിജ്യ കപ്പലുകളുടെ സുരക്ഷ ഉറപ്പാക്കുന്നത് യു.എസ് സൈന്യം തുടരും. ഇറാനുമായുള്ള കരാറുകള്‍ പാലിക്കുന്നത് നിരീക്ഷിക്കുമെന്നും യു.എസ് സെന്‍ട്രല്‍ കമാന്‍ഡ് വ്യക്തമാക്കി.
ഇറാന്‍ ഡ്രോണ്‍ ആക്രമണത്തിന് തിരിച്ചടി നല്‍കുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വെള്ളിയാഴ്ച സൂചന നല്‍കി. തൊട്ടുപിന്നാലെ, തെക്കന്‍ ഇറാന്‍ നഗരമായ സിരിക്കില്‍ സ്‌ഫോടനം കേട്ടതായി ഇറാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഹോര്‍മുസ് കടലിടുക്കില്‍ ചരക്ക് കപ്പലിനെ ഇറാന്‍ ആക്രമിച്ചതായി ആരോപിച്ച ട്രംപ്, ഇരു രാജ്യങ്ങളും തമ്മിലുള്ള ധാരണയുടെ മണ്ടത്തരമായ ലംഘനം ആണ് ഇതെന്ന് വിശേഷിപ്പിച്ചു.
ഹോര്‍മുസ് കടലിടുക്കിലെ സമുദ്ര ഗതാഗതം നിയന്ത്രിക്കാനുള്ള തങ്ങളുടെ അവകാശം ഇറാന്‍ ആവര്‍ത്തിച്ചു. അവ്യക്തമായ ക്രമീകരണങ്ങള്‍, ബദല്‍ മാര്‍ഗങ്ങള്‍, ഒരു തീരദേശ രാഷ്ട്രമെന്ന നിലയില്‍ ഇറാന്റെ പങ്ക് കണക്കിലെടുക്കാത്ത തീരുമാനങ്ങള്‍ എന്നിവ വഴി ഹോര്‍മുസ് കടലിടുക്കിലൂടെ സുരക്ഷിതമായ ഗതാഗതം ഉറപ്പാക്കാന്‍ കഴിയില്ലെന്ന് ഇറാന്‍ ഡെപ്യൂട്ടി വിദേശ മന്ത്രി കാസിം ഗാരിബാബാദി എക്‌സ് പ്ലാറ്റ്ഫോമില്‍ പറഞ്ഞു. ഈ സംഭവവികാസങ്ങള്‍ ആഴ്ചയുടെ തുടക്കത്തെ അപേക്ഷിച്ച് വെള്ളിയാഴ്ച ഹോര്‍മുസ് കടലിടുക്ക് കടന്നുപോകുന്ന കപ്പലുകളുടെ എണ്ണത്തില്‍ കുറവുണ്ടാക്കിയതായി കപ്പല്‍ ട്രാക്കിംഗ് ഡാറ്റ സൂചിപ്പിക്കുന്നു.



