വാഷിംഗ്ടൺ: ഹോർമുസ് കടലിടുക്കുമായി ബന്ധപ്പെട്ട ആക്രമണങ്ങളും പ്രത്യാക്രമണങ്ങളും താൽക്കാലികമായി നിർത്തിവെച്ച് ചർച്ചകൾ പുനരാരംഭിക്കാൻ ഇറാനും അമേരിക്കയും സമ്മതിച്ചതായി മുതിർന്ന യു.എസ് ഉദ്യോഗസ്ഥൻ വെളിപ്പെടുത്തി. ഇതിന്റെ ഭാഗമായി വരുന്ന ചൊവ്വാഴ്ച ഖത്തർ തലസ്ഥാനമായ ദോഹയിൽ ഇരുപക്ഷവും കൂടിക്കാഴ്ച നടത്തും. ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പലുകളുടെ സ്വതന്ത്ര സഞ്ചാരം ഉറപ്പാക്കാനും ധാരണാപത്രത്തിലെ എല്ലാ കാര്യങ്ങളിലും സാങ്കേതിക ചർച്ചകൾ പുനരാരംഭിക്കാനുമാണ് ഇരുരാജ്യങ്ങളും തീരുമാനിച്ചിരിക്കുന്നത്. ദോഹയിൽ നടക്കുന്ന ഈ യോഗത്തിൽ യു.എസ് സാങ്കേതിക സംഘത്തിന്റെ തലവൻ നിക്ക് സ്റ്റുവർട്ട് പങ്കെടുത്തേക്കുമെന്നാണ് വിവരം.
ഇറാൻ ആണവായുധം നേടുന്നില്ലെന്ന് ഉറപ്പാക്കാൻ ലക്ഷ്യമിട്ടുള്ള സാങ്കേതിക ചർച്ചകൾ തുടരുകയാണെന്ന് ഐക്യരാഷ്ട്രസഭയിലെ യു.എസ് സ്ഥിരം പ്രതിനിധി മൈക്ക് വാൾട്ട്സ് സ്ഥിരീകരിച്ചു. അന്താരാഷ്ട്ര ആണവോർജ പരിശോധകർക്ക് അനുമതി നൽകുക, യുറേനിയം സമ്പുഷ്ടീകരണ തോത് കുറയ്ക്കുക തുടങ്ങിയ കാര്യങ്ങളാണ് ഇതിൽ പ്രധാനമെന്ന് ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു. യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് എപ്പോഴും നയതന്ത്രത്തിന് അവസരം നൽകുന്നുണ്ടെന്നും, എന്നാൽ അദ്ദേഹത്തിന്റെ ക്ഷമ ശാശ്വതമല്ലെന്നും വാൾട്ട്സ് ഓർമ്മിപ്പിച്ചു. ഇറാനുമേൽ സ്വാധീനം ചെലുത്താൻ പ്രസിഡന്റ് എല്ലാ ഓപ്ഷനുകളും പരിഗണിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ വ്യാഴാഴ്ച ഹോർമുസ് കടലിടുക്കിൽ ചരക്കുകപ്പലിന് നേരെ ഇറാൻ മിസൈൽ ആക്രമണം നടത്തിയതിനെത്തുടർന്ന് ഏതാനും ദിവസങ്ങളായി ഇരുപക്ഷവും കടുത്ത പ്രത്യാക്രമണങ്ങളിലായിരുന്നു. ജൂൺ 17-ന് അംഗീകരിച്ച താൽക്കാലിക വെടിനിർത്തൽ കരാർ ലംഘിച്ചതായി ഇരുരാജ്യങ്ങളും പരസ്പരം ആരോപിക്കുകയും ചെയ്തു. ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഊർജ ഗതാഗത ജലപാതയായ ഹോർമുസ് കടലിടുക്ക് സംഘർഷത്തെത്തുടർന്ന് ഇറാൻ അടച്ചിട്ടിരിക്കുകയാണ്. നമുക്ക് യുക്തിസഹമായി പ്രവർത്തിക്കാൻ കഴിയാത്ത ഒരു കാലം വന്നേക്കാം, സൈനികമായി ജോലി പൂർത്തിയാക്കേണ്ടി വരും. അങ്ങനെ സംഭവിച്ചാൽ ഇറാൻ നിലനിൽക്കില്ലെന്ന് ട്രംപ് സോഷ്യൽ മീഡിയയിലൂടെ മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിനുശേഷമാണ് ഇപ്പോൾ നയതന്ത്ര ചർച്ചകളിലേക്കുള്ള തിരിച്ചുവരവ്.
ഫെബ്രുവരി 28-ന് യു.എസും ഇസ്രായിലും ചേർന്ന് ഇറാനെതിരെ ആരംഭിച്ച യുദ്ധം അവസാനിപ്പിക്കാൻ ലക്ഷ്യമിട്ടുള്ളതാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള 14 പോയിന്റ് ഇടക്കാല കരാർ. ഇറാന്റെ ആണവ പദ്ധതി പോലുള്ള സങ്കീർണ്ണമായ വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനൊപ്പം തന്നെ ഹോർമുസ് കടലിടുക്ക് സമുദ്രഗതാഗതത്തിനായി വീണ്ടും തുറക്കാനും ഈ കരാർ വ്യവസ്ഥ ചെയ്യുന്നുണ്ട്. പാകിസ്ഥാന്റെയും ഖത്തറിന്റെയും മധ്യസ്ഥതയിൽ യു.എസ് വൈസ് പ്രസിഡന്റ് ജെ.ഡി വാൻസും ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഖർ ഖാലിബാഫും പങ്കെടുത്ത മുൻപത്തെ ചർച്ച സ്വിറ്റ്സർലൻഡിൽ വെച്ചാണ് നടന്നത്. ഇതിനെത്തുടർന്ന് അമേരിക്ക ചില ഉപരോധങ്ങളിൽ ഇളവ് വരുത്തിയിരുന്നെങ്കിലും പിന്നീട് പോരാട്ടം വീണ്ടും ശക്തമാകുകയായിരുന്നു. തുടർന്നാണ് ഇപ്പോൾ ദോഹയിൽ പുതിയ ചർച്ചകൾക്ക് വഴിതുറക്കുന്നത്.



