വാഷിംഗ്ടണ്‍ – ഇറാന്റെ മരവിപ്പിച്ച ആസ്തികളില്‍ നിന്ന് 1,200 കോടി ഡോളര്‍ വിട്ടുകൊടുക്കാനുള്ള കരാറില്‍ സ്വിറ്റ്‌സര്‍ലന്‍ഡില്‍ വെച്ച് ഒപ്പുവെച്ചതായി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അറിയിച്ചു. അമേരിക്കന്‍ കര്‍ഷകരില്‍ നിന്ന് വിളകള്‍ വാങ്ങുന്നതിന് മാത്രമായി ഈ തുക വിനിയോഗിക്കണമെന്ന് ഉപാധിയുണ്ട്. സംഘര്‍ഷം തടയാനായി ഹോര്‍മുസ് കടലിടുക്കുമായി ബന്ധപ്പെട്ട ആശയവിനിമയത്തിന് ഹോട്ട്‌ലൈന്‍ സ്ഥാപിക്കാനും സ്വിറ്റ്‌സര്‍ലന്‍ഡ് ചര്‍ച്ചകളില്‍ ധാരണയായതായി ട്രംപ് പറഞ്ഞു.
ഹോര്‍മുസ് കടലിടുക്കുമായി ബന്ധപ്പെട്ട് ഇറാന്‍ വളരെ ശ്രമകരമായി പ്രവര്‍ത്തിക്കുന്നു. അവരുമായി ന്യായവും നീതിയുക്തവുമായ ഒരു കരാറിലെത്താനുള്ള ചര്‍ച്ചകളില്‍ ഞങ്ങള്‍ നല്ല പുരോഗതി കൈവരിക്കുകയാണ്. എണ്ണ വരുമാനം സൈന്യത്തെ പുനര്‍നിര്‍മ്മിക്കാന്‍ ഇറാന്‍ ഉപയോഗിക്കരുത്. പകരം അതുപയോഗിച്ച് ജനങ്ങള്‍ക്ക് ഭക്ഷണം വാങ്ങണം. ഇറാന്‍ മോശമായി പെരുമാറിയാല്‍, ഞാന്‍ ചെയ്യേണ്ടത് ഞാന്‍ ചെയ്യുമെന്ന് ട്രംപ് യുദ്ധഭീഷണി മുഴക്കി. ഇറാനുമായി ഇടപെടുന്ന കാര്യത്തിലുള്ള തന്റെ സമീപനം ആഗോള സാമ്പത്തിക മാന്ദ്യത്തിന് കാരണമാകില്ല. ഹോര്‍മുസ് കടലിടുക്ക് പൂര്‍ണ്ണമായും തുറന്നിരിക്കുന്നു. നെതന്യാഹുവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ താന്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഒബാമയെയും ഡെമോക്രാറ്റുകളെയും അപേക്ഷിച്ച് തികച്ചും വ്യത്യസ്തമായ രീതിയിലാണ് താന്‍ ഇറാനുമായി ഇടപെടുന്നത്. യു.എസ് വൈസ് പ്രസിഡന്റ് ജെ.ഡി വാന്‍സിന്റെ നേതൃത്വത്തിലുള്ള ചര്‍ച്ചാ സംഘം മികച്ച പ്രകടനം കാഴ്ചവെച്ചു. ഇറാന്റെ സൈനിക ശേഷികളെ ഞങ്ങള്‍ ഇല്ലാതാക്കി. അവര്‍ ഇപ്പോള്‍ കടുത്ത സാഹചര്യത്തിലാണെന്നും ട്രംപ് വ്യക്തമാക്കി.
അതേസമയം, ഇറാന്‍ എണ്ണ അമേരിക്കക്ക് വില്‍ക്കാന്‍ അമേരിക്ക അനുമതി നല്‍കിയതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇറാനില്‍ ഇസ്ലാമിക വിപ്ലവം അരങ്ങേറിയ 1979 നു ശേഷം ആദ്യമായാണ് അമേരിക്ക ഇത്തരമൊരു നീക്കം നടത്തുന്നത്. ഇറാനെതിരെ ഏര്‍പ്പെടുത്തിയിരുന്ന എണ്ണ ഉപരോധങ്ങള്‍ 60 ദിവസത്തേക്ക് നീക്കിയതായും, ഈ കാലയളവില്‍ യു.എസ് വിപണിയിലേക്ക് എണ്ണ കയറ്റുമതി ചെയ്യാന്‍ ഇറാനെ അനുവദിച്ചതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.



