കൊളംബോ – ശ്രീലങ്കയുടെ സമുദ്രാതിര്‍ത്തിക്ക് തൊട്ടുപുറത്ത് ബുധനാഴ്ച (ഇന്ന്) മുങ്ങിയ ഇറാന്‍ യുദ്ധക്കപ്പല്‍ ഐറിസ് ദേനയിലെ ഗുരുതരമായി പരിക്കേറ്റ 32 നാവികരെ ശ്രീലങ്ക രക്ഷപ്പെടുത്തിയതായി വിദേശ മന്ത്രി വിജിത ഹെറാത്ത് പറഞ്ഞു. കപ്പല്‍ മുങ്ങിയതിന്റെ കാരണത്തെ കുറിച്ച് ഉടന്‍ വിവരങ്ങളൊന്നും ലഭ്യമല്ല. പരിക്കേറ്റ നാവികരെ ശ്രീലങ്കയുടെ തെക്കുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോയതായി വിദേശ മന്ത്രി പാര്‍ലമെന്റില്‍ വ്യക്തമാക്കി. 180 പേരടങ്ങുന്ന യുദ്ധക്കപ്പല്‍ പുലര്‍ച്ചെ ദുരന്ത സന്ദേശം നല്‍കിയിരുന്നു.
ശ്രീലങ്കക്ക് തെക്ക് ഏകദേശം 40 കിലോമീറ്റര്‍ (25 മൈല്‍) ദൂരെ തകര്‍ന്ന ഐറിസ് ദേനയിലെ മറ്റ് ജീവനക്കാര്‍ക്കായി തിരച്ചില്‍ നടത്തുന്നതായി ശ്രീലങ്കന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഞങ്ങള്‍ തിരച്ചില്‍ തുടരുകയാണ്, ബാക്കിയുള്ള ജീവനക്കാര്‍ക്ക് എന്ത് സംഭവിച്ചുവെന്ന് ഞങ്ങള്‍ക്ക് ഇതുവരെ അറിയില്ലയെന്ന് ഒരു ഉദ്യോഗസ്ഥന്‍ എ.എഫ്.പിയോട് പറഞ്ഞു. രക്ഷപ്പെട്ട കൂടുതല്‍ പേരെ കണ്ടെത്താനുള്ള സാധ്യത മങ്ങുകയാണ്. രക്ഷാപ്രവര്‍ത്തനത്തിനായി ശ്രീലങ്കന്‍ നാവികസേനയുടെ രണ്ട് കപ്പലുകളും ഒരു വിമാനവും വിന്യസിച്ചിട്ടുണ്ടെന്ന് വിദേശ മന്ത്രി അറിയിച്ചു. ഇറാന്‍ യുദ്ധക്കപ്പല്‍ മുങ്ങാനുള്ള കാരണം എന്താണെന്ന് മന്ത്രി പറഞ്ഞില്ല. ഇറാനെതിരെ നടന്നുകൊണ്ടിരിക്കുന്ന യു.എസ്-ഇസ്രായില്‍ ആക്രമണങ്ങളുടെ ഭാഗമായി കപ്പലില്‍ ബോംബാക്രമണം നടത്തിയോ എന്ന് പ്രതിപക്ഷ നിയമസഭാംഗം പാര്‍ലമെന്റില്‍ ആരാഞ്ഞു. പക്ഷേ സര്‍ക്കാരില്‍ നിന്ന് ഉടനടി പ്രതികരണമൊന്നും ലഭിച്ചില്ല.
ശ്രീലങ്കയുടെ സമുദ്ര കടമകള്‍ക്ക് അനുസൃതമായാണ് തങ്ങള്‍ രക്ഷാപ്രവര്‍ത്തനം നടത്തിയതെന്നും തലസ്ഥാനമായ കൊളംബോയില്‍ നിന്ന് 115 കിലോമീറ്റര്‍ (70 മൈല്‍) തെക്ക് ഗല്ലെയിലയിലെ പ്രധാന ആശുപത്രിയിലേക്ക് 32 ഇറാന്‍ നാവികരെ മാറ്റിയതായും നാവിക വക്താവ് ബുദ്ധിക സമ്പത്ത് പറഞ്ഞു. ഇന്ത്യന്‍ മഹാസമുദ്രത്തിലെ ഞങ്ങളുടെ തിരച്ചില്‍, രക്ഷാപ്രവര്‍ത്തന മേഖലക്കുള്ളില്‍ ആയതിനാല്‍, ഞങ്ങളുടെ അന്താരാഷ്ട്ര ബാധ്യതകള്‍ക്ക് കീഴിലുള്ള ദുരന്ത നിവാരണ ആഹ്വാനത്തോട് ഞങ്ങള്‍ പ്രതികരിച്ചുവെന്നും സമ്പത്ത് എ.എഫ്.പിയോട് ചൂണ്ടികാട്ടി.
മറ്റൊരു രാജ്യത്തിന്റെ സൈന്യം ഉള്‍പ്പെട്ടതിനാല്‍ രക്ഷാപ്രവര്‍ത്തനത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവിടുന്നില്ലെന്ന് ശ്രീലങ്കന്‍ നാവികസേനയും വ്യോമസേനയും അറിയിച്ചു. പരിക്കേറ്റ ഇറാനികളെ പ്രാദേശിക നാവികസേന ഗല്ലെ ആശുപത്രിയില്‍ എത്തിച്ചതിനാല്‍ ആശുപത്രിക്ക് പുറത്ത് പോലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.



