ബാങ്കോക്ക്– ഹുര്‍മുസ് കടലിടുക്കില്‍ തായ് ചരക്ക് കപ്പലിനു നേരെയുണ്ടായ ആക്രമണത്തില്‍ മൂന്ന് ജീവനക്കാരെ കാണാതായതായും മറ്റ് 20 പേരെ രക്ഷപ്പെടുത്തിയതായും തായ് നാവികസേന അറിയിച്ചു. ഹുര്‍മുസ് കടലിടുക്കില്‍ ചരക്ക് കപ്പല്‍ അടിയന്തിരാവസ്ഥ നേരിട്ടതായും ജീവനക്കാര്‍ക്ക് അടിയന്തിര സഹായം നല്‍കിയതായും തായ് നാവികസേന വ്യക്തമാക്കി. ഇന്ന് യു.എ.ഇ തീരത്തു വെച്ച് രണ്ടു ചരക്കു കപ്പലുകള്‍ക്കും ഹുര്‍മുസ് കടലിടുക്കില്‍ വെച്ച് തായ് ചരക്കു കപ്പലിനും നേരെ ഇറാന്‍ ആക്രമണം നടത്തിയിരുന്നു.
അതേസമയം, മാര്‍ച്ച് 8 മുതല്‍ ഇറാന്‍ കയറ്റുമതിയുമായി ബന്ധപ്പെട്ട അഞ്ച് കപ്പലുകള്‍ ഉള്‍പ്പെടെ ഏഴ് എണ്ണ ടാങ്കറുകള്‍ ഹുര്‍മുസ് കടലിടുക്കിലൂടെ കടന്നുപോയതായി അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്തു. ഇറാനെതിരെ ആക്രമണം നടത്താന്‍ അയല്‍ രാജ്യങ്ങളുടെ ഭൂപ്രദേശമോ പ്രദേശിക ജലാതിര്‍ത്തിയോ ഉപയോഗിക്കരുതെന്ന ഉപാധിയോടെ മിഡില്‍ ഈസ്റ്റിലെ സംഘര്‍ഷങ്ങള്‍ കുറക്കാന്‍ ഇറാന്‍ തയ്യാറാണെന്ന് ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്‍ പ്രസ്താവിച്ചു.



