ബുഷെഹർ– പശ്ചിമേഷ്യയിൽ യുദ്ധം അതിരൂക്ഷമാകുന്ന സാഹചര്യത്തിൽ ഇറാനിലെ ബുഷെഹർ ആണവനിലയം കടുത്ത സുരക്ഷാ ഭീഷണിയിലാണെന്ന് റഷ്യൻ സ്റ്റേറ്റ് ന്യൂക്ലിയർ കോർപ്പറേഷനായ റൊസാറ്റം മുന്നറിയിപ്പ് നൽകി. നിലയത്തിന് ഏതാനും കിലോമീറ്ററുകൾ മാത്രം അകലെ ശക്തമായ സ്ഫോടനശബ്ദങ്ങൾ കേൾക്കുന്നുണ്ടെന്ന് റൊസാറ്റം മേധാവി അലക്സി ലിഖാചേവ് അറിയിച്ചു. ആണവനിലയത്തെ നിലവിൽ നേരിട്ട് ലക്ഷ്യം വെച്ചിട്ടില്ലെങ്കിലും പരിസരപ്രദേശങ്ങളിൽ നടക്കുന്ന ആക്രമണങ്ങൾ വലിയ ആശങ്കയുണ്ടാക്കുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. റഷ്യയുടെ സഹായത്തോടെ ഇറാനിലെ തുറമുഖ നഗരമായ ബുഷെഹറിലാണ് ഈ ആണവനിലയം നിർമ്മിച്ചിരിക്കുന്നത്.
സ്ഥിതിഗതികൾ വഷളായതിനെത്തുടർന്ന് ശനിയാഴ്ചയോടെ നൂറോളം പേരെ റഷ്യ അവിടെനിന്നും ഒഴിപ്പിച്ചിരുന്നു. ഇതിൽ ജീവനക്കാരുടെ കുട്ടികളും അത്യാവശ്യമല്ലാത്ത സ്റ്റാഫുകളും ഉൾപ്പെടുന്നുണ്ട്. എന്നാൽ നിലയത്തിന്റെ പ്രവർത്തനത്തിനായി പ്രധാന ജീവനക്കാർ ഇപ്പോഴും അവിടെ തുടരുകയാണ്. സാഹചര്യം അനുകൂലമായാൽ അടുത്ത ഘട്ടമായി 150 മുതൽ 200 വരെ ആളുകളെ കൂടി ഉടൻ ഒഴിപ്പിക്കുമെന്നും ലിഖാച്ചേവ് കൂട്ടിച്ചേർത്തു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



