തെല്‍അവീവ്– മുന്‍ ഇറാന്‍ പരമോന്നത നേതാവ് അലി ഖാംനഇയും മുതിര്‍ന്ന ഉദ്യോഗസ്ഥരും ഉപയോഗിച്ചിരുന്ന വിമാനം തെഹ്റാനിലെ മെഹ്റാബാദ് വിമാനത്താവളത്തില്‍ നടത്തിയ വ്യോമാക്രമണത്തിലൂടെ തകര്‍ത്തതായി ഇസ്രായില്‍ സൈന്യം അറിയിച്ചു. കഴിഞ്ഞ ദിവസം രാത്രിയിലാണ് ഓപ്പറേഷന്‍ നടത്തിയതെന്ന് ഇസ്രായില്‍ സൈന്യം പ്രസ്താവനയില്‍ പറഞ്ഞു. അലി ഖാംനഇയും ഇറാന്‍ ഭരണകൂടത്തിലെ മുതിര്‍ന്ന സൈനിക, രാഷ്ട്രീയ ഉദ്യോഗസ്ഥരും ഉപയോഗിച്ചിരുന്ന വിമാനത്തെയാണ് കൃത്യമായ ആക്രമണത്തിലൂടെ ലക്ഷ്യമിട്ടത്. മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ യാത്രക്കായി ആഭ്യന്തര, അന്തര്‍ദേശീയ സര്‍വീസുകള്‍ക്ക് വിമാനം ഉപയോഗിച്ചിരുന്നു. സഖ്യകക്ഷികളുമായുള്ള ബന്ധം കൈകാര്യം ചെയ്യുന്നതിലും ആയുധ ഇടപാടുകള്‍ ഏകോപിപ്പിക്കുന്നതിലും വിമാനത്തിന് പങ്കുണ്ട്.
വിമാനം തകര്‍ത്തത് ഇറാന്‍ ഭരണകൂടത്തിന് തന്ത്രപരമായ നഷ്ടമാണ്. ഈ ആക്രമണം ഇറാന്‍ നേതാക്കള്‍ക്ക് സഖ്യകക്ഷികളുമായുള്ള സൈനിക, ലോജിസ്റ്റിക്കല്‍ ബന്ധങ്ങള്‍ കൈകാര്യം ചെയ്യാനുള്ള കഴിവിനെയും സൈനിക ശേഷികള്‍ പുനര്‍നിര്‍മ്മിക്കാനുള്ള ശ്രമങ്ങളെയും ദുര്‍ബലപ്പെടുത്തുമെന്ന് ഇസ്രായില്‍ സൈന്യം പ്രസ്താവനയില്‍ പറഞ്ഞു.
തെഹ്റാനിലെ ഏറ്റവും പഴയ വിമാനത്താവളങ്ങളില്‍ ഒന്നാണ് മെഹ്റാബാദ് എയര്‍പോര്‍ട്ട്. എയര്‍പോര്‍ട്ടില്‍ നിന്ന് ആഭ്യന്തര, പ്രാദേശിക വിമാന സര്‍വീസുകള്‍ നടത്തുന്നു. സിവിലിയന്‍ സ്വഭാവമാണെങ്കിലും ഇത് സൈനിക ആവശ്യങ്ങള്‍ക്കും ഉപയോഗിക്കുന്നുണ്ട്. ഇറാന്‍ വ്യോമസേനയുടെ ആസ്തികൾ ഇവിടെയാണ്.



