തെഹ്‌റാന്‍ – ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്‍ രാജിവെക്കുമെന്ന നിലക്ക് പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ പ്രസിഡന്റ് നിഷേധിച്ചു. പ്രസിഡന്റ് എന്നോണമുള്ള കടമകള്‍ നിര്‍വഹിക്കുന്നത് താന്‍ തുടരുകയാണെന്നും ഏത് സാഹചര്യത്തിനും തയ്യാറാണെന്നും ഇറാന്‍ പ്രസിഡന്റ് പറഞ്ഞു. ഇറാന്‍ ബുദ്ധിമുട്ടുകളും വെല്ലുവിളികളും നിറഞ്ഞ പാതയിലൂടെ സഞ്ചരിക്കുകയാണ്. പ്രതിസന്ധികളെ നേരിടാനുള്ള തന്റെ സര്‍ക്കാരിന്റെ സമീപനം ഇറാന്‍ പ്രസിഡന്റ് വ്യക്തമാക്കി. ഞങ്ങള്‍ പ്രശ്‌നങ്ങള്‍ ഇറാന്‍ ജനതക്ക് മുന്നില്‍ അതേപോലെ അവതരിപ്പിക്കുന്നു. നിലവിലുള്ള വെല്ലുവിളികളുടെ വ്യാപ്തിയെ കുറിച്ച് പൊതുജനങ്ങളോട് സുതാര്യത പുലര്‍ത്തേണ്ടത് അനിവാര്യമാണെന്നും പെസെഷ്‌കിയാന്‍ പറഞ്ഞു.
പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്റെ രാജി സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ ഇറാന്‍ പ്രസിഡന്‍ഷ്യല്‍ പാലസും നിഷേധിച്ചു. അദ്ദേഹം സാധാരണ പോലെ തന്റെ ചുമതലകള്‍ തുടരുന്നുണ്ടെന്ന് പ്രസിഡന്‍ഷ്യല്‍ പാലസ് വ്യക്തമാക്കി. പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്റെ രാജി സംബന്ധിച്ച പ്രചരിക്കുന്ന റിപ്പോര്‍ട്ടുകള്‍ അസത്യമാണെന്ന് ഇറാന്‍ വാര്‍ത്താ ഏജന്‍സിയായ തസ്‌നീം റിപ്പോര്‍ട്ട് ചെയ്തു. പെസെഷ്‌കിയാന്‍ രാജി സമര്‍പ്പിച്ചിട്ടില്ലെന്നും സാധാരണ പോലെ തന്റെ കര്‍ത്തവ്യങ്ങള്‍ നിര്‍വഹിക്കുന്നുണ്ടെന്നും വരാനിരിക്കുന്ന പരിപാടികള്‍ പതിവുപോലെ നടക്കുമെന്നും ഇറാന്‍ പ്രസിഡന്‍ഷ്യല്‍ പാലസ് വൃത്തങ്ങളെ ഉദ്ധരിച്ചാണ് ഏജന്‍സി റിപ്പോര്‍ട്ട്. രഹസ്യാന്വേഷണ വിവരങ്ങള്‍ ശേഖരിക്കാനും ഇറാനില്‍ ഭിന്നത സൃഷ്ടിക്കാനും ഇറാനിലെ സാമൂഹിക ഐക്യത്തെ തകര്‍ക്കാനുമായി ഈ കിംവദന്തികള്‍ കെട്ടിച്ചമച്ചതാണെന്ന് സ്രോതസ്സുകള്‍ കൂട്ടിച്ചേര്‍ത്തു.
പെസെഷ്‌കിയാന്റെ രാജി സംബന്ധിച്ച് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത നെറ്റ്വര്‍ക്കിന് വിശ്വാസ്യതയില്ലെന്ന് പ്രസിഡന്റിന്റെ സഹായി മെഹ്ദി തബതബായി പറഞ്ഞു. ഇറാന്‍ ജനത ഐക്യദാര്‍ഢ്യത്തിന്റെയും ചെറുത്തുനില്‍പ്പിന്റെയും പാതയില്‍ നിന്ന് വ്യതിചലിക്കാത്തതുപോലെ, ജനങ്ങളെ സേവിക്കുന്നതില്‍ നിന്ന് പെസെഷ്‌കിയാന്‍ ഒരു പടി പോലും പിന്നോട്ട് പോകില്ല. ശത്രുക്കള്‍ കോപത്താല്‍ മരിക്കും. ഇറാന്‍ ജനതയുടെ ദേശീയ ഐക്യം തകര്‍ക്കാനുള്ള അവരുടെ ആഗ്രഹം പൂര്‍ത്തീകരിക്കപ്പെടില്ലയെന്ന് മെഹ്ദി തബതബായി കൂട്ടിച്ചേര്‍ത്തു.
ഇറാനിലെ സങ്കീര്‍ണ്ണമായ രാഷ്ട്രീയ, സാമ്പത്തിക സാഹചര്യം കാരണം പെസെഷ്‌കിയാന്‍ സ്ഥാനമൊഴിയുകയോ രാജിവെക്കുകയോ ചെയ്‌തേക്കാമെന്ന് സൂചിപ്പിക്കുന്ന റിപ്പോര്‍ട്ടുകളും കിംവദന്തികളും കഴിഞ്ഞ മണിക്കൂറുകളില്‍ പ്രചരിച്ചിരുന്നു. സാമ്പത്തിക സ്ഥിതി, സമീപ മാസങ്ങളില്‍ രാജ്യം കണ്ട യുദ്ധത്തിന്റെ പ്രത്യാഘാതങ്ങള്‍, ഏതാനും വിവാദ വിഷയങ്ങളില്‍ അമേരിക്കയുമായി നടന്നുകൊണ്ടിരിക്കുന്ന പരോക്ഷ ചര്‍ച്ചകള്‍ എന്നിവ കാരണം ഇറാന്‍ ഗവണ്‍മെന്റ് സമ്മര്‍ദ്ദം നേരിടുന്നുണ്ട്.



