ഇറാൻ– ടെഹ്റാനുമായുള്ള ആണവ ചർച്ചകൾ പുനരുജ്ജീവിപ്പിക്കാൻ യുഎസ് ശ്രമിക്കുന്നതായി ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചി. ചർച്ചയ്ക്കുള്ള സാധ്യതകൾ പരിഗണിക്കുന്നുണ്ടെങ്കിലും ചർച്ച നടത്താൻ തന്റെ രാജ്യത്തിന് തിടുക്കമില്ലെന്നും അദ്ദേഹം പറഞ്ഞു. ചർച്ചകൾ പുനരാരംഭിക്കാൻ അമേരിക്കക്കാർ നിർബന്ധിക്കുന്നുവെന്നും ഇറാന് ഇത്തരത്തിൽ ഒന്നിലധികം സന്ദേശങ്ങൾ ലഭിച്ചിട്ടുണ്ടെന്നും അബ്ബാസ് അരഗ്ചി പറഞ്ഞു. ചർച്ചകളുടെ സമയം, സ്ഥലം, രീതി എന്നിവ വിലയിരുത്തിയ ശേഷമായിരിക്കും ടെഹ്‌റാൻ ചർച്ചക്ക് തയ്യാറാവുക. അശ്രദ്ധമായി ചർച്ചയിലേക്ക് കടക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ജൂൺ 13 ന് ഇറാന്റെ ആണവ നിലയങ്ങൾക്ക് നേരെ ഇസ്രായേൽ അപ്രതീക്ഷിത ആക്രമണം നടത്തിയതിനെത്തുടർന്ന് അരഗ്ചി മധ്യസ്ഥത വഹിച്ചിരുന്ന ഇറാനും യുഎസും തമ്മിലുള്ള ചർച്ച തകരുകയായിരുന്നു. ഇസ്രായേൽ ആക്രമണങ്ങളിൽ നിരവധി ഉന്നത സൈനിക, ആണവ ഉദ്യോഗസ്ഥർ കൊല്ലപ്പെടുകയും ജനസാന്ദ്രതയുള്ള നഗരപ്രദേശങ്ങളിലും ടെഹ്റാനിലെ എവിൻ ജയിലിലും ആക്രമണമുണ്ടാവുകയും ചെയ്തു. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി തിങ്കളാഴ്ച അത്താഴവിരുന്ന് നടത്തിയതിന് പിന്നാലെയാണ് അരഗ്ചിയുടെ പരാമർശം. ഇറാനുമായുള്ള കൂടിക്കാഴ്ച ഈ ആഴ്ചക്കുള്ളിൽ പ്രതീക്ഷിക്കുന്നതായി യുഎസ് പ്രതിനിധി സംഘത്തെ നയിച്ച സ്റ്റീവ് വിറ്റ്കോഫ് പറഞ്ഞു. ചർച്ചകൾ വിജയിച്ചില്ലെങ്കിൽ ഇറാനെ വീണ്ടും ആക്രമിക്കില്ലെന്ന് ഉറപ്പ് നൽകേണ്ടതുണ്ടെന്നും അരഗ്ചി പറഞ്ഞു.