തെഹ്‌റാന്‍ – ഇറാനില്‍ സൈനിക ഇടപെടല്‍ നടത്തിയാല്‍ അമേരിക്ക കനത്ത വില നല്‍കേണ്ടിവരുമെന്ന് ഇറാന്‍ കരസേനാ കമാന്‍ഡര്‍ ജനറല്‍ അലി ജഹാന്‍ഷാഹി മുന്നറിയിപ്പ് നല്‍കി. ഇറാനെതിരായ ആക്രമണത്തിന് കരസേനയെ ഉപയോഗിക്കാനുള്ള യു.എസ് ഓപ്ഷനുകളെ കുറിച്ചുള്ള റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തിലാണ് ഇറാന്‍ കരസേനാ കമാന്‍ഡറുടെ മുന്നറിയിപ്പ്. കരയുദ്ധം കൂടുതല്‍ അപകടകരവും ചെലവേറിയതുമാകുമെന്ന് ജഹാന്‍ഷാഹി പറഞ്ഞു. അതിര്‍ത്തികളിലെ എല്ലാ നീക്കങ്ങളും ഇറാന്‍ നിരീക്ഷിക്കുന്നുണ്ട്. ഏത് സാഹചര്യത്തിനും സൈന്യം തയ്യാറാണെന്നും ജഹാന്‍ഷാഹി വ്യക്തമാക്കി.
വെടിനിര്‍ത്തല്‍ ചര്‍ച്ചകളില്‍ പുരോഗതിയുണ്ടായില്ലെങ്കില്‍ ഇറാനെതിരായ സൈനിക ആക്രമണം ഗണ്യമായി വര്‍ധിക്കുമെന്ന് യു.എസ് സ്രോതസ്സുകള്‍ വെളിപ്പെടുത്തിയിട്ടുണ്ട്. ഹുര്‍മുസ് കടലിടുക്ക് ഇറാന്‍ അടച്ചിട്ടാലും സൈനിക നടപടികള്‍ വര്‍ധിക്കുമെന്ന് സ്രോതസ്സുകള്‍ സൂചിപ്പിച്ചു. കരസേനയെ ഉപയോഗിക്കലും ഇറാന്റെ വിവിധ ഭാഗങ്ങളില്‍ വലിയ തോതിലുള്ള ബോംബാക്രമണവും ഖാര്‍ഗ് ദ്വീപ് പിടിച്ചെടുക്കലും ഉപരോധിക്കലും പെന്റഗണിന്റെ ഓപ്ഷനുകളില്‍ ഉള്‍പ്പെടുന്നതായി സ്രോതസ്സുകള്‍ സ്ഥിരീകരിച്ചു. ഇറാന് നിര്‍ണായക പ്രഹരം ഏല്‍പ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള സൈനിക ഓപ്ഷനുകള്‍ വികസിപ്പിക്കാന്‍ പെന്റഗണ്‍ തയ്യാറെടുക്കുന്നുണ്ടെന്ന് ബന്ധപ്പെട്ടവര്‍ പറഞ്ഞു.



