തെഹ്‌റാൻ– അമേരിക്കയുമായുള്ള നയതന്ത്ര സംഘർഷം മുറുകുന്നതിനിടെ ലോകമെമ്പാടുമുള്ള ഇന്റർനെറ്റ്, ഡാറ്റാ കൈമാറ്റ സേവനങ്ങൾ തടസ്സപ്പെടുത്തുമെന്ന മുന്നറിയിപ്പുമായി ഇറാൻ. ആഗോളതലത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഇന്റർനെറ്റ് ആശയവിനിമയ റൂട്ടുകളിലൊന്നായ അറേബ്യൻ ഉൾക്കടലിലെ കടലിനടിയിലുള്ള കേബിളുകൾ വിച്ഛേദിക്കുമെന്നാണ് ഇറാൻ ഭീഷണി മുഴക്കിയിരിക്കുന്നത്. ഹുർമുസ് കടലിടുക്ക് വീണ്ടും തുറന്നില്ലെങ്കിൽ ഇറാന്റെ വൈദ്യുതി നിലയങ്ങളും പാലങ്ങളും ബോംബിട്ട് തകർക്കുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഇറാന്റെ ഈ നീക്കം.
വൈദ്യുതി ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ ആക്രമിക്കുമെന്ന അമേരിക്കയുടെ ഭീഷണി യുദ്ധക്കുറ്റങ്ങൾ ചെയ്യുമെന്നതിന്റെ വ്യക്തമായ കുറ്റസമ്മതമാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഖ്ജി പറഞ്ഞു. റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവുമായി നടത്തിയ ഫോൺ സംഭാഷണത്തിലാണ് അദ്ദേഹം ഇക്കാര്യം സൂചിപ്പിച്ചത്. സൈനിക നടപടികൾ ആരംഭിച്ചതു മുതൽ ഇറാന്റെ വ്യവസായ, ഊർജ്ജ, വിദ്യാഭ്യാസ, മെഡിക്കൽ, ആണവ അടിസ്ഥാന സൗകര്യങ്ങൾക്കെതിരെ അമേരിക്ക ആക്രമണം അഴിച്ചുവിടുകയാണെന്ന് ഇറാൻ വിദേശ മന്ത്രാലയം ആരോപിച്ചു.
ഇറാൻ സ്ഥാപനങ്ങൾക്കെതിരായ അമേരിക്കൻ ആക്രമണങ്ങളെ ഉടൻ അപലപിക്കണമെന്ന് യു.എൻ രക്ഷാസമിതിയോടും അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസിയോടും അറാഖ്ജി ആവശ്യപ്പെട്ടു. തങ്ങളുടെ അടിസ്ഥാന സൗകര്യങ്ങൾ ലക്ഷ്യമിടുന്നവർക്ക് കനത്ത തിരിച്ചടി നൽകുമെന്ന് മുന്നറിയിപ്പ് നൽകിയ ഇറാൻ, കടലിനടിയിലെ കേബിളുകൾ വിച്ഛേദിക്കുന്നതിലൂടെ ആഗോളതലത്തിൽ വലിയ രീതിയിലുള്ള ആശയവിനിമയ പ്രതിസന്ധി സൃഷ്ടിക്കാനുള്ള സാധ്യതയെക്കുറിച്ചുള്ള ആശങ്കകൾ വർധിപ്പിച്ചിരിക്കുകയാണ്.



